ഹായ് വോൾവോ, വണ്ടി പ്രേമികൾക്ക് കനകക്കുന്നിലേക്ക് സ്വാഗതം
തിരുവനന്തപുരം: യന്ത്രങ്ങളുടെ പ്രവർത്തന രീതിയറിയാൻ പോളിടെക്നിക്കൊന്നും പഠിക്കേണ്ട. കനകക്കുന്നിലെത്തിയാൽ മതി. ഗതാഗതവകുപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന എക്സ്പോ ‘ട്രാൻസ്പോ’ വണ്ടിപ്രേമികളെ ആകർഷിക്കുന്നു.
കെ.എസ്.ആർ.ടി.സി ഉൾപ്പെടെയുള്ള ബസുകളുടെ എൻജിൻ പ്രവർത്തനങ്ങൾ മുതൽ അത്യാധുനിക സംവിധാനങ്ങളുള്ള വോൾവോ ബസുകൾ വരെ ഇവിടെ കാണാം.1940ലെടുത്ത തൃശൂർ ബസ് സ്റ്റാൻഡിന്റെ അപൂർവചിത്രം, പദ്മനാഭസ്വാമി ക്ഷേത്ര റോഡിലെ കെ.എസ്.ആർ.ടി.സി ബസുകൾ,ബസുകളുടെ മിനിയേച്ചർ മോഡലുകൾ എന്നിവയും ശ്രദ്ധനേടുന്നു. ഗതാഗത വകുപ്പിന്റെ സേവനങ്ങളുമായി ബന്ധപ്പെട്ട പരാതികൾ എളുപ്പത്തിൽ കൈകാര്യം ചെയ്യാനുള്ള ക്യൂആർ സംവിധാനമാണ് ഇൻഡസ്ട്രി ഓൺ ക്യാമ്പസ് ഡെവലപ്മെന്റിലെ വിദ്യാർത്ഥികൾ എക്സ്പോയിൽ അവതരിപ്പിച്ചത്.
എം.വി.ഡിയും ബി.എം.ഒ എന്ന കമ്പനിയുമായി സഹകരിച്ചായിരുന്നു വെർച്വൽ പി.ആർ.ഒ എന്ന ക്യൂആർ വികസിപ്പിച്ചത്. നികുതിയടയ്ക്കൽ,ഫിറ്റ്നസ്,ലൈസൻസ് എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങൾ ക്യൂആർ സ്കാൻ ചെയ്താൽ ഒരു കുടക്കീഴിൽ ലഭിക്കും. ഇതുവഴി ആർ.ടി ഓഫീസുകളിലെ ജോലിഭാരം കുറയ്ക്കാം.
റെയിൽവേ സ്റ്റേഷൻ,ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ ക്യൂആർ ലഭ്യമാക്കുമെന്ന് വിദ്യാർത്ഥികൾ പറയുന്നു. പ്രശസ്തമായ ഷെൽ എക്കോ മാരത്തോണിലടക്കം വിജയിച്ച വാഹനങ്ങളുമായാണ് തിരുവനന്തപുരം കോളേജ് ഒഫ് എൻജിനിയറിംഗിലെ വിദ്യാർത്ഥികൾ എത്തിയിട്ടുള്ളത്.പരിസ്ഥിതി സൗഹൃദങ്ങളായ വാഹനങ്ങളാണ് ഇവർ അവതരിപ്പിക്കുന്നത്.
കാണാം ബഹിരാകാശവും
കെ.എസ്.ആർ.ടി.സിയുടെ പുത്തൻ വോൾവോ ബസിന്റെ അകത്തെ കാഴ്ചകൾ ആസ്വദിക്കാനും വലിയ തിരക്കാണ്. മൊബൈൽ ചാർജിംഗ് പോർട്ടുകൾ,എയർ കണ്ടിഷനിംഗ്,സൗകര്യപ്രദമായ സീറ്റുകൾ എന്നിവയടങ്ങിയ ബസുകൾ അടുത്തമാസം ബംഗളൂരുവിൽ കന്നിയോട്ടത്തിന് പോകും.ഐ.എസ്.ആർ.ഒയുടെ വിവിധ കാലഘട്ടങ്ങളിലെ ബഹിരാകാശ ദൗത്യങ്ങൾ ഉൾക്കൊള്ളിച്ച ബസും പ്രദർശനത്തിലുണ്ട്.ചാന്ദ്രയാൻ,ഗഗൻയാൻ എന്നീ ദൗത്യങ്ങളുടെ മോഡലുകൾ, ലോഞ്ച് വെഹിക്കിളുകൾ, ചരിത്രം എന്നിവ ഇതിലൂടെയറിയാം. എക്സ്പോ നാളെ സമാപിക്കും.