വിസ വാഗ്ദാനം നൽകി ഒന്നരക്കോടിയുടെ തട്ടിപ്പ്; മലപ്പുറം സ്വദേശിയെ ബംഗളൂരിൽ നിന്ന് വീടുവളഞ്ഞ് പിടികൂടി

Friday 22 August 2025 9:37 PM IST

അറസ്റ്റ് ഇരിട്ടി കീഴ്പ്പള്ളി സ്വദേശിയ്ക്ക് യു.എ.ഇ വിസ വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ

ഇരിട്ടി: യു.എ.ഇയിലേക്ക് വിസ വാഗ്ദാനം നൽകി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഒന്നരക്കോടിയോളം തട്ടിയെടുത്ത മലപ്പുറം സ്വദേശിയെ ആറളം പൊലീസ് ബംഗളൂരുവിലെ വാടകവീട്ടിൽ നിന്നും അറസ്റ്റുചെയ്തു. മലപ്പുറം വണ്ടൂർ പാലക്കോട് സ്വദേശി ചെണ്ടമൻകുളത്തിൽ സി കെ.അനീസാണ് (39) പിടിയിലായത്. ആറളം എസ്‌.ഐ കെ. ശുഹൈബിന്റെ നേതൃത്വത്തിൽ കർണ്ണാടക പൊലീസിന്റെ സഹായത്തോടെ ബംഗളൂരുവിലെ വാടക വീട്ടിൽ നിന്നാണ് ഈയാളെ പിടികൂടിയത്.

കീഴ്പ്പള്ളി പുതിയങ്ങാടിയിലെ മുഹമ്മദ് അജ്‌സലിന് യു.എ. ഇ വിസ വാഗ്ദാനം ചെയ്ത് 140000 രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. അക്കൗണ്ടിന്റെ വിസ വാഗ്ദാനം ചെയ്ത് മെഡിക്കൽ ചെക്കപ്പും മറ്റ് പരിശോധനകളുമെല്ലാം പൂർത്തിയാക്കി തിരുവനന്തപുരത്ത് യു.എ.ഇ കോൺസിലേറ്റിന് മുന്നിലെത്താൻ മുഹമ്മദ് അജ്സലോട് അനീസ് ആവശ്യപ്പെട്ടിരുന്നു.യു.എ.ഇ കോൺസുലേറ്റിലെത്തിയ മുഹമ്മദ് അജ്സൽ പ്രതി അനീസിനെ വിളിച്ചെങ്കിലും ഫോൺ എടുത്തില്ല.തുടർന്നും ഫോൺ എടുക്കാതായതോടെയാണ് വഞ്ചിക്കപ്പെട്ടുവെന്ന് മനസിലാക്കി മുഹമ്മദ് അജ്സൽ ആറളം പൊലീസിൽ ഒരു വർഷം മുമ്പ് പരാതി നൽകിയത്.

പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതി മലപ്പുറം വണ്ടൂർ പാലക്കോട് സ്വദേശിയാണെന്ന് മനസ്സിലാക്കി.എന്നാൽ പൊലീസ് സംഘം എത്തുമ്പോഴെക്കും അനീസ് മറ്റൊരു സ്ഥലത്തേക്ക് താമസം മാറ്റിയിരുന്നു. സൈബർ സെല്ലിന്റെ സഹായത്തോടെ പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇയാൾ ബംഗളൂരുവിലുള്ളതായി കണ്ടെത്തി. ഫോണും ഫോൺ നമ്പറും മറ്റും പലതവണ മാറ്റിയതിനാൽ ഇവിടെ നിന്നും പൊലീസിന് ആളെ കണ്ടെത്താൻ കഴിഞ്ഞില്ല. ബംഗളൂരു മേൽ വിലാസത്തിൽ ഇയാൾ ആധാറും പാൻകാർഡും മറ്റും സംഘടിപ്പിച്ചിരുന്നു. അനീസിന്റെ ബാങ്ക് ഇടപാട് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇയാൾ ജലന്തറിലേക്ക് താമസം മാറിയതായി അന്വേഷണസംഘത്തിന് വിവരം ലഭിച്ചു.

തുടർന്നുള്ള അന്വേഷണത്തിൽ ജലന്തറിൽ ഇയാൾ സ്ഥലം വാങ്ങി വീട് വച്ചതായി കണ്ടെത്തി. ബാംഗ്ലൂരിലെ വാടകവീട്ടിൽ താമസിക്കുന്നതിനിടയിൽ പഞ്ചാബ് സ്വദേശിനിയെ വിവാഹം ചെയ്താണ് ഇയാൾ ജലന്ധറിലേക്ക് മാറിയത്. ജലന്ധറിലേക്ക് പോകാൻ പൊലീസ് ആലോചിക്കുന്നതിനിടയിൽ ഇയാൾ ബംഗളൂരുവിൽ എത്തുകയായിരുന്നു. തുടർന്ന് ബംഗളൂരു പൊലീസിന്റെ സഹായത്തോടെ വീട് വളഞ്ഞാണ് അനീസിനെ പിടികൂടിയത്.

അന്വേഷണസംഘത്തിൽ സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സോജി അഗസ്റ്റിൻ, മനോജ്, സിവിൽ പൊലീസ് ഓഫീസർ അനിൽ എന്നിവരും ഉണ്ടായിരുന്നു.

കേരളത്തിൽ അനീസിനെതിരെ 15 കേസുകൾ

കേരളത്തിൽ ഇയാൾക്കെതിരെ വിവിധ സ്റ്റേഷനുകളിലായി പതിനഞ്ചോളം കേസുകൾ നിലവിലുണ്ട്. തിരൂർ സ്റ്റേഷൻ പരിധിയിൽ ആറും, പരപ്പന സ്റ്റേഷൻ പരിധിയിൽ രണ്ടും കരുവാരക്കുണ്ട്, മൂവാറ്റുപുഴ, കൊട്ടാരക്കര, പൊന്നാനി, മങ്കട, ബേഡകം പൊലീസ് സ്റ്റേഷനുകളിൽ ഉൾപ്പെടെ സംസ്ഥാനത്തെ ഭൂരിഭാഗം ജില്ലകളിലും ഇയാൾക്കെതിരെ പരാതിയുണ്ടെന്ന് പൊലീസ് പറഞ്ഞു. വിവിധകേസുകളിലായി ഒന്നരക്കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് ഇയാൾ പോലീസിന് മൊഴി നൽകിയിരിക്കുന്നത്.

വല വിരിച്ചത് വാട്സ് ആപ്പിൽ

യൂറോപ്പിലേക്ക് വിസ വാഗ്ദാനം നൽകി തട്ടിപ്പിനുള്ള ശ്രമത്തിനിടെയാണ് അനീസ് പിടിയിലാകുന്നത്. കൂടുതൽ അംഗങ്ങളുള്ള വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലെ അഡ്മിൻമാർക്ക് പണം നൽകി വിദേശത്തേക്ക് ആളെ ആവശ്യമുണ്ടെന്ന പരസ്യം നൽകിയാണ് ഈയാൾ ഇരകളെ സമീപിക്കുന്നത്. നിലവിൽ യൂറോപ്പിലേക്ക് വിസയ്ക്കായി നിരവധിപേർ ഇയാളുമായി ബന്ധപ്പെട്ടെന്ന വിവരവും ഫോൺ രേഖകളിൽ നിന്നും പൊലീസിന് ലഭിച്ചിട്ടുണ്ട്. 2014 മുതലാണ് തട്ടിപ്പുകളുടെ തുടക്കം. ഇയാളെ വിശദമായി ചോദ്യംചെയ്ത് വരികയാണ്.