കേരളവർമ്മയിൽ അകക്കണ്ണിന്റെ വെളിച്ചത്തിൽ വിജയം നേടിയവർ, ഓണമുണ്ണാൻ ക്യാമ്പസിൽ വീണ്ടുമെത്തും
ഒത്തുകൂടൽ 23ന്
തൃശൂർ: ആറരപ്പതിറ്റാണ്ടിൽ അകക്കണ്ണിന്റെ വെളിച്ചത്തിലൂടെ ജീവിതവിജയം നേടിയവർ കേരളവർമ്മ ക്യാമ്പസിന്റെ ഇടനാഴികളിൽ വീണ്ടുമെത്തും. ക്യാമ്പസ് കാലം ഓർത്തെടുക്കാൻ, ഊഞ്ഞാലാടാൻ, ഓണസദ്യയുണ്ണാൻ... 2013ൽ അദ്ധ്യാപകരുടെ സഹായത്തോടെ രൂപീകരിച്ച എസ്.കെ.വി.സി അലുമ്‌നി അസോസിയേഷൻ ഒഫ് ഡിഫറന്റ്‌ലി ഏബിൾഡ് ആണ് ഭിന്നശേഷിക്കാരായ എല്ലാവരെയും ഉൾപ്പെടുത്തി 23ന് ഒത്തുകൂടൽ സംഘടിപ്പിക്കുന്നത്. എല്ലാ വർഷവും വാർഷികാഘോഷവും ഒത്തുചേരലും നടത്താറുണ്ടെങ്കിലും ഓണത്തിന് ഒത്തുകൂടുന്നത് ആദ്യമാണ്. 1960കളിൽ പ്രവേശനം നേടിയ അന്ധവിദ്യാർത്ഥി വാസുവിനുശേഷം ആയിരക്കണക്കിന് വിദ്യാർത്ഥികൾ വെള്ളവടി പിടിച്ചും അല്ലാതെയും കേരളവർമ്മ ക്യാമ്പസിലൂടെ കടന്നുപോയി.
രാഷ്ട്രീയക്കാർ മുതൽ സംരംഭക വരെ
അദ്ധ്യാപകനും കേരള ഫെഡറേഷൻ ഒഫ് ബ്ലൈൻഡിന്റെ സംസ്ഥാന പ്രസിഡന്റുമായിരുന്ന ആദ്യ അന്ധവിദ്യാർത്ഥി വാസു ഇന്നില്ല. പതിറ്റാണ്ടുകളിൽ പഠിച്ചിറങ്ങിയ ആയിരത്തിലേറെ വിദ്യാർത്ഥികളിൽ, അഞ്ചിലേറെപ്പേർ കോളേജ് അദ്ധ്യാപകർ. പത്തോളം പേർ പ്രിൻസിപ്പൽമാരും ഹെഡ്മാസ്റ്റർമാരുമായി. അമ്പതിലേറെപ്പേർ അദ്ധ്യാപകരായി. ആദ്യമായി മലയാളം എം.എ പാസായത് ആര്യാദേവിയായിരുന്നു. യു.യു.സിമാരായി മത്സരിച്ച രാമകൃഷ്ണനും വിനോദുമെല്ലാം ഇടതുരാഷ്ട്രീയത്തിൽ സജീവം.
രാമകൃഷ്ണനായിരുന്നു ആദ്യം എം.ഫിൽ നേടിയത്. ഇന്ത്യൻ ഓയിൽ കോർപ്പറേഷനിൽ ഉദ്യോഗസ്ഥനായി. പലരും ഭിന്നശേഷി തൊഴിൽ കേന്ദ്രങ്ങൾ നടത്തി. ഇരുപത് വർഷം മുൻപ് പഠിച്ചിറങ്ങിയ ഗീത സലീഷ് മഞ്ഞൾ കൊണ്ടുള്ള അപൂർവ ഭക്ഷ്യഉത്പന്നങ്ങൾ ഉണ്ടാക്കി വിദേശത്തേക്ക് കയറ്റി അയച്ച് സംരംഭകയായി. കലോത്സവങ്ങളിൽ സമ്മാനങ്ങൾ വാരിക്കൂട്ടിയ ഗായകൻ കെ.സി.വേലായുധനും അദ്ധ്യാപകനായി. 2023ൽ കേരളവർമ്മയിൽ ചെയർമാൻ സ്ഥാനത്തേക്ക് ആദ്യ അന്ധവിദ്യാർത്ഥിയായി കെ.എസ്.യുവിലെ ശ്രീക്കുട്ടൻ ജയിച്ചതും റീകൗണ്ടിംഗിൽ തോറ്റതും രാഷ്ട്രീയ വിവാദവുമായി.
സമൂഹത്തിൽ ഞങ്ങൾ ഇങ്ങനെയൊക്കെയായി മാറിയെന്ന് എല്ലാവരും അറിയേണ്ടതുണ്ട്. ശാരീരിക പരിമിതികളുള്ളവർക്ക് അതൊരു പ്രചോദനമായാൽ അതാണ് ഞങ്ങളുടെ ജന്മസാഫല്യം. ഗീത സലീഷ്.