നടാലിൽ ദേശീയപാതയിലേക്കുള്ള പ്രവേശനം തടഞ്ഞു; കണ്ണൂർ-തോട്ടട-തലശേരി റൂട്ടിൽ വീണ്ടും സ്വകാര്യബസ് പണിമുടക്ക്
കണ്ണൂർ: ദേശീയപാത വികസനപ്രവൃത്തിയുടെ പേരിൽ നടാലിൽ പ്രവേശനം വീണ്ടും തടഞ്ഞതിനെ തുടർന്ന് കണ്ണൂർ-തോട്ടട-തലശേരി റൂട്ടിൽ വീണ്ടും സ്വകാര്യബസുകൾ പണിമുടക്കി.കഴിഞ്ഞ ചൊവ്വാഴ്ച മുന്നറിയിപ്പില്ലാതെ അധികൃതർ നടാലിൽ ദേശീയപാതയിലേക്കുള്ള പ്രവേശനം തടഞ്ഞ് ബസുകൾ വഴി തിരിച്ച് വിട്ടതിനെ തുടർന്ന് ബസുകൾ പണിമുടക്കിയിരുന്നു. റോഡ് തുറന്ന് നൽകാമെന്ന ഉറപ്പിൽ അന്ന് സമരം അവസാനിപ്പിച്ചെങ്കിലും ഇന്നലെ വീണ്ടും പ്രവേശനം തടഞ്ഞതോടെ രാവിലെ പതിനൊന്നോടെ ബസുകൾ സർവീസുകൾ നിർത്തുകയായിരുന്നു.
കണ്ണൂരിൽ നിന്ന് തോട്ടട വഴി തലശേരിയിലേക്ക് വരുന്ന ബസുകളെ നടാൽ റെയിൽവേ ഗേറ്റ് കടന്ന് ഇടത്തോട്ട് പഴയ ബൈപാസ് റോഡ് വഴി 500 മീറ്റർ കഴിഞ്ഞ് പുതിയ ദേശീയ പാതയിലേക്ക് കടത്തി വിടുകയാണ് ചെയ്തത്. ഇതോടെ ബസുകൾക്ക് അധികദൂരം സഞ്ചരിക്കേണ്ടിവന്നു. പെട്ടെന്നുള്ള ബസ് സമരത്തിൽ യാത്രക്കാരും ഏറെ വലഞ്ഞു. കെ.എസ്.ആർ.ടി.സി സർവീസില്ലാത്ത ഈ റൂട്ടിൽ സ്വകാര്യ ബസ് സർവീസ് നിർത്തിയത് ജനത്തെ വലച്ചു. ദേശീയപാതയിലേക്കുള്ള പ്രവേശനം നൽകും വരെ സമരം തുടരാനാണ് തൊഴിലാളികളുടെ തീരുമാനം.
നാട്ടുകാർക്കും പ്രതിഷേധം
അടിപ്പാതവിഷയത്തിൽ നടപടി ഉണ്ടാകാത്തതിൽ പ്രതിഷേധിച്ച് നാട്ടുകാർ റോഡ് പണി തടഞ്ഞും പ്രതിഷേധിച്ചു. നടാലിൽ ബസുകളടക്കമുള്ള വലിയ വാഹനങ്ങൾക്ക് തലശേരിയിലേക്കുള്ള സർവീസ് റോഡിലേക്ക് പ്രവേശിക്കാൻ അടിപ്പാത നിർമ്മിക്കണമെന്ന് നാട്ടുകാർ നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ദേശീയപാത അധികൃതർ ഈ നിർദേശം പരിഗണിച്ചില്ല. അടിപ്പാത നിർമ്മിക്കണമെന്ന ആവശ്യം തള്ളിയതോടെ കർമ്മസമിതി മുഖ്യമന്ത്രിക്കും പരാതി നൽകിയിരുന്നു. ഇന്നലെ നാട്ടുകാർ റോഡ് നിർമ്മാണം തടഞ്ഞതോടെ ദേശീയപാതാ അധികൃതരുമായി വാക്കുതർക്കമുണ്ടായി. സംഘർഷമൊഴിവാക്കാൻ എടക്കാട് പൊലീസ് സ്ഥലത്തെത്തി. വിവരമറിഞ്ഞ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനും സ്ഥലത്തെത്തിയിരുന്നു.