ഓണം ഒരുങ്ങാൻ കുടുംബശ്രീയും
കോട്ടയം : ഓണമെത്താൻ ആഴ്ചകൾ മാത്രം ശേഷിക്കെ മായമില്ലാത്ത വിഭവങ്ങളൊരുക്കുന്ന തിരക്കിലാണ് കുടുംബശ്രീ പ്രവർത്തകർ. കഴിഞ്ഞ വർഷത്തെപ്പോലെ ഇക്കുറിയും ഓണം ഫെയർ ഗംഭീരമാക്കാനാണ് തീരുമാനം. ജില്ലാ ഫെയർ ചങ്ങനാശേരിയിലും തദ്ദേശസ്ഥാപനങ്ങളിലെ ഫെയറുകൾ അതത് ഗ്രാമപരിധിയിലുമാണ് ഒരുക്കുക. ജില്ലയിലെ 78 സി.ഡി.എസുകളുടെ നേതൃത്വത്തിലാണ് ഫെയർ. ഈ മാസം 30 മുതൽ സെപ്തംബർ നാലുവരെയാണ് മേള. മായം കലരാത്ത കറി പൗഡറും ഉപ്പേരിയും അച്ചാറും പച്ചക്കറികളുമൊക്കെ കുടുംബശ്രീ യൂണിറ്റുകൾ ഒരുക്കുന്നുണ്ട്. ബ്ലോക്ക് ഭാരവാഹികളുടെ കീഴിലാണ് ഫെയറിന്റെ പ്രവർത്തനം. 20,000 രൂപവീതമാണ് ഓരോ ഫെയറിനും ചെലവിനായി നൽകുന്നത്. ബ്ലോക്ക് കോ-ഓർഡിനേറ്ററുടെ നേതൃത്വത്തിലാണ് മേളയ്ക്കാവശ്യമായ ഉത്പന്നങ്ങളുടെ പട്ടിക തയ്യാറാക്കുന്നത്. ആവശ്യമുള്ളയിടങ്ങളിലേയ്ക്ക് ജില്ലാ കോ-ഓർഡിനേറ്ററുടെ നേതൃത്വത്തിൽ സാധനങ്ങളെത്തിക്കും. വാഴയിലമുതൽ രണ്ടുകൂട്ടം പായസംവരെ ഇരുപതിലേറെ വിഭവങ്ങളുമായാണ് കുടുംബശ്രീയുടെ ഓണസദ്യയും ഇത്തവണ വീട്ടിലെത്തും. ഇഷ്ടമുള്ള വിഭവങ്ങളും പായസവും തിരഞ്ഞെടുക്കാമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത.
ഫെയറിൽ
ഉപ്പേരി, പപ്പടം, സദ്യ, പായസം വെളിച്ചെണ്ണ പൊടികൾ, പച്ചക്കറികൾ മറ്റ് ഭക്ഷ്യോത്പ്പന്നങ്ങൾ, കരകൗശല വസ്തുക്കൾ, വസ്ത്രങ്ങൾ.
ആകെ 155 ചന്തകൾ
ഒരു പഞ്ചായത്തിൽ രണ്ട് ഫെയറുകൾ
ജില്ലാ ഫെയർ ചങ്ങനാശേരിയിൽ
'' ഭക്ഷ്യോത്പന്നങ്ങൾക്കുള്ള സാധനങ്ങൾ എല്ലായിടത്തും തയ്യാറാണ്. ജില്ലയിലെ എല്ലാ യൂണിറ്റുകളും ഓണവിപണി ലക്ഷ്യമിട്ടുള്ള ഒരുക്കത്തിലാണ്.
ജോബി ജോൺ, മാർക്കറ്റിംഗ് മാനേജർ കുടുംബശ്രീ