ആരും നിയമത്തിന് അതീതരല്ല,​ ജയിലിൽ കഴിയുമ്പോൾ പോലും ചിലർ അധികാരം ആസ്വദിക്കുന്നെന്ന് നരേന്ദ്രമോദി

Friday 22 August 2025 8:28 PM IST

ന്യൂഡൽഹി" ജയിലിൽ കിടന്ന് ആരും ഭരിക്കേണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുരുതര കുറ്റകൃത്യങ്ങളുടെ പേരിൽ അറസ്റ്റ് ചെയ്യപ്പെട്ട് ഒരു മാസം ജയിലിൽ കിടന്നാൽ പ്രധാനമന്ത്രി, മുഖ്യമന്ത്രി, കേന്ദ്രസംസ്ഥാന മന്ത്രിമാർ എന്നിവരെ നീക്കംചെയ്യാൻ വ്യവസ്ഥചെയ്യുന്ന ബില്ലിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു പ്രധാനമന്ത്രി. അഴിമതിക്കെതിരേ പോരാടുന്നതിനാണ് അത്തരം നിയമനിർമാണം അവതരിപ്പിച്ചിരിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. ബിഹാറിൽ നടന്ന ഒരു പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു മോദി. ബില്ല് കൊണ്ടുവന്നതിൽ ഞെട്ടിയത് അഴിമതിക്കാരാണെന്നും ബിൽ പാസായാൽ ഇത്തരം അഴിമതിക്കാരുടെ മന്ത്രിസ്ഥാനം പോകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഇന്ന് ആരും നിയമത്തിന് അതീതരായിരിക്കരുത്. എന്നാൽ ചില മുഖ്യമന്ത്രിമാർ, മന്ത്രിമാർ, അല്ലെങ്കിൽ പ്രധാനമന്ത്രിമാർ പോലും ജയിലിൽ കഴിയുമ്പോൾ അധികാരം ആസ്വദിക്കുന്നു. അതെങ്ങനെ സാദ്ധ്യമാകുമെന്നും അദ്ദേഹം ചോദിച്ചു. ഒരു സർക്കാർ ജീവനക്കാരനെ 50 മണിക്കൂർ തടവിലാക്കിയാൽ അയാൾക്ക് ജോലി നഷ്ടപ്പെടും. അത് ഡ്രൈവറായാലും ക്ലാർക്കായാലും പ്യൂണായാലും. എന്നാൽ ഒരു മുഖ്യമന്ത്രിക്കോ മന്ത്രിക്കോ പ്രധാനമന്ത്രിക്കോ ജയിലിൽ നിന്നുപോലും ഇന്നത്തെ സ്ഥിതിയിൽ സർക്കാരിന്റെ ഭാഗമായി തുടരാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഡൽഹിയിൽ മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായി തിഹാർ ജയിലിൽ കഴിഞ്ഞിട്ടും മുഖ്യമന്ത്രിയായി തുടർന്ന അരവിന്ദ് കേജരിവാളിന്റെ അനുഭവം മോദി പരാമർശിച്ചു. കുറച്ചുകാലം മുമ്പ്, ജയിലിൽനിന്ന് ഫയലുകൾ ഒപ്പിടുന്നതും സർക്കാർ ഉത്തരവുകൾ ജയിലിൽനിന്ന് നൽകുന്നതും നമ്മൾ കണ്ടു.

നേതാക്കൾക്ക് അത്തരമൊരു മനോഭാവമുണ്ടെങ്കിൽ, നമുക്ക് എങ്ങനെ അഴിമതിക്കെതിരെ പോരാടാനാകും. എൻ.ഡി.എ സർക്കാർ അഴിമതിക്കെതിരെ ഒരു നിയമം കൊണ്ടുവന്നിട്ടുണ്ട്, പ്രധാനമന്ത്രിയും അതിന്റെ പരിധിയിൽ വരുമെന്നും നരേന്ദ്ര മോദി കൂട്ടിച്ചേർത്തു.