കഞ്ചാവ് വില്പന : ജിം പരിശീലകൻ പിടിയിൽ

Saturday 23 August 2025 1:38 AM IST

ആലപ്പുഴ : കഞ്ചാവ് വില്പന നടത്തിവന്ന ജിം പരിശീലകനെ എക്സൈസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ കൊമ്മാടി വാടക്കുഴി വീട്ടിൽ വി.വി.വിഷ്ണുവിനെയാണ് ഇന്നലെ വെളുപ്പിന് കൊമ്മാടി സിഗ്നൽ ജംഗ്ഷന് വടക്കുവശത്തുവശത്ത് നിന്ന് 2.53കിലോഗ്രാം കഞ്ചാവുമായി പിടികൂടിയത്. തുമ്പോളിയിലെ ജിംനേഷ്യത്തിന്റെ മറവിൽ ഇയാൾ കഞ്ചാവ് വിൽപ്പന നടത്തുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എക്സൈസ് പരിശോധന. . തമിഴ്നാട് കമ്പത്ത് നിന്ന് ഇടനിലക്കാർ വഴിയാണ് ഇയാൾക്ക് കഞ്ചാവ് ലഭിച്ചിരുന്നത്. 50, 100 , 250 ഗ്രാം അളവിൽ പായ്ക്ക് ചെയ്ത് യുവാക്കൾക്കിടെയാണ് വിൽപ്പന നടത്തിയിരുന്നത്. ബോഡി ബിൽഡറായിരുന്നതിനാൽ ഇയാൾ കഞ്ചാവ് ഉപയോഗിച്ചിരുന്നില്ലെന്നാണ് അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയത്. സർക്കിൾ ഇൻസ്പെക്ടർ ആർ.പ്രശാന്തിന്റെ നിർദ്ദേശാനുസരണം അസി. എക്സൈസ് ഇൻസ്പെക്ടർമാരായ (ഗ്രേഡ്) ഇ.കെ.അനിൽ, സി.വി.വേണു , ഷിബു.പി.ബെഞ്ചമിൻ, സിവിൽ എക്സൈസ് ഓഫീസർമാരായ വി.ബി.വിപിൻ, ഗോപി കൃഷ്ണൻ, വർഗീസ് പയസ്, വനിത സിവിൽ എക്സൈസ് ഓഫീസർ പി.അനിമോൾ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ എ.ജെ.വർഗീസ് എന്നിവരാണ് എക്സൈസ് സംഘത്തിലുണ്ടായിരുന്നത്. അതേസമയം ധാരാളം യുവാക്കൾക്ക് കഞ്ചാവ് വിൽപ്പന നടത്തിയിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.