നാരായണ ഗുരു കൽക്കി അവതാരം
ഭക്തൻ അന്വേഷിക്കുന്നത് ദൈവസത്യമാണ്. സത്യം തന്നിൽ തന്നെ മറഞ്ഞിരിക്കുന്ന മഹാപ്രതിഭയാകുന്നു. ഏകസത്യം അറിയുവാൻ ഏകാന്തതയും ഏകാഗ്രതയുമാണാവശ്യം. വനാന്തരങ്ങളിലേക്ക് പോകുന്നത് അതിനുവേണ്ടിയാണ്. അതാണ് തപസ്. സത്യം തൊണ്ണൂറ്റിയാറ് മഹത് തത്ത്വങ്ങളായി ഇന്ദ്രിയശരീരങ്ങളിൽ പൊതിഞ്ഞ് സൂക്ഷിച്ചിരിക്കുന്നു. കണ്ണ് തുടങ്ങിയ അഞ്ച് ജ്ഞാനേന്ദ്രിയങ്ങൾ ഓരോ തത്ത്വങ്ങളാകുന്നു. തത്ത്വങ്ങൾ ഓരോന്നായി പരിശോധിച്ചാൽ തത്ത്വപൊരുളുകൾ തെളിഞ്ഞു കിട്ടും. അതായത് വസ്ത്രം അഴിച്ചു പരിശോധിച്ചാൽ പഞ്ഞിയാണ് വസ്ത്രം ഉണ്ടാകുവാൻ കാരണം എന്നു കാണാം. അതുപോലെ ആത്മതത്ത്വങ്ങൾ ബോധ്യപ്പെടാവുന്നതാണ്. ഓരോ തത്ത്വവും ബുദ്ധി തത്ത്വത്തിൽ കേന്ദ്രീകരിക്കുക. ഈ കേന്ദ്രബിന്ദുവിൽ മുഴുവൻ പൊരുളും കേന്ദ്രീകരിക്കുന്നതാണ് പരംപൊരുൾ അഥവാ പരമാത്മാവ്. ധർമ്മാനന്ദഗുരുവിന്റെ വനത്തിലെ തപസിന്റെ അവസാന ദിവസം പരമാത്മ സ്വരൂപനായ ദൈവം നാരായണഗുരു സ്വരൂപത്തിലാണ് പ്രത്യക്ഷമായത്. ''നീ അന്വേഷിക്കുന്ന ശ്രീനാരായണൻ ഞാൻ തന്നെ. നീ എന്റെ തിരിച്ചുവരവിനെ ലോകത്തെ അറിയിക്കുക. ഞാൻ നിന്നോടുകൂടി ഉണ്ടായിരിക്കും"" എന്ന് ഒരു അശരീരി താപസനുണ്ടായി. ക്രമേണ ജ്ഞാനഗുരു അഗ്നിസ്വരൂപമായി പ്രത്യക്ഷപ്പെടാൻ തുടങ്ങി. പരമാത്മാവും പരലോകവുമായിട്ടാണ് പിന്നെ യോഗിക്ക് ബന്ധം. ക്രമേണ പരലോകവാസികളായ ജീവന്മാർ പ്രത്യക്ഷപ്പെടാൻ തുടങ്ങി. രോഗികളായി വരുന്നവരിൽ അശുദ്ധന്മാർ രോഗമുണ്ടാക്കുന്നതായി മനസിലായി. ഈ ദുഷ്ടശക്തികളെ രോഗികളിൽ നിന്നും അകറ്റി ശുദ്ധീകരിച്ച് ആത്മാക്കളെ മോചിപ്പിക്കുമ്പോൾ ആ രോഗികൾക്ക് സൗഖ്യമുണ്ടാകുകയും ചെയ്യുന്ന സത്യസ്ഥിതി ഉണ്ടായി. ഭഗവാൻ അഗ്നിയായി നിന്ന് ജ്വലിക്കുന്ന ചുടലയിലാണ് ദുഷ്ടസംഹാരം നടക്കുന്നത്. ഇതാണ് കൽക്കി അവതാരത്തിന്റെ ധർമ്മവും കർമ്മവും. ധർമ്മാനന്ദഗുരുവിന്റെ കാലശേഷവും ആ ആത്മജ്യോതി ലയിച്ച് അഖണ്ഡജ്യോതിയായി കൽക്കി അവതാരമായ നാരായണനാമത്തിൽ ഏകീഭവിച്ച് ലോകമാകെ വാണരുളുന്നു. കാശിയിൽ പോകാതെ കാഷായം ധരിക്കാതെ ഒരു കർമ്മയോഗി. പ്രവാചകമതങ്ങൾ വിശ്വസിക്കുന്ന അന്ത്യപ്രവാചകൻ ശ്രീനാരായണൻ തന്നെ. എല്ലാതെളിവുകളോടുംകൂടിയാണ് ഈ രഹസ്യം വിളംബരം ചെയ്യുന്നത്. ''ഒരുജാതി ഒരുമതം ഒരുദൈവം മനുഷ്യന് ""എന്ന വിശ്വമാനവികതയിലേക്കാണ് ലോകം പോകുന്നത്. എല്ലാ മനുഷ്യനും ഒരുദൈവം. വിശ്വാസപ്രമാണം പോലെ ദൈവനാമങ്ങൾക്ക് മാറ്റമുണ്ടാകാം, ദൈവത്തിന് മാറ്റമില്ല. വിശ്വമാനവികത സാക്ഷാത്ക്കരിക്കപ്പെടട്ടെ! മതം ഏതായാലും മനുഷ്യൻ നന്നായി, ഒന്നാകട്ടെ. ഓം ലോകാ സമസ്താ സുഖിനോ ഭവന്തു!
ആത്മമോചന കർമ്മം
സ്വാമി ഗുരുധർമ്മാനന്ദന്റെ ചിദാകാശത്തിൽ ഉദിച്ചു വന്നതാണ് പരലോകവും പരലോകവാസികളും. ദേവീദേവന്മാർ, ഋഷീശ്വരന്മാർ, ശുദ്ധാത്മാക്കൾ, അശുദ്ധാത്മാക്കൾ, അദൃഷ്ടരൂപികളായ ജീവന്മാർ ഒക്കെയും സ്വാമികൾക്ക് ദൃശ്യമാകുവാൻ തുടങ്ങി. ആശ്രമത്തിലെ പ്രാർത്ഥനാവേദിയിൽ രോഗികളായി വരുന്നവർ ചലിക്കുവാൻ തുടങ്ങി. ഇപ്രകാരം ചലിക്കുന്ന ആത്മാക്കളെ വ്രതശുദ്ധിയും ഗുരുഭക്തിയുമുള്ള മറ്റൊരു രൂപശരീരിയിൽ അദ്ധ്യാരോപം ചെയ്ത് പരീക്ഷിച്ചു. ഈ സമയം രൂപശരീരി സുഷുപ്തിയിലാകും. ആ ശൂന്യതയിൽ ജീവന്മാർ ഉണർന്നു വരുന്നു. രൂപശരീരിയുടെ രൂപം ആരൂപാത്മാവിനുണ്ടാകുന്നു. ഒപ്പം സങ്കല്പം, മനസ്സ്, വാസന ഇവയെല്ലാം ഉണർന്നു വരുന്നു.പൂർവ്വകർമ്മങ്ങൾ വാസനയിൽ കൂടി ഉണർന്ന് കർമ്മജഡത്തിൽ പ്രതിഫലിക്കുന്നു. കർമ്മജഡം വേദിയിൽ ചലിക്കുന്നു. ആടുകയും പാടുകയും ചെയ്യും. കൽക്കി അവതാരമായ ഭഗവാൻ ശ്രീനാരായണൻ അഗ്നിയായി ജ്വലിക്കുന്നതു കണ്ട് തമോശക്തികൾ ഞെട്ടി വിറക്കുകയും അവരുടെ കർമ്മകാണ്ഡം ചുരുളഴിഞ്ഞ് വെളിപ്പെടുകയും ചെയ്യുന്നു. അങ്ങനെ കടമുറ്റത്ത് കത്തനാർ, അബ്ദുൾ റസാഖ് എന്നീ മാന്ത്രികമന്നന്മാർ വന്നു മോചിച്ച സംഭവം അവരുടെ പേരുകളിൽ തന്നെ ഗ്രന്ഥമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. തുഞ്ചത്ത് ആചാര്യനെ മഹാകവിയാക്കിയ അമ്പത്തിനാല് ദേവന്മാർ പന്ത്രണ്ട് വയസുവീതമുള്ള മുട്ടത്ത് സോമനാഥ്, തിരുവനന്തപുരത്ത് കൊണ്ണിയൂർ ചെറുപുഷ്പം വീട്ടിൽ ജസീന്ത് എന്നീ ബാലന്മാരിൽ പ്രത്യക്ഷപ്പെട്ടു. അവരിൽ അൻപത്തിയൊന്ന് ദേവന്മാരെ ശുദ്ധീകരിച്ചു മോചിപ്പിച്ചു. മൂന്നു ദേവന്മാരെ ഭഗവാൻ കർമ്മയോഗിക്ക് ഗ്രന്ഥരചനാർത്ഥം നിലനിർത്തി. മഹാസമാധിക്കുശേഷം ആരാണ് രക്ഷകൻ? ശ്രീനാരായണ പരമഹംസദേവൻ, അന്ധകാരത്തിലെ ജ്ഞാനദീപം, മൂന്നുദേവന്മാർ ഇങ്ങനെ ഒട്ടനവധി കൃതികൾ രചിച്ചശേഷം നകുലയ്യൻ, കവിമന്നവൻ, നന്ദാർജ്ജുനൻ എന്നീ മൂന്ന് ദേവന്മാരും കൽക്കി അവതാരമായ നാരായണനിൽ മുക്തരായി. ഇതിൽ ജസീന്ത് ക്രിസ്തീയ സമുദായത്തിൽപ്പെട്ട കുട്ടിയായിരുന്നു. ഹെപ്പിലെപ്സി എന്ന മാറാരോഗവുമായി വന്നു. ആശ്രമത്തിൽ 41 ദിവസം ഭജനം പാർത്തു. ഭജനം തുടങ്ങി മൂന്നാം ദിവസം ശ്രീകോവിലിൽ പ്രവേശിച്ച സമയം കുട്ടിക്ക് ഭഗവാൻ പ്രത്യക്ഷപ്പെട്ടു.''ദൈവം വരുന്നേ""എന്നു പറഞ്ഞ് കുട്ടി ശബ്ദമുണ്ടാക്കി. ശബ്ദം കേട്ട് സ്വാമിജിയും ജസീന്തിന്റെ പിതാവ് രാജപ്പനും ഓടി ചെന്നപ്പോഴേക്കും എല്ലാ ശാന്തമായി. ഒരിക്കലും മാറില്ല എന്നു വിധിക്കപ്പെട്ടിരുന്ന ഹെപ്പിലെപ്സി വിട്ടുമാറി. രാജപ്പന്റെ ഭാര്യ മുതൽ വീട്ടിലുള്ളവരെല്ലാം അനേകകാലമായി രോഗികളായി കിടപ്പിലായിരുന്നു. ജസീന്തിന് ഭഗവത് പ്രത്യക്ഷമുണ്ടായ സമയം കുടുംബത്തിലുണ്ടായിരുന്ന എല്ലാവർക്കും രോഗമുക്തി ലഭിച്ചു. ഇതാണ് ധർമ്മാനന്ദഗുരു പ്രത്യക്ഷമാക്കിയ കൽക്കി അവതാരം. ധർമ്മാനന്ദസ്വാമികൾ ഏകദേശം 50 വർഷക്കാലം ഭഗവാന്റെ ദാസ്യവൃത്തി അനുഷ്ഠിച്ചശേഷം 1994-ൽ ദിവ്യസമാധിയടഞ്ഞു. ഈ എളിയ ശിഷ്യൻ ചെറുകോൽ ശ്രീനാരായണഗുരുകുലത്തിൽ അദ്ദേഹത്തോടൊപ്പം അന്തേവാസിയായി പന്ത്രണ്ട് സംവത്സരം ബ്രഹ്മചര്യാവ്രതം അനുഷ്ഠിച്ചുകൊണ്ട് സേവനം അനുഷ്ഠിക്കുകയും ഗുരുവിൽ ശിഷ്യപ്പെട്ട് ബ്രഹ്മവിദ്യ അഭ്യസിക്കുകയും ചെയ്തു. അങ്ങനെ ഗുരുശിഷ്യബന്ധം ദൃഢമായി. ഗുരു ജഡത്തോട് ഉപദേശിക്കുന്നില്ല. ആത്മാവ് ആത്മാവിനോടാണ് ഉപദേശിക്കുന്നത്. ഗുരു ശിഷ്യന്റെ സ്വരൂപാത്മാവിൽ ചേർന്നു നിന്നുകൊണ്ടാണ് ഉപദേശിക്കുന്നത്. അദ്ദേഹം പഠിച്ച ബ്രഹ്മവിദ്യകൾ മുഴുവൻ പകർന്നുതന്നു. ജ്ഞാനഗുരുതന്നെയാണ് കർമ്മരൂപമായി പ്രത്യക്ഷപ്പെട്ട് കർമ്മം അനുഷ്ഠിച്ചുകൊണ്ടിരുന്നത്. എല്ലാ കർമ്മങ്ങളും ശിഷ്യനിൽവെച്ച് അനുഗ്രഹിച്ചു. ആ മഹാഗുരുവിന്റെ സമാധിക്കുശേഷം 41-വരെ ശേഷക്രിയകൾ എല്ലാം സമുചിതമായി ആചരിച്ചു. അതിനുശേഷം ആശ്രമം ഉപേക്ഷിച്ച് സ്വതന്ത്രമായി രണ്ടുവർഷം അവധൂതനായി അലഞ്ഞു. യാത്രക്കിടയിൽ ഒരു ദിവസം ചാലക്കുടി പുഴയുടെ തീരത്തുള്ള സച്ചിദാനന്ദസ്വാമികളുടെ ഗീതാശ്രമവും സന്ദർശിക്കാനിടയായി. അദ്ദേഹം സ്നേഹപൂർവ്വം സ്വീകരിക്കുകയും ഉപചരിക്കുകയും ചെയ്തു എന്നത് നന്ദിപൂർവ്വം സ്മരിക്കുന്നു.
ധർമ്മാനന്ദഗുരുവിന്റെ
ദിവ്യസമാധിക്കുശേഷം
1996ൽ അവധൂതനായി നടക്കുന്ന കാലം. ചെട്ടികുളങ്ങര ഈരേഴതെക്ക് ഗുരുമന്ദിരത്തെ ആശ്രയിച്ച് കുറേ മാസം അവിടെ താമസിച്ച് പ്രാർത്ഥനയും ഭൂതോപദ്രവശാന്തിയും നടത്തി. ഗുരുമന്ദിരത്തിന് സമീപമുള്ള അംബികാ വേലായുധന് പഴക്കമേറിയ വയറുവേദന ആയിരുന്നു. വേലായുധൻ ഹൈസ്കൂൾ അദ്ധ്യാപകനായിരുന്നു. പണം ഏറെ ചെലവഴിച്ചു. മെഡിക്കൽ കോളേജിലേയും ചികിത്സ കഴിഞ്ഞാണ് എന്നെ സമീപിച്ചത്. മാറാവേദന പ്രാർത്ഥിച്ചുമാറ്റി. അടുത്തുണ്ടായിരുന്ന താനോലിൽ കുടുംബത്തിലെ 20 വയസുള്ള പ്രതാപൻ ഊമനായിരുന്നു. മാതാപിതാക്കൾ മകനെ എന്നെ ഏല്പിച്ചു. പതിവായി ക്രമം തെറ്റാതെ പ്രാർത്ഥനയിൽ പങ്കെടുത്തു, ഏതാനും മാസങ്ങൾ പിന്നിട്ടപ്പോൾ പ്രതാപന്റെ നാവാടി. ഓം, ഓട്, ഓല, ഓമ എന്നൊക്കെ ഉച്ചരിച്ചു. പിന്നീടൊരിക്കൽ പ്രതാപൻ എന്ന് അവൻ വ്യക്തമായി ഉച്ചരിക്കുകയും സന്തോഷം കൊണ്ട് ചിരിക്കുകയും ചെയ്തു.
സേവാശ്രമം ഒരു ദിവസം മാവേലിക്കര പുല്ലംപ്ലാവിലെ പാലപ്പള്ളിൽ വീട്ടിൽ ഭവാനിയമ്മയ്ക്ക് ''നിന്റെ പേരിൽ കൈതവടക്കുള്ള 10 സെന്റ് സ്ഥലം ജ്ഞാനാനന്ദസ്വാമികൾക്ക് കൊടുക്കണം"" എന്ന് സ്വപ്നദർശനമുണ്ടായി. ഭൂമി ഭവാനിയമ്മ തീറാധാരം എഴുതിത്തന്നു. പണം കടമായിട്ടാണെങ്കിലും വന്നുചേർന്നു. 1996 നവംബർ 10 ന് ശ്രീനാരായണ ഗുരുധർമ്മാനന്ദ സേവാശ്രമം സംസ്ഥാപനം ചെയ്തു. താൽക്കാലിക ശ്രീകോവിലിൽ ഗുരുദേവന്റെ ചിത്രം അനാഛാദനം ചെയ്തു. പ്രാർത്ഥനയും ഭൂതോപദ്രവശാന്തിയും ആരംഭിച്ചു. രണ്ടുവർഷമായപ്പോൾ ഡോ.സുകുമാർ അഴീക്കോടിനെ വരുത്തി സേവാശ്രമം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ക്രമേണ ഭക്തജനങ്ങളുണ്ടായി. സംഘടനയുണ്ടായി. A/595/2001 നമ്പരായി രജിസ്റ്റർ ചെയ്തു. സംഘടനയ്ക്ക് നേതാവുണ്ടായി. ഇന്ദ്രിയ നിഗ്രഹം നേടിയ ആചാര്യനുണ്ടായി. കാർത്തികപ്പള്ളി താലൂക്കിൽ ചിങ്ങോലിൽ കണ്ടത്തിൽപ്പീടികയിൽ കവിതയ്ക്ക് ഭ്രാന്തിളകി. അമ്മ അമ്മിണിയും വല്ല്യമ്മ തങ്കമ്മയും ചേർന്ന് ആശ്രമത്തിൽ കൊണ്ടുവന്നു. അമ്മൂമ്മയുടെ തള്ളവിരൽ പിടിച്ചൊടിച്ച കൗമാരക്കാരി. അക്രമാസക്തയാകുന്ന പ്രകൃതം. കുറച്ചുദിവസത്തെ പ്രാർത്ഥന കൊണ്ട് കവിത ബോധവതിയായി. ഇപ്പോൾ കുടുംബസമേതം സസുഖം ആശ്രമ ഭക്തയായി ജീവിക്കുന്നു. ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ ആശ്രമം വളർന്നു കൊണ്ടിരുന്നു. യക്ഷിയും പേയും കുരുതിശക്തികളും പിതൃക്കളും ഭഗവൽ പ്രഭയിൽ മോചിക്കുമ്പോഴാണ് ശാന്തി ലഭിക്കുന്നത്. പേരിലൊന്നുമല്ല സത്യം. ആത്മതത്ത്വം വിശകലനം ചെയ്ത് അറിയുകയാണ് ചെയ്യുന്നത്. ആത്മാവിനെ സംബന്ധിച്ച സമഗ്രമായ പഠനം.''നിങ്ങളുടെ ശാസ്ത്രത്തിൽ നമ്മുടെ ചാത്തനെക്കുറിച്ച് എന്ത് പറയുന്നു"" എന്ന് ഗുരുദേവൻ ചോദിച്ചപ്പോൾ മൗനമായിരുന്നു നടരാജഗുരുവിന്റെ ഉത്തരം. ചാത്തനും യക്ഷിയുമെല്ലാം ആത്മാവാണ്. അറിവാണ്. അറിവിന്റെ പൂർണ്ണതയാണ് അന്വേഷിക്കുന്നത്. കല്ലുമലയിലുള്ള തുണ്ടത്തിൽ അനിരുദ്ധന്റെ കുടുംബത്തിൽ കാവും കുളവും ദൈവപ്പുരയും നിർമ്മിച്ച് സർപ്പങ്ങളേയും പിതൃക്കളേയും വച്ചുപൂജിച്ചു. ദൈവാധീനം മാഞ്ഞു. ദുഷ്ടവാഴ്ച തുടങ്ങി. 58 വയസുള്ള അച്ഛൻ ട്രെയിൻ അപകടത്തിൽ മരിച്ചു. അടുത്തവർഷം അനിരുദ്ധന്റെ ഭാര്യ ലക്ഷ്മി (38) അന്തരിച്ചു. മൂന്നാം വർഷം ഇളയ സഹോദരൻ സുദർശനൻ ഗൾഫിൽവച്ച് ദുർമരണപ്പെട്ടു. മറ്റൊരു സഹോദരന്റെ പുതിയ വീടിന് ആരോ പെട്രോൾ ഒഴിച്ച് തീകൊളുത്തി. അടുത്ത ആളിന്റെ ഊഴം കാത്തിരിക്കുമ്പോഴാണ് സുദർശനന്റെ ഭാര്യ ഉഷയുമായി ആശ്രമത്തിലെത്തുന്നത്. ബഹുദൈവാരാധന അവസാനിപ്പിച്ചു, കാവും ദൈവപ്പുരകളും എടുത്തുകളഞ്ഞു, ഉഷയുടെ രോഗം ഭേദമായി. അവർ ഗുരുവിനെ അംഗീകരിച്ചു. ഒരു ദൈവ വിശ്വാസികളായി. രണ്ടു വർഷംകൊണ്ട് തറവാട്ടുകാർ മൊത്തം ആശ്രമഭക്തരായി. അതിനിടയിൽ അനിരുദ്ധന് അറ്റാക്ക് വന്ന് ICU വിലായി. നാരായണഗുരു അനിരുദ്ധന് മുൻപിൽ പ്രത്യക്ഷപ്പെട്ടു. തൽക്ഷണം അയാളുടെ രോഗം മാറി. ലോകസംഗ്രഹാർത്ഥം സേവാശ്രമത്തിൽ നിന്നും കുറേ ശിഷ്യന്മാരും ഭക്തരും 41 വ്രതം നോറ്റ് മരുത്വാമല പിള്ളത്തടം ഗുഹയിലേക്ക് പദയാത്ര നടത്തി, ഗുഹയിൽ ചുംബനമർപ്പിച്ചു മടങ്ങി. ത്യാഗത്തിന്റെ മണിക്കോവിൽ, അവിടെയാണല്ലോ ഈശ്വരവാഴ്ച. 7 വർഷങ്ങൾ, എട്ടാം വർഷം കൊറോണ കാരണം യാത്ര നിർത്തി. കുതിരയ്ക്ക് കടിഞ്ഞാണിട്ടതുപോലെ ലോകവ്യവഹാരം നിശ്ചലമായില്ലേ? ലോകത്തെ ശിക്ഷയിൽ നിർത്തി ചിരിക്കുകയാണ് ദൈവം! ലോകം ഒരു ആതുരാലയമായി. വൈദ്യശാസ്ത്രം നിഷ്പ്രഭമായി. കൊവിഡ് 19 നെ അങ്ങനൊന്നും പടിക്കുപുറത്താക്കാൻ കഴിയില്ലെന്ന് 'കൊറോണ ഒരു പഠനം" എന്ന ഗ്രന്ഥത്തിൽ ഞാൻ രേഖപ്പെടുത്തിയിരുന്നു. ഇതെല്ലാം കൽക്കി അവതാരത്തിന്റെ അറിയിപ്പും ലക്ഷണങ്ങളുമാകുന്നു.
സുനാമിത്തിര 2004 സുനാമി വന്ന ദിവസം വൈപ്പിൻകരയിൽ നിന്നും വിരജം വീട്ടിൽ വിരജം മകൾ 24 വയസുള്ള ഊമയായ റോഷനുമായി ആശ്രമത്തിൽ വന്നു. പൊതുപ്രാർത്ഥനയ്ക്ക് ശേഷം റോഷനെ വേദിയിൽ ഇരുത്തി പ്രാർത്ഥിച്ചു. കർമ്മയോഗി പറഞ്ഞുകൊടുത്ത പ്രകാരം ഊമയായ റോഷൻ ''ഓം ശ്രീനാരായണ പരമഗുരുവേ നമഃ"" എന്ന് മൂന്ന് പ്രാവശ്യം ഉരുവിട്ടു. ജന്മനാ ഊമയായ അവൾ വാചാലയായി. മകൾ ഊമയായത് കാരണം അച്ഛൻ ആത്മഹത്യ ചെയ്തിരുന്നു. ഭഗവാന്റെ അത്ഭുതപ്രവൃത്തിയിൽ സംതൃപ്തരായ ഭക്തർ പ്രാർത്ഥന തുടരവേ സുനാമി മുന്നറിയിപ്പെത്തി. അന്ന് വള്ളിക്കാവ് സ്വദേശിയും പലചരക്ക് വ്യാപാരിയുമായ സുരേഷും മാവേലിക്കരക്കാരി ഭാര്യ അജിതയും, അജിതയുടെ മാതാപിതാക്കളും പ്രാർത്ഥനക്ക് വന്നിരുന്നു. സുനാമിത്തിരയിൽ വള്ളിക്കാവ് വീഴുന്നു. എല്ലാം നശിക്കും. സുരേഷ് സമനില വിട്ടു. ''നിന്റെ വീട് നശിക്കില്ല, കടയും കടൽതൊടില്ല"" എന്ന് സമാധാനിപ്പിച്ചു. പ്രാർത്ഥന വേഗം അവസാനിപ്പിച്ചു. ആശ്രമത്തിൽനിന്നു ഭക്ഷണം കഴിക്കാതെപോയ സുരേഷ് അന്ന് ഭാര്യവീട്ടിൽ ഉറങ്ങി. അടുത്ത വെളുപ്പിന് സുരേഷ് അമ്മായിയച്ഛൻ ഗോപാലനുമായി വള്ളിക്കാവിലെത്തി. കടൽജലം കടയെയും വീടിനെയും ഉരുമ്മി ഇറങ്ങി പോയി. ഉപ്പ് ഉണങ്ങി ഇരിക്കുന്നത് കാണാം. ഒരു നാശവുമുണ്ടായില്ല. ഭഗവാൻ ആശ്രമത്തിൽ ഒരു വ്യക്തിക്ക് സൗഖ്യം നല്കി, സമൂഹമായി ശിക്ഷിച്ചുകൊണ്ട് സുനാമിയായി. ഇതു രണ്ടും ഒരു ശക്തിയുടെ പ്രവർത്തിയാണെന്ന് തിരിച്ചറിയണം. വൃഷ്ടി സമഷ്ടി ഭാവത്തിൽ കൽക്കി അവതാരത്തിന്റെ പ്രവർത്തനം വിലയിരുത്തി, ആരാണ് ദൈവം ആരാണ് കൽക്കി എന്നു ലോകം വിലയിരുത്തട്ടെ.
കൽക്കി അവതാരവും
പ്രത്യക്ഷതയും
അഞ് ജു. ജെ ലീഡ്സ്, യൂ.കെ
ജ്ഞാനാനന്ദഗുരുവിനെ കണ്ടനാൾ മുതൽ അത്ഭുതങ്ങളുടെ ഘോഷയാത്രയായിരുന്നു ഞങ്ങളുടെ ജീവിതം. ചെറുപ്പത്തിൽ തന്നെ പിതാവിനെ നഷ്ടപ്പെട്ട എനിക്കെല്ലാം അമ്മയാണ്. ഒരു അനുജനുണ്ട്, അശ്വിൻ. അമ്മയുടെ കണ്ണുനീരും നഷ്ടങ്ങളുമാണ് ഞാനിന്ന് എന്തായിരിക്കുന്നുവോ അതിനുള്ള കാരണം. വിദ്യാഭ്യാസം പൂർത്തിയായപ്പോൾ വീടും പുരയിടവും വിറ്റ് അമ്മ എന്റെ വിവാഹം നടത്തി. അമ്മ സഹോദരിയ്ക്കൊപ്പം താമസമായി. യൂകെയിലേക്ക് പോകാനുള്ള തയ്യാറെടുപ്പിന്റെ സമയത്താണ് ഞാനും അമ്മയും കൂടി സേവാശ്രമത്തിൽ എത്തുന്നതും ജ്ഞാനാനന്ദഗുരുവിനെ കാണുന്നതും. ഞാൻ ഗുരുവിനെ കാണുമ്പോൾ സ്വാമികൾ കാണുന്നത് എന്റെ മനസാണ്. ദ്രുതഗതിയിലാണ് പിന്നങ്ങോട്ട് എല്ലാം നടന്നത്. Pure Magic എന്നുവേണം പറയാൻ. യൂകെയിൽ എത്തി കോഴ്സിന് ചേർന്നു. ആദ്യ ഇന്റർവ്യൂവിൽ തന്നെ ജോലിയായി. ഭർത്താവ് രാഹുലിനും പെട്ടെന്ന് ജോലിയിൽ പ്രവേശിക്കാൻ കഴിഞ്ഞു. ഇംഗ്ലണ്ടിൽ എത്തിയിട്ടും എന്റെ അടിസ്ഥാന സ്വഭാവങ്ങൾ ഉപേക്ഷിക്കാൻ ഞാൻ തയ്യാറായില്ല. ശുദ്ധമായ ഭക്ഷണം വയറിനും പ്രാർത്ഥന മനസിനും ഔഷധമാണല്ലോ. ഒരു ദിവസം സന്ധ്യക്ക്, ഞാൻ നിലവിളക്കൊരുക്കി പ്രാർത്ഥിക്കാനിരുന്നു. ഒരു വെള്ളിവെളിച്ചം മുന്നിൽ ഉദിച്ചുനിൽക്കുന്നു. തൂവെള്ള വസ്ത്രം ധരിച്ച് പ്രസന്നവദനനായി നാരായണഗുരു. കണ്ണടച്ച് തുറന്നപ്പോഴേക്കും ആ ദിവ്യരൂപം മറഞ്ഞു. ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത ആനന്ദമായിരുന്നു മനസിൽ. ഭഗവാനെ കണ്ടു, പ്രത്യക്ഷപ്പെട്ടു എന്നൊക്കെ കേട്ടിട്ടേയുള്ളൂ. അതൊന്നും വിശ്വസിക്കാത്തയാളാണ് ഞാൻ. ചെട്ടികുളങ്ങരയിൽ കഴിയുന്ന സ്വാമിജിയുടെ ഗുരു എങ്ങനെ ലീഡ്സിൽ പ്രാർത്ഥിച്ചുകൊണ്ടിരിക്കുന്ന എന്റെ മുന്നിൽ പ്രത്യക്ഷമായി? ഭഗവാന് മാത്രമേ ഏത് രൂപത്തിലും വേഷത്തിലും പ്രത്യക്ഷപ്പെടാൻ കഴിയൂ എന്ന് മനസിലാക്കി. വേഗം പ്രാർത്ഥന പൂർത്തിയാക്കി സ്വാമിജിയെ ഫോണിൽ ബന്ധപ്പെട്ടു. എനിക്കുണ്ടായ ദർശനവും ആനന്ദവും പങ്കുവച്ചു. പിന്നെ ഭഗവാന്റെ ഇടപെടൽ ബോദ്ധ്യം വരുന്ന നിരവധി സന്ദർഭങ്ങൾ. ബ്രിട്ടനിൽ കുടിയേറ്റ നിയമങ്ങളിൽ മാറ്റങ്ങൾ വരാൻ പോകുന്നു, ഇന്ത്യക്കാരൊക്കെ ആശങ്കയിലായി. ഞാനപ്പോഴും ശരണപ്പെട്ടത് ജ്ഞാനാനന്ദഗുരുവിനെ മാത്രമാണ്.''പ്രാർത്ഥിക്കാം"" എന്ന ഗുരുവാക്കു കേട്ടാൽ നമുക്ക് ആശ്വാസമാണ്. ഒരുവർഷം കഴിഞ്ഞപ്പോഴേക്കും തിരിച്ചുപോരേണ്ട സ്ഥിതിയായി. വിസ പുതുക്കാൻ കഴിയുന്നില്ല. സ്പോൺസറെ കണ്ടെത്താൻ കഴിയുന്നില്ല. ഡിപെൻഡന്റ് വിസയിലുള്ള ഭർത്താവിന്റെ കാര്യം കഷ്ടത്തിലായി. വിസയുടെ കാലാവധി തീരാൻ ഏതാനും ദിവസം ഉള്ളപ്പോഴാണ് ഞാൻ ജോലിചെയ്യുന്ന കമ്പനി തന്നെ എന്റെ സ്പോൺസർഷിപ്പ് ഏറ്റെടുത്തത്. ഭഗവാന്റെ വിലയറിഞ്ഞ നിമിഷം. അമ്മയ്ക്ക് ഭൂമിയും വീടുമായി. കഴിഞ്ഞ വിഷുവിന് പുരവാസ്തോലി തീരുമാനിച്ചു. അമ്മ ഒറ്റയ്ക്കെന്ന് വിഷമിച്ചപ്പോൾ സ്വപ്നത്തിൽ; അമ്മയും ഉണ്ട് ഞാനും ഉണ്ട്. തലയിൽ കയ്യ് വച്ച് പ്രാർത്ഥിച്ചുകൊണ്ട് സ്വാമിജി എന്നോട് പറയുകയാണ് ''നീ വിഷമിക്കയൊന്നും വേണ്ട, അമ്മ സുരക്ഷിതയായിരിക്കും, ഭഗവാൻ കാവലുണ്ടാകും"" എന്ന്. അത് പകർന്ന സന്തോഷം പറഞ്ഞറിയിക്കാൻ പറ്റുന്നതല്ല. പിന്നവിടെ നില്ക്കാൻ തോന്നിയില്ല ഞങ്ങൾ ടിക്കറ്റ് റെഡി ആക്കി ആരെയും അറിയിക്കാതെ വിഷുവിന്റന്നു കാലത്തു പുതിയ വീട്ടിൽ എത്തി. ചടങ്ങുകളിൽ സംബന്ധിച്ച് നിർവൃതി അടഞ്ഞു. നമസ്തേ.
അന്ധനും ബധിരനും മൂകനുമായ
കുഞ്ഞിനെ അനുഗ്രഹിച്ച ശ്രീനാരായണൻ
വസന്താദേവി @8590530749
ഞാൻ ആലപ്പുഴ പള്ളിപ്പാട്ട് കുപ്പത്തറ വീട്ടിൽ ഓമനക്കുട്ടന്റെ ഭാര്യ വസന്താദേവി. 2002 മേയ് 16-ന് ഹരിപ്പാട് ഗവൺമെന്റ് ആശുപത്രിയിൽ ഞാൻ രണ്ടാമത്തെ കുഞ്ഞിന് ജന്മംനല്കി. ജീവനില്ലെന്നു പറഞ്ഞ് കുഞ്ഞിനെ ആലപ്പുഴ മെഡിക്കൽ കോളേജിലേക്ക് അയച്ചു. അവിടെ വെന്റിലേറ്ററിൽ പത്ത് ദിവസം, ജീവൻ വീണു. അവനു ശ്രീക്കുട്ടൻ എന്നു പേരിട്ടു. ഏഴ് മാസമാകുമ്പോഴാണ് കുഞ്ഞിന് കാഴ്ചയും കേഴ്വിയും ഇല്ലെന്ന് തിരിച്ചറിയുന്നത്. കുഞ്ഞിനെ ആലപ്പുഴ മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്തു. ശാസ്ത്രീയമായ പരിശോധനകൾക്കു വിധേയമാക്കിയ ഡോ.റീനാ വർഗ്ഗീസ് എറണാകുളം ലിസി ഹോസ്പിറ്റലിലേക്ക് റഫർ ചെയ്തു. ന്യൂറോളജി വിഭാഗത്തിലെ ഡോ. റെജി പോൾ എം.ഡി. (ന്യൂറോ) നൂതനസാങ്കേതിക വിദ്യ ഉപയോഗിച്ച് വിദഗ്ദ്ധ പരിശോധന നടത്തി. ശിശുവിന്റെ കണ്ണിലെ പേശികൾക്ക് വളർച്ച ഇല്ല. ഓപ്പറേഷൻ പ്രയോജനപ്പെടില്ല. കുഞ്ഞിന് ഒന്നര വയസാകുമ്പോൾ ഒന്നുകൂടി പരിശോധിക്കാം എന്ന് ഡോക്ടർ ഞങ്ങളോട് പറഞ്ഞു. കൂടുതൽ പരിശോധനയിൽ കുട്ടി ബധിരനും മൂകനും ആണെന്നും കണ്ടെത്തി. ഞങ്ങൾ ദുഃഖാർത്തരായി. വീട് മൗനത്തിലായി. നേര്യംപറമ്പിൽ കൃഷ്ണൻകുട്ടിയിൽ നിന്നുള്ള അറിവ് വച്ച് 2003 മാർച്ച് രണ്ടാം തീയതി ഞങ്ങൾ ചെട്ടികുളങ്ങര സേവാശ്രമത്തിൽ എത്തി. തീരാദുഃഖം ആശ്രമാചാര്യനായ ജ്ഞാനാനന്ദസ്വമികളെ അറിയിച്ചു. അന്നത്തെ സമൂഹപ്രാർത്ഥനയിൽ ഞങ്ങളും പങ്കുകൊണ്ടു. ഞങ്ങൾക്ക് ആവശ്യമായ ഉപദേശങ്ങൾ നല്കി. വേദിയിൽ വിളിച്ചിരുത്തി പ്രാർത്ഥിച്ചു. കുഞ്ഞിന്റെ ശിരസിൽ തൃക്കരം വച്ച് അനുഗ്രഹിച്ചു. ഭക്ഷണത്തിന് ശേഷം ഞങ്ങൾ വീട്ടിലേക്ക് മടങ്ങി. അടുത്ത പ്രഭാതത്തിൽ സൂര്യോദയം പോലെ എന്റെ കുഞ്ഞിന് കാഴ്ച ലഭിച്ചു.'കുഞ്ഞ് അമ്മയെ കാണുന്നു" എന്ന സുവിശേഷം ഞാൻ ഉടൻ സ്വാമികളെ വിളിച്ചറിയിച്ചു. ''ശുദ്ധജലത്തിൽ പായലും പോളയും മൂടി കിടന്നാൽ ജലം കാണാൻ കഴിയില്ല. അതുപോലെ കുഞ്ഞിന്റെ ബോധതലത്തിൽ മുജ്ജന്മ പാപമാലിന്യം ഇന്ദ്രിയങ്ങളെ മൂടി കിടക്കുകയായിരുന്നു. ദൈവശക്തി തലയിലെ മാലിന്യങ്ങൾ രണ്ടുഭാഗത്തേക്ക് മാറ്റിയപ്പോൾ ജീവനിൽ ദൈവപ്രഭ പ്രസരിച്ചു. കണ്ണിന് കാഴ്ച യും കാതിന് കേൾവിയും ഉണ്ടായി. വൈദ്യശാസ്ത്രത്തിന്റെ പരിമിതികൾ ശാസ്ത്രലോകം സമ്മതിക്കണം""എന്ന് ജ്ഞാനാനന്ദജി അന്ന് പറഞ്ഞത് ഇന്നത്തെപ്പോലെ ഓർക്കുന്നു.
അഗ്നിസ്വരൂപനായ ഭഗവാൻ
ജയശ്രീ.എൽ @ 9633442525
2024 നവംബർ 16 മുതൽ സേവാശ്രമത്തിൽ 11 ദിവസത്തെ ബ്രഹ്മമഹായജ്ഞം നടക്കുകയാണ്. പ്രാരംഭമായി ഗുരുകുലത്തിൽ ജ്ഞാനാനന്ദഗുരുദേവ ശിഷ്യൻ ഹവനകർമ്മം ആരംഭിച്ചു. ഞാൻ ഏകാഗ്രതയോടെ കണ്ണുകളടച്ച് കൈകൾ കൂപ്പി ധ്യാനിച്ചിരിക്കുകയാണ്. ഹവനമന്ത്രം ഉരുവിട്ട് ഹൗസുക്കൾ അഗ്നിദേവന് സമർപ്പിക്കുന്നു. കണ്ണൊന്നു തുറക്കണെമന്നു തോന്നി. പത്മാസനയോഗത്തിൽ ഭഗവാൻ പുരുഷാകാരം പൂണ്ട് അഗ്നിസ്വരൂപനായി കർമ്മം ചെയ്യുന്ന സ്വാമിജിയുടെ ഉയരവും കടന്ന് അഗ്നിവികസിച്ച് പടരുന്നത് കണ്ടു. എന്തോ അപകടമാണോ?വിളിച്ചു പറയണമെന്നുണ്ട്. ശബ്ദം പുറത്തേക്കുവരുന്നില്ല. ആരും ഇത് കാണുന്നില്ലേ? ഞാൻ ശങ്കിച്ചു. എന്റെ ഉള്ളം കുളിരുന്നുണ്ട്, ശരീരം വിറക്കുന്നു. കണ്ണുകൾ ഇറുകെയടച്ച് പ്രാർത്ഥനയിൽ മുഴുകാൻ ശ്രമിച്ചു. ഹവനം കഴിഞ്ഞതും ജ്ഞാനാനന്ദഗുരുവിന്റെ സമക്ഷത്തേക്കോടി. ദർശനാനുഭവം പറഞ്ഞു. കൽക്കി അവതാരം അഗ്നിസ്വരൂപനാണ്, ആ ചിതാഗ്നിയിലാണ് ദുഷ്ടനിഗ്രഹം നടക്കുന്നത് എന്ന് സ്വാമിജി പറയാറുള്ളത് എന്റെ കാതുകളിൽ മുഴങ്ങിക്കൊണ്ടിരുന്നു. ശ്രീനാരായണ ധർമ്മം ജയിക്കട്ടെ!
ജനിതക വൈകല്യത്തിൽ നിന്ന് അത്ഭുതമുക്തി
രേഖാ അനിൽകുമാർ @ 9544331877
ഞാൻ പല്ലാരിമംഗലം പുലിപ്രവടക്കേതിൽ അനിൽകുമാറിന്റെ ഭാര്യ രേഖ. വിവാഹം കഴിഞ്ഞ് നാല് വർഷത്തെ കാത്തിരിപ്പിനുശേഷം ഞങ്ങൾക്കൊരു പെൺകുഞ്ഞ് ജനിച്ചു. അനുകീർത്തന. അനേകം ജന്മവൈകല്യങ്ങളോടുകൂടിയ ജനനം. കുഞ്ഞിന്റെ കഴുത്ത് ഒടിഞ്ഞതുപോലെ തൂങ്ങി കിടക്കുകയായിരുന്നു. പല ആശുപത്രികൾ കയറി ഇറങ്ങി. ഒടുവിൽ കായംകുളം എബനേസർ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു. ഡോ. ഗോൾഡ് ഉദയന്റെ നേതൃത്വത്തിൽ എക്കോ, കാർഡിയോഗ്രാഫി, അൾട്രാസൗണ്ട് സ്കാനിംഗ് തുടങ്ങി അനേകം പരിശോധനകൾ. മൂന്ന് മാസം അവിടെ ചികിത്സിച്ചു. അതിനുശേഷം അദ്ദേഹം തിരുവനന്തപുരം എസ്.എ.റ്റി. ഹോസ്പിറ്റലിലേക്ക് റഫർ ചെയ്തു. പീഡിയാട്രിക് ജനറ്റിക് ഡിപ്പാർട്ട്മെന്റിലെ ഡോ. V.H ശങ്കറിനെ കാണിച്ചു. കുഞ്ഞിന്റെ രക്തം പരിശോധനയ്ക്കായി വെല്ലൂർ മെഡിക്കൽ കോളേജിലേക്കയച്ചു. റിസൾട്ട് വന്നപ്പോൾ ജനിതകവൈകല്യമാണ്; ഡൗൺസിൻഡ്രം സ്ഥിരീകരിച്ചു. ഭൂമി കീഴ്മേൽ മറിയുന്ന പ്രതീതി. ഡോ. എന്നെ സമാധാനപ്പെടുത്തിക്കൊണ്ടിരുന്നു. തിരുവനന്തപുരത്തുതന്നെയുള്ള ചൈൽഡ് ഡെവലപ്മെന്റ് സെന്ററിൽ (CDC) പോയി വ്യായാമം പഠിക്കണം. കുഞ്ഞിനെ പരിചരിക്കണം. ഞാൻ പഠിച്ച് മാസങ്ങളോളം കുഞ്ഞിൽ പരീക്ഷിച്ചു. ഒരു ഫലവും ഉണ്ടായില്ല. നിരാശയും അപമാനഭാരവും എന്നെ തകർത്തു. ആത്മഹത്യ ചെയ്യാനുറച്ചു. അമ്മയെ ഫോണിൽ വിളിച്ചു, ഞാൻ വേണ്ടാത്തത് ചിന്തിക്കുന്നു എന്ന് തോന്നിയ അമ്മ എന്നെ ഉപദേശിക്കുകയും ശാസിക്കുകയും ചെയ്തു. ആത്മഹത്യ ഒന്നിനും പരിഹാരമല്ലെന്ന് ജ്ഞാനാനന്ദസ്വാമികൾ ഉപദേശിക്കാറുള്ളത് ഓർമ്മപ്പെടുത്തി. മാതാപിതാക്കൾ എന്നെയും കൂട്ടി സേവാശ്രമത്തിൽ എത്തി. ദിവസവും ഏഴുമണിക്ക് തുടങ്ങുന്ന ഹവനത്തിലും പ്രാർത്ഥനയിലും പങ്കെടുത്തു. ഏതാനും ദിവസം ആയപ്പോൾ കുഞ്ഞിന്റെ തലയും കഴുത്തും ഉടലുമായി ഉറച്ചു. ജലഭൂതങ്ങൾ ഊതിവീർപ്പിച്ച ഉടലും തലയും അധികരിച്ച് കുഞ്ഞിന്റെ ഭാരം വർദ്ധിച്ചു. മാറാത്ത പനി. നാവ് പുറത്തേക്ക് നീട്ടി ജലം ഇറ്റിച്ചുകൊണ്ടിരുന്നു. കുട്ടിയുടെ പിതാവിന്റെ കുടുംബദൈവമായ ഭദ്രകാളിയുടെ അനുഗ്രഹമായിരുന്നു ഇതെല്ലാം. കഴിഞ്ഞ ജന്മത്ത് കുട്ടിയെ കഴുത്തറുത്തു കാളിക്ക് ഗുരുതികൊടുത്തതായിരുന്നു. അതാണ് കഴുത്ത് അറ്റതുപോലെ ഒടിഞ്ഞു കിടന്നിരുന്നത്. ഈ മുജ്ജന്മ പാപശക്തികളെയും ദുർദ്ദേവതകളെയും ജ്ഞാനാനന്ദസ്വാമികൾ ആത്മമോചനകർമ്മത്തിലൂടെ നിഗ്രഹിച്ചപ്പോൾ കുട്ടി ജനിതകവൈകല്യത്തിൽ നിന്നും മുക്തയായി. ഗുരുകടാക്ഷം, എനിക്ക് സിവിൽ കോടതിയിൽ PSCനിയമനം ലഭിച്ചു. മകൾ ഇന്ന് സ്കൂളിൽ പഠിക്കുന്നു. ഇതാണ് സേവാശ്രമം ലോകത്തിനു അനുഭവമാക്കിക്കൊടുക്കുന്ന നാരായണഗുരു എന്ന സാക്ഷാൽ ഈശ്വരൻ.
തയ്യാറാക്കിയത്: സ്വാമി ഗുരുജ്ഞാനാനന്ദൻ, അനൂപ് ചന്ദ്രൻ.
Contact: ശ്രീനാരായണ ഗുരുധർമ്മാനന്ദ സേവാസമിതി,
ചെട്ടികുളങ്ങര,
മാവേലിക്കര 6,
Ph: 9446963054 / 9446191701 / 9447763749.