അനധികൃത മത്സ്യബന്ധനം: തമിഴ്നാട് സംഘം പിടിയിൽ

Saturday 23 August 2025 2:23 AM IST

അമ്പലപ്പുഴ: അനധികൃത മത്സ്യബന്ധനത്തിനിടെ തമിഴ്നാട്ടിൽ നിന്നുള്ള സംഘം ബോട്ടുകൾ സഹിതം പൊലീസിന്റെ പിടിയിലായി. പുറക്കാട് പടിഞ്ഞാറ് ഭാഗത്തായി മത്സ്യബന്ധനം നടത്തിയ തമിഴ്നാട് കുളച്ചലിൽ നിന്നുള്ള സംഘത്തെയാണ് തോട്ടപ്പള്ളി കോസ്റ്റൽ പൊലീസ് കസ്റ്റഡിയിലെടുത്തത്.

രണ്ട് ബോട്ടുകളിലായി മത്സ്യബന്ധനം നടത്തുകയായിരുന്ന തമിഴ്നാട് സംഘത്തെ തദ്ദേശീയരായ തൊഴിലാളികൾ ബോട്ട് ഉപയോഗിച്ച് തടഞ്ഞുവച്ച ശേഷം കോസ്റ്റൽ പൊലീസിൽ അറിയിക്കുകയായിരുന്നു. നിരോധിത ലൈറ്റ് ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുന്നതിനിടെയാണ് ഇവർ പിടിയിലായത്.

കേരളത്തിൽ മത്സ്യബന്ധനം നടത്തുന്നതിനുള്ള സർട്ടിഫിക്കറ്റ് ഇല്ലായിരുന്നു. കാലാവധി കഴിഞ്ഞ സർട്ടിഫിക്കറ്റായിരുന്നു ഉണ്ടായിരുന്നത്. ബോട്ട് സ്രാങ്കിനും ലൈസൻസ് ഉണ്ടായിരുന്നില്ല. ബോട്ടുകളിൽ നിന്ന് ലൈറ്റുകളും പിടിച്ചെടുത്തു. അനധികൃത മത്സ്യബന്ധനത്തിന് പിഴ ഈടാക്കുമെന്നും കോസ്റ്റൽ പൊലീസ് പറഞ്ഞു.

തോട്ടപ്പള്ളി കോസ്റ്റൽ പൊലീസ് സ്റ്റേഷൻ ഐ.എസ്.എച്ച്.ഒ കെ.പി. വിനോദിന്റെ നിർദ്ദേശാനുസരണം സബ് ഇൻസ്‌പെക്ടർ ഷൈബു, സിവിൽ പൊലീസ് ഓഫീസർ ബിജു ഇസ്മായിൽ, ബോട്ട് ഡ്രൈവർ സുനിൽ, ലാസ്‌കർ സുഭാഷ്, കോസ്റ്റൽ വാർഡന്മാരായ വിജിത്ത്, വിനു ബാബു, അഭിജിത്, ജെയ്സൻ എന്നിവരുടെ സംഘമാണ് ബോട്ടുകൾ പിടികൂടിയത്.