ഓൺലൈൻ ചൂതിന് വിലങ്ങു വീഴുന്നു

Saturday 23 August 2025 4:45 AM IST

ഓൺലൈൻ ചൂതാട്ടത്തിനടിമപ്പെട്ട് ലക്ഷങ്ങളുടെ നഷ്ടംവരുത്തി ആത്മഹത്യ ചെയ്‌തിട്ടുള്ള ചെറുപ്പക്കാരായ യുവതീയുവാക്കളുടെ എണ്ണം നമ്മുടെ രാജ്യത്ത് കുറവല്ല. പണമുണ്ടാക്കാനുള്ള കുറുക്കുവഴിയായി ഓൺലൈൻ ഗെയിമുകളിൽ ആകൃഷ്ടരാകുന്ന ചെറുപ്പക്കാർ വളരെ പെട്ടെന്നാണ് അതിന്റെ മോഹവലയത്തിൽപ്പെട്ട് രക്ഷപ്പെടാനാവാത്തവിധം തകർന്നുപോകുന്നത്. എല്ലാം ഓൺലൈൻ ആപ്പുകൾ മുഖേന ആയതിനാൽ പണം നൽകുന്നവരും വാങ്ങുന്നവരും ഒരിക്കലും മുഖാമുഖം വരുന്നില്ല. പല തവണ ഇത് നിരോധിക്കാൻ കേന്ദ്രം ശ്രമിച്ചിരുന്നെങ്കിലും വിജയിച്ചിരുന്നില്ല. ഇപ്പോൾ ഓൺലൈൻ ഗെയിമുകൾ രാജ്യത്ത് പൂർണമായി നിരോധിക്കാനുള്ള ബിൽ ലോക്‌സഭയും രാജ്യസഭയും പാസാക്കിയിരിക്കുകയാണ്. ഇനി രാഷ്ട്രപതി ഒപ്പിടുന്നതോടെ ബിൽ നിയമമാകും. ഇതോടെ നമ്മുടെ ആധുനിക സമൂഹത്തെ ഗ്രസിച്ചിരുന്ന ഒരു വലിയ വിപത്താണ് ഒഴിഞ്ഞുപോകുക.

2023-ൽ ഓൺലൈൻ ഗെയിം രംഗത്തിന് സ്വയം നിയന്ത്രണം ഏർപ്പെടുത്താനുള്ള ചട്ടം കേന്ദ്രം പുറത്തിറക്കിയിരുന്നു. ഓൺലൈൻ ചൂതാട്ടം, വാതുവയ്‌പ് എന്നിവ വിലക്കാൻ വ്യവസ്ഥ ഉണ്ടായിരുന്നെങ്കിലും പണം ഉൾപ്പെട്ട മണി ഗെയിമുകൾക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നില്ല. അതിനാൽത്തന്നെ ഈ നീക്കം വിജയിച്ചില്ല. ഗെയിം ഒഫ് സ്‌കിൽ, ഗെയിം ഒഫ് ചാൻസ് എന്നീ രണ്ടു തരത്തിലുള്ള കളികളാണ് വാതുവയ്‌പ് കമ്പനികൾ നടത്തിയിരുന്നത്. ഭാഗ്യത്തെ ആശ്രയിച്ചുള്ള ചൂതാട്ടമാണ് ഗെയിം ഒഫ് ചാൻസിൽ വരുന്നത്. കളിക്കുന്നയാളിന്റെ മിടുക്കിനെ ആശ്രയിച്ച് ഫലം നൽകുന്നതാണ് ഗെയിം ഒഫ് സ്‌കിൽ. കോടതി ഗെയിം ഒഫ് ചാൻസ് നിരോധിച്ചെങ്കിലും ഗെയിം ഒഫ് സ്‌കിൽ നിരോധിച്ചിരുന്നില്ല. ഇതാണ് കേന്ദ്ര സർക്കാരിന് ഇവരെ നിരോധിക്കാൻ കഴിയാതിരുന്നത്. കുറവുകൾ പരിഹരിച്ച് പിഴവറ്റ ബില്ലാണ് ഇപ്പോൾ ഇരു സഭകളും പാസാക്കിയിരിക്കുന്നത്.

ഓൺലൈൻ മണി ഗെയിം എന്ന ഒറ്റ നിർവചനാണ് പുതിയ ബില്ലിലുള്ളത്. അതായത് മിടുക്ക് ഉപയോഗിച്ചാണെങ്കിലും ചാൻസ് ഉപയോഗിച്ചാണെങ്കിലും പണമിറക്കി കൂടുതൽ പണം നേടുന്ന ഏതൊരു ഗെയിമും ഇനി നടത്താനാകില്ല.

ഇന്ത്യയിൽ ഡ്രീം 11, എം.പി.എൽ, പോക്കർ ബാസി തുടങ്ങിയ കമ്പനികളാണ് പ്രധാനമായും ഈ രംഗത്ത് പ്രവർത്തിച്ചിരുന്നത്. ഇത് നിരോധിച്ചതിലൂടെ കേന്ദ്ര സർക്കാരിന് 20,000 കോടി വരെ നികുതി കുറയാം. ഇതിനു പുറമേ ഇത്തരം കമ്പനികളിൽ പ്രവർത്തിച്ചിരുന്ന നിരവധി പേർക്ക് ജോലിയും നഷ്ടപ്പെടാം. ഇതൊക്കെയാണെങ്കിലും പുതുതലമുറയെ വഴിതെറ്റിക്കുകയും അടിമകളാക്കി മാറ്റുകയും ചെയ്യുന്ന ചൂതാട്ടങ്ങൾക്ക് തിരശ്ശീലയിടുന്നതു തന്നെയാണ് നല്ലത്. ഇന്ത്യൻ കമ്പനികൾ പൂട്ടുന്നതിന്റെ ഗുണം ചൈനയിലെയും മറ്റ് വിദേശ രാജ്യങ്ങളിലെയും അനധികൃത പ്ളാറ്റ്‌ഫോമുകൾ കൊണ്ടുപോകാതിരിക്കാനുള്ള ജാഗ്രതയും സർക്കാർ പുലർത്തണം.

പുതിയ നിയമം നിലവിൽ വരുന്നതോടെ ഇത്തരം ഗെയിമുകൾ നടത്തുന്നതായി കണ്ടെത്തിയാൽ അതുമായി ബന്ധപ്പെട്ട പണമിടപാടുകൾക്ക് സൗകര്യമൊരുക്കുന്ന ധനകാര്യ സ്ഥാപനങ്ങൾക്കും നടത്തിപ്പുകാർക്കും മൂന്നുവർഷം വരെ തടവോ ഒരു കോടി രൂപ വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കാം. ആവർത്തിച്ചുള്ള നിയമലംഘനങ്ങൾക്ക് കൂടുതൽ കനത്ത ശിക്ഷയും ലഭിക്കുന്നതായിരിക്കും. ഇതു കൂടാതെ നിരോധനം ലംഘിച്ച് തുടരുന്ന പ്ളാറ്റ്‌ഫോമുകൾ ഐ.ടി നിയമത്തിലെ 69-എ വ്യവസ്ഥ ഉപയോഗിച്ച് ബ്ളോക്ക് ചെയ്യാനുമാകും. അതിവേഗം വളർന്നുകൊണ്ടിരുന്ന ഓൺലൈൻ ഗെയിമിംഗ് മേഖലയെ നിയന്ത്രിക്കാൻ പുതിയ നിയമം വരുന്നതോടെ കേന്ദ്ര സർക്കാരിന് കഴിയുമെന്ന് പ്രതീക്ഷിക്കാം.