ധർമ്മശുദ്ധിയുടെ രാഷ്ട്രീയ പാഠം

Saturday 23 August 2025 4:47 AM IST

രാഷ്ട്രീയനേതാക്കൾക്ക് എതിരായ ആരോപണങ്ങൾ ഇരുതലമൂർച്ചയുള്ളവയാണ്. ആരോപണം നേരിടുന്നയാളെ മാത്രമല്ല, അവർ അംഗമായ പ്രസ്ഥാനത്തെക്കൂടി അത് പ്രതിരോധത്തിലാക്കും. ഉയരുന്നത് ലൈംഗിക ആരോപണമാണെങ്കിൽ, അത് തൊടുക്കപ്പെടുന്ന നിമിഷം മുതൽ ആരോപിതനും രാഷ്ട്രീയ പാർട്ടിയും നാണക്കേടിലാവുകയും ചെയ്യും. പൊതുപ്രവർത്തകർക്കെതിരെ അഴിമതി ആരോപണങ്ങളും ലൈംഗികാരോപണങ്ങളും പുതിയതല്ല. പലതും,​ വ്യക്തമായ രാഷ്ട്രീയ ഉദ്ദേശ്യങ്ങളോടെ ചമയ്ക്കപ്പെടുന്ന കഥകൾ മാത്രമാണെന്ന് പിന്നീട് തെളിഞ്ഞ അനുഭവങ്ങളുമുണ്ട്. പാലക്കാട് എം.എൽ.എയും,​ കോൺഗ്രസിന്റെ യുവനിരയിലെ കരുത്തന്മാരിൽ ശ്രദ്ധേയനും,​ യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷനുമായിരുന്ന രാഹുൽ മാങ്കൂട്ടത്തിലിനു നേരെ ഉയർന്ന ലൈംഗികാരോപണങ്ങളുടെ സത്യസ്ഥിതിയെക്കുറിച്ച് ആർക്കും തീർച്ചയൊന്നുമില്ല. എന്തായാലും,​ ആരോപണവുമായി ബന്ധപ്പെട്ട് തന്റെ പേര് പുറത്തുവന്ന് മണിക്കൂറുകൾക്കകം സംഘടനാ പദവി രാഹുൽ രാജിവച്ചു. ന്യായങ്ങൾ നിരത്തി പിടിച്ചുനിൽക്കാൻ ശ്രമിക്കാതെ പദവിയിൽ നിന്ന് മാറിനിൽക്കാനുള്ള അദ്ദേഹത്തിന്റെ തീരുമാനം ഏറ്റവും ഉചതമായി.

രാഹുലിന് എതിരായ ലൈംഗികാരോപണങ്ങളുടെ വെടിക്കെട്ടിന് തിരി കത്തിയത് 'കൗമുദി" യുട്യൂബ് ചാനലിൽ യുവനടി നടത്തിയ ഗുരുതര പരാമർശങ്ങളിൽ നിന്നാണ്. ഒരു യുവനേതാവ് തനിക്ക് ദുരുദ്ദേശ്യത്തോടെ വാട്സ്ആപ്പ് സന്ദേശങ്ങൾ അയയ്ക്കുന്നെന്നും,​ ഉന്നതനായതിനാൽ പാർട്ടിയോട് പരാതിപ്പെട്ടിട്ടും ഫലമുണ്ടായില്ലെന്നുമായിരുന്നു പരാമർശം. പല വനിതാ നേതാക്കൾക്കും ഇയാളിൽ നിന്ന് ദുരനുഭവമുണ്ടെന്നു കൂടി നടി ആരോപിച്ചതോടെ ആൾ ആരെന്ന ഊഹാപോഹങ്ങളായി പിന്നീട്. പിറ്റേന്നു രാവിലെയാണ്,​ രാഹുൽ മാങ്കൂട്ടത്തലിന്റെ പേര് വെളിപ്പെടുത്തിക്കൊണ്ട് മറ്രൊരു വനിത രംഗത്തെത്തിയത്. അതോടെ,​ ഗർഭച്ഛിദ്രത്തിന് യുവതിയെ നിർബന്ധിച്ചെന്ന തരത്തിലുള്ള ശബ്ദസംഭാഷണം,​ അശ്ലീല ചാറ്റുകളുടെ സ്ക്രീൻ ഷോട്ടുകൾ... അങ്ങനെ ആയുധങ്ങൾ ഒന്നൊന്നായി രംഗത്തുവന്നു. ഗത്യന്തരമില്ലാതെ കെ.പി.സി.സി അദ്ധ്യക്ഷൻ തന്നെ എ.ഐ.സി.സി നേതൃത്വത്തെ വിവരം അറിയിക്കുകയും,​ ഹൈക്കമാൻഡ് നിർദ്ദേശപ്രകാരം രാഹുലിന്റെ രാജി ആവശ്യപ്പെടുകയും ആയിരുന്നുവെന്നാണ് കരുതപ്പെടുന്നത്.

അതേസമയം,​ സി.പി.എമ്മിനെതിരായി പ്രതിപക്ഷം സംസ്ഥാനത്ത് പ്രക്ഷോഭം ശക്തമാക്കുന്ന ഘട്ടത്തിൽ തന്നെ ന്യായീകരിക്കേണ്ട അധികബാദ്ധ്യത പ്രവർത്തർക്കുണ്ടാകരുതെന്നു കരുതി രാജിവയ്ക്കുന്നതായാണ് രാഹുലിന്റെ വിശദീകരണം. രാഹുലിന്റെ രാജിക്കു ശേഷമുള്ള കോൺഗ്രസിലെ രാഷ്ട്രീയകാര്യങ്ങൾ മാറ്റിവയ്ക്കാം. വീണുകിട്ടിയ അവസരം ഭരണപക്ഷം എങ്ങനെയെല്ലാം ഉപയോഗിക്കുമെന്നതും രാഷ്ട്രീയകാര്യം. അഴിമതി ഉൾപ്പെടെ മറ്റ് ഏതു കേസിലും കുറ്റം തെളിയിക്കേണ്ട ഉത്തരവാദിത്വം അത് ആരോപിച്ചയാൾക്കാണ് എന്നിരിക്കെ,​ ലൈംഗികാരോപണങ്ങളിൽ നിരപരാധിത്വം തെളിയിക്കേണ്ട ബാദ്ധ്യത കുറ്റാരോപിതനായ പുരുഷനാണ്! അതായത്,​ ഇപ്പോൾ ആരോപിക്കപ്പെടുന്നതു പോലെ,​ ഒരു പൊതുപ്രവർത്തകനിൽ നിന്ന് ഉണ്ടാകാൻ പാടില്ലാത്ത വിധത്തിലുള്ള പെരുമാറ്റവും ചെയ്തികളും തന്റെ ഭാഗത്തുനിന്ന് സംഭവിച്ചിട്ടില്ല എന്ന് നിയമസംവിധാനത്തിനും പൊതുസമൂഹത്തിനും മുന്നിൽ തെളിയിക്കേണ്ട ബാദ്ധ്യത രാഹുൽ മാങ്കൂട്ടത്തിനുണ്ട്. ആ ബാദ്ധ്യത അദ്ദേഹം ഏറ്റെടുത്തതും നല്ല കാര്യം. അരോപണങ്ങൾ അന്വേഷിക്കാൻ പാർട്ടി നിയോഗിച്ച കമ്മിറ്റിയുടെ കണ്ടെത്തലുകളാണ് ഇനി അറിയേണ്ടത്.

ജനസേവകരായ പൊതുപ്രവർത്തകരിൽ നിന്ന് സമൂഹം പ്രതീക്ഷിക്കുന്ന ചില ധാർമ്മികതകളും മാന്യതകളുമുണ്ട്. അത് നൂറുശതമാനം ആത്മാർത്ഥതയോടെ കൊണ്ടുനടക്കാൻ ജനപ്രതിനിധികൾ ബാദ്ധ്യസ്ഥരുമാണ്. ഇപ്പോൾ,​ എം.എൽ.എ സ്ഥാനത്തുനിന്ന് രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജി ആവശ്യപ്പെടുന്ന ഭരണപക്ഷത്തു നിന്നുതന്നെയുള്ള ജനപ്രതിനിധിയും സമാന ആരോപണം നേരിട്ടിട്ടുണ്ടെന്നത് ജനം മറന്നിട്ടില്ല. ജനപ്രതിനിധി സ്ഥാനം രാജിവയ്ക്കുന്നതിൽ ധാർമ്മികതയുടെ വിഷയം ഒരാൾക്കു മാത്രം ബാധകമാകുന്നത് എങ്ങനെ?​ മാത്രമല്ല,​ രാഷ്ട്രീയാടിസ്ഥാനത്തിൽ നടന്ന ഒരു തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷ ഹിതമനുസരിച്ച് കൈവരുന്ന ഒരു പദവി,​ അയാൾക്കു നേരെയുണ്ടാകുന്ന ഏതെങ്കിലും

ആരോപണം കോടതികളിൽ തെളിയിക്കപ്പെടുന്നതിനു മുമ്പുതന്നെ ഒഴിയണമെന്ന് ശാഠ്യംപിടിക്കുന്നതും ശരിയല്ല. പൊതുരംഗത്തെ സംശുദ്ധിയും വ്യക്തിപരമായ മൂല്യബോധവും ധാർമ്മികതയും മാന്യതയുമൊക്കെ ഉൾപ്പെട്ട വിഷയമാണ് ഇത്. ധർമ്മശുദ്ധിയുടെ പാഠങ്ങൾ തുടങ്ങേണ്ടത് അവനവനിൽ നിന്നുതന്നെയാണ്.