മോഹൻലാൽ അമേരിക്കയിൽ

Saturday 23 August 2025 6:32 AM IST

സ്റ്രേജ് ഷോ ആഗസ്റ്റ് 29 മുതൽ സെപ്തംബർ 1 വരെ

സൂപ്പർതാരം മോഹൻലാലും സംഘവും ഒരാഴ്ച നീണ്ടുനില്ക്കുന്ന അമേരിക്കൻ പര്യടനത്തിന് പുറപ്പെടുന്നു. ആഗസ്റ്റ് 29 മുതൽ സെപ്തംബർ 1 വരെ അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ കിലുക്കം 25 സെലിബ്രേറ്റിംഗ് മോഹൻലാൽ വിത്ത് സ്റ്റീഫൻ ദേവസി എന്ന ഗാനനൃത്തഹാസ്യ വിരുന്ന് അരങ്ങേറും. മോഹൻലാലിനും സ്റ്റീഫൻ ദേവസ്സിക്കുമൊപ്പം തുടരും സിനിമയിൽ ജോർജ്ജ് സാർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് കയ്യടി നേടിയ പ്രകാശ് വർമ്മ, ഭാമ, രമ്യ നമ്പീശൻ, നോബി, രമ്യ പണിക്കർ തുടങ്ങിയവരും ഷോയുടെ ഭാഗമാകുന്നുണ്ട്. ഏറെക്കാലങ്ങൾക്ക് ശേഷമാണ് മോഹൻലാൽ കലാപരിപാടികളവതരിപ്പിക്കാൻ അമേരിക്കയിലെത്തുന്നത്.വിൻഡ്സർ എന്റർടെയ്ൻമെന്റ്സും വിൻഡ്സർ ഹോം ലെൻഡിങ്ങും ചേർന്ന് സംഘടിപ്പിക്കുന്ന ഷോയുടെ ആദ്യ അവതരണം ആഗസ്റ്റ് 29 ന് ഹൂസ്റ്റണിലെ ഫോർട്ട് ബെൻഡ് കൗണ്ടി എപ്പിസെന്ററിൽ നടക്കും. അതേസമയം

ദൃശ്യം 3 ആണ് ചിത്രീകരണം ആരംഭിക്കാൻ ഒരുങ്ങുന്ന മോഹൻലാൽ ചിത്രം. സെപ്തംബർ 20ന് ശേഷം ദൃശ്യം 3 തൊടുപുഴയിൽ ആരംഭിക്കും. മീന, എസ്‌തർ, അൻസിബ ഉൾപ്പെടുന്ന താരങ്ങൾ എല്ലാം ദൃശ്യം 3ൽ അണിനിരക്കുന്നുണ്ട്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് നിർമ്മാണം.

രജനികാന്ത് ജയിലർ 2 മോഹൻലാലിനെ കാത്തിരിപ്പുണ്ട്. നടൻ ഡാൻ ഓസ്‌റ്റിൻ തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് അടുത്ത വർഷം ആദ്യം മോഹൻലാൽ അഭിനയിക്കുക. എൽ 365 എന്നു താത്‌കാലികമായി പേരിട്ട ചിത്രത്തിൽ പൊലീസ് വേഷത്തിലാണ് മോഹൻലാൽ എത്തുക. ആഷിഖ് ഉസ്‌മാൻ പ്രൊഡക്‌ഷൻസിന്റെ ബാനറിൽ ആദ്യമായി മോഹൻലാൽ അഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. രതീഷ് രവി ആണ് രചന.