മീൻ കടയ്ക്ക് നേരേ ആക്രമണം
Saturday 23 August 2025 2:05 AM IST
ഹരിപ്പാട് : മുതുകുളത്ത് പട്ടാപ്പകൽ മീൻ കടയ്ക്ക് നേരേ ആക്രമണമുണ്ടായി. മുതുകുളം ഹൈസ്‌കൂൾ മുക്കിന് സമീപം പ്രവർത്തിക്കുന്ന ഫ്രഷ് ഹബിനുനേരേയായിരുന്നു ആക്രമണം. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ടോടെ കട അടച്ചിട്ടിരിക്കുന്ന സമയത്ത് കാറിലെത്തിയ ആൾ കൈക്കോടാലിയുമായെത്തി കടയുടെ രണ്ടു മീൻ തട്ടുകളും വെട്ടിപ്പൊളിച്ചു. കട നിർമിച്ചിരുന്ന ജിഐ ഷീറ്റിനും നാശം വരുത്തി. പൂട്ടും തല്ലിപ്പൊളിച്ചു. ഓടിയെത്തിയ സമീപത്തെ വ്യാപാരികളെയും അക്രമി അസഭ്യം പറഞ്ഞതായി പരാതിയുണ്ട്. പുതിയവിള സ്വദേശി ഹരികൃഷ്ണന്റെയും സുഹൃത്തിന്റെയുമാണ് കട. കനകക്കുന്ന് പൊലീസ് കേസെടുത്തു.