തലശ്ശേരി ജഗന്നാഥ നവോത്ഥാന മ്യൂസിയം ജനുവരിയിൽ പൂർത്തിയാകും

Friday 22 August 2025 10:21 PM IST

തലശ്ശേരി: കേരള ചരിത്രത്തിൽ സുപ്രധാന സ്ഥാനമുള്ള തലശ്ശേരി ജഗന്നാഥക്ഷേത്രത്തിലെ നവോത്ഥാന മ്യൂസിയം പ്രോജക്ട് അതിവേഗം പൂർത്തിയാക്കും.സ്പീക്കർ എ.എൻ.ഷംസീറിന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ മ്യൂസിയത്തിന്റെ ക്യൂറേഷൻ ചുമതല കേരള മ്യൂസിയത്തെ ഏൽപ്പിക്കാൻ തീരുമാനിച്ചു. ശ്രീനാരായണ ഗുരുദേവൻ പ്രതിഷ്ഠ നടത്തിയ ഈ ക്ഷേത്രം കേരളത്തിന്റെ സാമൂഹിക നവീകരണ പ്രസ്ഥാനത്തിന്റെ സുപ്രധാന കേന്ദ്രമെന്ന നിലയിൽ പ്രസിദ്ധമാണ്. സന്ദർശകർക്ക് നവോത്ഥാന ചരിത്രത്തിന്റെ പുതിയ അനുഭവം സമ്മാനിക്കുന്ന രീതിയിൽ ആകർഷകമായി മ്യൂസിയത്തിന്റെ ഡിസൈൻ പൂർത്തിയാക്കുമെന്ന് കേരള മ്യൂസിയം എക്സിക്യൂട്ടീവ് ഡയറക്ടർ ചന്ദ്രൻപിള്ള അറിയിച്ചു.ടൂറിസം വകുപ്പിന്റെ തലശ്ശേരി ഹെറിറ്റേജ് പദ്ധതിയുടെ ഭാഗമായാണ് ഈ മ്യൂസിയം ഒരുക്കുന്നത്. സ്പീക്കർ എ.എൻ. ഷംസീറിന്റെ ചേംബറിൽ നടന്ന യോഗത്തിൽ മ്യൂസിയം ഡയറക്ടർ പി.എസ്.മഞ്ജുളാ ദേവി,കിഫ്ബി അസിസ്റ്റന്റ് പ്രോജക്ട് മാനേജർ ടി.നന്ദു, സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി ടി.മനോഹരൻ നായർ, അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി എം.കുഞ്ഞിമോൻ, അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി എസ്.കെ.അർജുൻഎന്നിവരും പങ്കെടുത്തു. മ്യൂസിയം കേരളത്തിന്റെ സാംസ്‌കാരിക പൈതൃകത്തെ ആഗോളതലത്തിൽ പ്രചരിപ്പിക്കുന്നതിനും വിനോദസഞ്ചാര മേഖലയ്ക്ക് പുതിയ മാതൃകകൾ നൽകുന്നതിനും സഹായകമാകുമെന്നാണ് കണക്കുകൂട്ടുന്നത്.

ജഗന്നാഥക്ഷേത്രം നവോത്ഥാന മ്യൂസിയം ബഡ്ജറ്റിൽ അനുവദിച്ചത് 3 കോടി

പൂർത്തീകരണ സമയം: 2025 ജനുവരി

ഡി.പി.ആർ തയ്യാറാക്കിയത് 2024 ഒക്ടോബർ നിർമ്മാണ കാലാവധി: 3 മാസം