വെളിച്ചെണ്ണ വില കുറയുന്നു, പച്ചക്കറിയിലും ആശ്വാസം
ആലപ്പുഴ : ഓണം അടുക്കവേ വെളിച്ചെണ്ണ വില ഇടിയുന്നതിൽ ജനങ്ങൾക്ക് ആശ്വാസം. ജൂലായ് അവസാന വാരം കിലോയ്ക്ക് 449 രൂപ വരെ എത്തിയ വെളിച്ചെണ്ണയുടെ വില ഇന്നലെ 405 രൂപയിലേക്ക് താഴ്ന്നു. കേരഫെഡ് നാളികേര സംഭംരണം ആരംഭിച്ചതോടെ വരുംദിവസങ്ങളിൽ വിലയിൽ വീണ്ടും ഇടിവുണ്ടാകുമെന്നാണ് പ്രതീക്ഷ. ഇതിനൊപ്പം പച്ചക്കറി വിലയിലും മാറ്റം പ്രകടമായിത്തുടങ്ങി.
പല ഇനങ്ങൾക്കും വില ഇടിഞ്ഞിട്ടുണ്ട്. മാസങ്ങൾക്ക് മുമ്പ് കിലോയ്ക്ക് 400രൂപ വരെ എത്തിയിരുന്ന വെളുത്തുള്ളിക്ക് നിലവിൽ 90 - 100 രൂപയാണ് മൊത്തവില. വലിപ്പമനുസരിച്ച് നിരക്കിൽ മാറ്റം വരും. നാല് കിലോ സവാള 100രൂപയ്ക്ക് വിപണിയിൽ ലഭിക്കും. തക്കാളി, മാങ്ങ, ക്യാരറ്റ് എന്നിവയ്ക്കാണ് വില കൂടിയിട്ടുള്ളത്. തക്കാളിക്ക്- 35, മാങ്ങ- 50, ക്യാരറ്റ് -60 എന്നിങ്ങനെയാണ് കിലോഗ്രാമിന് മൊത്തനിരക്ക്. ചില്ലറ വിൽപ്പനയ്ക്കെത്തുമ്പോൾ 10 മുതൽ 20രൂപ വരെ കൂടും. തമിഴ്നാട്, മൈസൂർ എന്നിവിടങ്ങളിൽനിന്നാണ് ആലപ്പുഴയിലേക്കുള്ള പച്ചക്കറികൾ കൂടുതലായും വരുന്നത്. ഓണത്തോട് അനുബന്ധിച്ച് വരുംദിവസങ്ങളിൽ ഡിമാൻഡിന് അനുസൃതമായി വില വർദ്ധിക്കും.
ഉപ്പേരി വിപണിയും ഉഷാർ
ഓണത്തിനുള്ള ഉപ്പേരി തയ്യാറാക്കുന്ന തിരക്കാണ് ഇപ്പോൾ എല്ലായിടത്തും
ഏത്തയ്ക്ക ചിപ്സ്, ശർക്കര വരട്ടി തുടങ്ങിയവ കടകളിൽ നിറഞ്ഞു
ഏത്തയ്ക്കയുടെ വില കിലോഗ്രാമിന് 45 രൂപ വരെ വിലയുണ്ട്
നാടൻ ഏത്തയ്ക്കയോടാണ് എല്ലാവർക്കും പ്രിയം
മൊത്തവ്യാപാര വില (കിലോഗ്രാമിന് രൂപയിൽ)
(കഴിഞ്ഞ ആഴ്ച - ഇന്നലെ)
പച്ചമുളക് ..........65 - 60
ബീൻസ്..............57 - 50
മാങ്ങ .................50 - 60
ഉള്ളി .................. 53 -52
ബീറ്റ്റൂട്ട് ............41 - 40
മുരിങ്ങയ്ക്ക...........55 - 40
വെള്ളരി ............35 - 33
ഇഞ്ചി..................65 - 60
കേരഫെഡ് തേങ്ങ സംഭരിച്ച് തുടങ്ങിയിട്ടുണ്ട്. വെളിച്ചെണ്ണ വില ഇനിയും ഇടിയും
- സന്ധ്യ, വെളിച്ചെണ്ണ വ്യാപാരി