സ്റ്റേഷൻ നവീകരണ തുക വെട്ടിക്കുറച്ച് റെയിൽവേ; വാണിജ്യസ്ഥാപനം ഒഴിവാക്കി നവീകരണം ?

Saturday 23 August 2025 12:00 AM IST

തൃശൂർ: വിമാനത്താവള മാതൃകയിൽ തൃശൂർ റെയിൽവേ സ്റ്റേഷൻ നവീകരിക്കുമ്പോൾ വാണിജ്യസ്ഥാപനങ്ങളും നിർമ്മിക്കാനുളള തീരുമാനം ഒഴിവാക്കിയതായി സൂചന. അടങ്കൽത്തുക വെട്ടിക്കുറച്ചത് ഇതിന്റെ ഭാഗമാണെന്നാണ് വിവരം.

റെയിൽവേ പ്രഖ്യാപിച്ച അമൃത് ഭാരത് സ്റ്റേഷൻ പദ്ധതി പ്രകാരം 393.58 കോടി രൂപ ചെലവഴിച്ചാണ് സ്റ്റേഷൻ നവീകരണം. എന്നാൽ അടങ്കൽത്തുക 253.76 കോടി രൂപയാക്കി വെട്ടിക്കുറച്ച് വീണ്ടും ദർഘാസ് ക്ഷണിക്കുകയായിരുന്നു. വൻകിട ഹോട്ടലുകൾ അടക്കമുളള വാണിജ്യസ്ഥാപനങ്ങൾ നിർമ്മിക്കാനായിരുന്നു പദ്ധതി. എന്നാൽ മറ്റ് സ്റ്റേഷനുകളിൽ ലാഭകരമല്ലെന്ന് കണ്ട് ഒഴിവാക്കിയെന്നാണ് വിവരം.

യാത്രക്കാർക്ക് പ്രാഥമിക സൗകര്യങ്ങൾ ഒരുക്കാനാണ് ലക്ഷ്യമിടുന്നത്. മൾട്ടിലെവൽ പാർക്കിംഗും വിശാലമാകില്ല. 2024 ഒക്ടോബർ 30ന് ആണ് സ്റ്റേഷൻ നവീകരണത്തിന് അന്തിമാനുമതി ലഭിച്ചത്. രൂപരേഖയ്ക്കു പിന്നാലെ 2025 ജനുവരിയിൽ ടെൻഡർ വിജ്ഞാപനമുണ്ടായെങ്കിലും കരാർ നടപടികൾ പൂർത്തിയാകും മുൻപ് റദ്ദാക്കി.

നിർമ്മാണം വൈകും?

ഈ വർഷം നിർമ്മാണം ആരംഭിക്കാനായിരുന്നു പദ്ധതിയെങ്കിലും പുതിയ ദർഘാസ് ക്ഷണിച്ചതോടെ അടുത്തവർഷം മാത്രമേ നിർമ്മാണം തുടങ്ങുവെന്ന് ഉറപ്പായി. 2026 ആദ്യമാസം തന്നെ നിർമ്മാണം ആരംഭിക്കുമെന്നാണ് പ്രാഥമിക വിവരം. സാംസ്‌കാരിക നഗരത്തിന്റെ പ്രൗഢി നിലനിറുത്തി അന്താരാഷ്ട്രനിലവാരത്തിലുള്ള ആധുനിക സൗകര്യങ്ങളൊരുക്കി സ്റ്റേഷൻ പുനർ നിർമിക്കുകയായിരുന്നു ലക്ഷ്യം. തൃശൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിനെ ബന്ധിപ്പിക്കുന്ന പാതയും ചർച്ചയായിരുന്നു. ദക്ഷിണ റെയിൽവേയുടെ കൺസ്ട്രക്ഷൻ വിഭാഗമാണ് നിർമാണം.

  • അടങ്കൽത്തുകയിൽ കുറവ്: 139.82 കോടി
  • നിർമ്മാണ കാലാവധി: 30 മാസം.
  • കരാർരേഖകൾ സമർപ്പിക്കാനുള്ള അവസാന തീയതി: സെപ്റ്റംബർ 19

സൗകര്യങ്ങൾ:

റിസർവേഷൻ ഉൾപ്പെടെ ടിക്കറ്റ് കൗണ്ടറുകൾ കാൽനട യാത്രക്കാർക്കും സൈക്കിൾ യാത്രക്കാർക്കും പ്രത്യേക പാതകൾ റെയിൽവേ ജീവനക്കാർക്കായി അപ്പാർട്ട്‌മെന്റ് വീതിയേറിയ നടപ്പാലങ്ങൾ, ലിഫ്റ്റുകൾ എസ്‌കലേറ്റർ, ഹോട്ടൽ അടക്കം വാണിജ്യ സ്ഥാപനങ്ങൾ ഒരു വർഷം തൃശൂർ റെയിൽവേ സ്റ്റേഷനെ ആശ്രയിക്കുന്നവർ : 70 ലക്ഷം

തൃശൂർ റെയിൽവേ സ്റ്റേഷന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്കായുളള നടപടികൾക്ക് വേഗം കൂട്ടണം. പി. കൃഷ്ണകുമാർ (ജനറൽ സെക്രട്ടറി, റെയിൽവേ പാസഞ്ചേഴ്‌സ് അസോസിയേഷൻ)