കൈക്കൂലി വാങ്ങിയ കെ.എസ്.ഇ.ബി സബ് എൻജിനീയർ അറസ്റ്റിൽ
കാസർകോട്: താൽക്കാലിക വൈദ്യുതി കണക്ഷൻ സ്ഥിരപ്പെടുത്തി നൽകുന്നതിനുള്ള കൈക്കൂലിയായി വാങ്ങിയ 3000 രൂപയുമായി കെ എസ്.ഇ.ബി ചിത്താരി സെക്ഷൻ ഓഫീസിലെ സബ് എൻജിനിയർ കെ.സുരേന്ദ്രനെ വിജിലൻസ് ആന്റ് ആന്റി കറപ്‌ഷൻ ബ്യുറോ പിടികൂടി. ഇന്നലെ വൈകുന്നേരം അഞ്ചേകാലോടെയാണ് കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസിൽ വച്ച് കൈക്കൂലിയുമായി ഈയാളെ ഡിവൈ.എസ്.പി വി. ഉണ്ണികൃഷ്ണനും സംഘവും പിടികൂടിയത്. നടപടികൾ പൂർത്തിയാക്കി ഇയാളെ തലശേരി വിജിലൻസ് കോടതിയിൽ ഹാജരാക്കും.
പൂച്ചക്കാട് മുക്കൂടിൽ നിർമ്മാണത്തിലിരുന്ന വീടിന്റെ താൽക്കാലിക കണക്ഷൻ സ്ഥിരപ്പെടുത്തുന്നതിന് ഈ മാസം 19 ന് ചിത്താരി സെക്ഷൻ ഓഫീസിൽ ഓൺലൈൻ ആയി അപേക്ഷ നൽകിയിരുന്നു. രണ്ടുദിവസം കഴിഞ്ഞ് സ്ഥലം സന്ദർശിച്ച സബ് എൻജിനിയർ താൽക്കാലിക കണക്ഷൻ വേഗത്തിൽ സ്ഥിരമാക്കി നൽകുന്നതിന് നിശ്ചിത ഫീസിന് പുറമെ 3000 രൂപ കൂടുതലായി ആവശ്യപ്പെട്ട വിവരം പരാതിക്കാരൻ കാസർകോട് വിജിലൻസ് ഡിവൈ.എസ്.പിയെ അറിയിക്കുകയായിരുന്നു. തുടർന്ന് വിജിലൻസ് സംഘത്തിന്റെ നിർദ്ദേശപ്രകാരം ഇന്നലെ വൈകിട്ട് കെ എസ് ഇ ബി സെക്ഷൻ ഓഫീസിന് മുന്നിലെത്തിയ പരാതിക്കാരൻ സബ് എൻജിനിയർക്ക് 3000 രൂപ കൈമാറുമ്പോഴാണ് വിജിലൻസ് സംഘം കൈയോടെ പിടികൂടിയത്.