ഹൃദയപൂർവ്വത്തിൽ അതിഥി വേഷത്തിൽ മീര ജാസ്‌മിനും ബേസിലും
ഹൃദയപൂർവ്വം എന്ന മോഹൻലാൽ - സത്യൻ അന്തിക്കാട് ചിത്രത്തിൽ അതിഥി വേഷത്തിൽ മീര ജാസ്‌മിനും ബേസിൽ ജോസഫും. ഇതാദ്യമായാണ് ബേസിൽ ജോസഫ് സത്യൻ അന്തിക്കാട് ചിത്രത്തിന്റെ ഭാഗമാകുന്നത്. നേരത്തേ ചിത്രത്തിലേക്ക് മുഴുനീള വേഷത്തിൽ ബേസിലിനെ പരിഗണിച്ചതാണ്. എന്നാൽ, ഡേറ്റ് ക്ളാഷ് മൂലം സാധിച്ചില്ല. സത്യൻ അന്തിക്കാട് ചിത്രങ്ങളിൽ സൂപ്പർ നായികയായി മീര ജാസ്‌മിൻ തിളങ്ങിയിട്ടുണ്ട്. മീര ജാസ്മിന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നാണ് അച്ചുവിന്റെ അമ്മയിലെ അച്ചു.
മോഹൻലാൽ - സത്യൻ അന്തിക്കാട് കൂട്ടുകെട്ടിൽ പിറന്ന രസതന്ത്രം, ഇന്നത്തെ ചിന്താവിഷയം എന്നീ ചിത്രങ്ങളിലും മീര ജാസ്‌മിൻ ആയിരുന്നു നായിക.
ജയറാം നായകനായി സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മകൾ സിനിമയിലും മീര ആയിരുന്നു നായിക. പൂമരത്തിലെ അതിഥി വേഷത്തിനുശേഷം മീര ജാസ്‌മിന്റെ തിരിച്ചുവരവ് കൂടിയായിരുന്നു മകൾ. ജൂലിയറ്റ് എന്ന കഥാപാത്രത്തെയാണ് മീര അവതരിപ്പിച്ചത്. അകാലത്തിൽ വിടപറഞ്ഞ പ്രശസ്ത ഗായകനും നടനുമായ എസ്. പി. ബാലസുബ്രഹ്മണ്യത്തിന്റെ മകൻ എസ്, പി. ചരൺ ഹൃദയപൂർവ്വത്തിലൂടെ അഭിനേതാവായി മലയാളത്തിലും എത്തുകയാണ്. അതേസമയം ഓണം റിലീസായി ആഗസ്റ്റ് 28ന് തിയേറ്ററിൽ എത്തുന്ന ഹൃദയപൂർവത്തിൽ മാളവിക മോഹനൻ ആണ് നായിക.