പെരുമ തിരികെപ്പിടിക്കാൻ യു.ബി.സി കൈനകരി

Saturday 23 August 2025 1:36 AM IST

നെഹ്റുട്രോഫി ജലമേളയ്ക്ക് ഇനി 8 നാൾ ദൂരം

ആലപ്പുഴ: കൈനകരിക്കാരുടെ സ്വകാര്യ അഹങ്കാരമായ യുണൈറ്റഡ് ബോട്ട് ക്ലബ് തലവടി ചുണ്ടനിലാണ് ഇത്തവണ നെഹ്റു ട്രോഫി ജലോത്സവത്തിൽ തുഴയെറിയുന്നത്. കഴിഞ്ഞതവണ തലവടി ചുണ്ടനിലെത്തിയപ്പോൾ ഫൈനലിലെത്താൻ കഴിയാതിരുന്നതിന്റെ ക്ഷീണം ഇത്തവണ തീർക്കാനാണ് ക്ളബിന്റെ തീവ്രശ്രമം. 30 മൈക്രോ സെക്കൻഡ് സമയത്തിനായിരുന്നു അന്ന് ഫൈനൽ നഷ്ടമായത്.

നെഹ്റു ട്രോഫി ജലമേളയുടെ ചരിത്രത്തിലെ തന്നെ ഗ്ളാമർ ക്ളബുകളിലൊന്നാണ് യു.ബി.സി. ഹാട്രിക്ക് ഉൾപ്പടെ ഒരു ഡസൻ കിരീടങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. അപൂർവ്വ അവസരങ്ങളിൽ മാത്രമാണ് നെഹ്രുട്രോഫി ഫൈനലുകളിൽ യു.ബി.സി എത്താതെ പോയത്. ഇന്ന് ജലമേളയുടെ ആകർഷക ഇനമായ കളിവള്ളങ്ങളുടെ മാസ് ഡ്രിൽ 1979ൽ ആദ്യമായി അവതരിപ്പിച്ചത് മുൻ എം.എൽ.എ സി.കെ.സദാശിവൻ യു.ബി.സിയുടെ ക്യാപ്റ്റനായിരുന്നപ്പോഴാണ്. 2013ൽ ഹരിത അനിൽ എന്ന വനിതയെ ക്യാപ്റ്റനാക്കിയും യു.ബി.സി ചരിത്രമെഴുതി.

മുൻകാലങ്ങളിൽ, ഹാട്രിക് നേടിയാൽ രണ്ട് വർഷത്തോളം രംഗത്ത് നിന്ന് മാറിക്കൊടുക്കുന്ന പതിവ് പോലുമുണ്ടായിരുന്നു. ഇത് ഒഴിവാക്കിയാൽ തുടക്കകാലം മുതൽ നെഹ്റുട്രോഫിയുടെ ഭൂരിപക്ഷം മത്സരങ്ങളിലും യു.ബി.സി ഉണ്ടായിരുന്നു. പദ്മകുമാർ പുത്തൻപറമ്പിലാണ് ഇത്തവണ യു.ബി.സിയെ നയിക്കുന്നത്. 120 പേരാണ് ടീമിലുള്ളത്. 90 തുഴച്ചിൽക്കാർ, അമരക്കാർ-5, താളം-11 എന്നിവർക്കു പുറമേ 15 പേരെ അധികമായും കരുതിയിട്ടുണ്ട്. ചക്കംകരി ക്ഷേത്രം ഓഡിറ്റോറിയത്തിലാണ് ടീമിന്റെ ക്യാമ്പ്.

ചിട്ടയായ പരിശീലനം

 രാവിലെ 6.30ന് പരിശീലനം ആരംഭിക്കും

 ഡയറ്റ് അനുസരിച്ചുള്ള ഭക്ഷണം

 വൈകിട്ട് 4.30ന് പരിശീലനം തുടരും

 പരിശീലനച്ചെലവ് ഒരുകോടി

വെള്ളിക്കപ്പിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല. മുൻവർഷങ്ങളിലേതിനേക്കാൾ തീവ്ര പരിശീലനത്തിലാണ് ടീം

-പദ്മകുമാർ പുത്തൻപറമ്പിൽ, ക്യാപ്റ്റൻ