ആദിവാസി സമൂഹത്തെ പഠനവിധേയമാക്കും, കാടറിയാൻ, കാടേറാൻ വിദ്യാർത്ഥിനി സംഘം

Saturday 23 August 2025 12:00 AM IST

തൃശൂർ: കാടറിയണം, കാടിന്റെ മക്കളെ നന്നായറിയണം... വിമല കോളേജിലെ മൂന്നാം വർഷ ബി.എ സോഷ്യോളജി ഡിപാർട്ട്‌മെന്റിലെ 54 വിദ്യാർത്ഥിനികളും രണ്ട് അദ്ധ്യാപകരും ഈ ലക്ഷ്യവുമായി 26ന് ആനവണ്ടിയിൽ കാടുകയറും. സിലബസിൽ മാത്രം ഒതുങ്ങി നിൽക്കാതെ പാഠപുസ്തകത്തിലെ കാര്യങ്ങൾ നേരിൽ കണ്ടുപഠിക്കുകയാണ് ലക്ഷ്യം. ആദിവാസി സമൂഹത്തിന്റെ പരിവർത്തനം എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള നരവംശ ശാസ്ത്ര പഠനത്തിനായാണ് ഒളകര ഉന്നതിയിലേക്ക് വിദ്യാർത്ഥികളുടെ യാത്ര. സാമൂഹികവും സാംസ്‌കാരികവും സാമ്പത്തികവുമായ ആദിവാസി സമൂഹത്തിന്റെ പരിവർത്തനം പഠനവിധേയമാക്കും. മലയർ വിഭാഗത്തിൽപ്പെടുന്ന ആദിവാസി സമൂഹമാണ് ഒളകരയിൽ കൂടുതലായുള്ളത്. രാഷ്ട്രീയ സാമ്പത്തിക ഇടപെടലും വിദ്യാഭ്യാസവും ഉൾപ്പെടെയുള്ള കാര്യങ്ങളും ലഹരി ഉപഭോഗവുമെല്ലാം നേരിൽ കണ്ട് മനസിലാക്കാൻ ഉന്നതി സന്ദർശനം ഉപകരിക്കുമെന്ന് വിദ്യാർത്ഥിനി പ്രതിനിധികളായ ദർശന സുധീഷ്, സി.എം.അനഘ, എം.എസ്.അനാമിക എന്നിവർ പറയുന്നു. രാവിലെ എട്ടരയോടെ തൃശൂരിൽ നിന്നും ഉന്നതിയിലേക്ക് തിരിക്കുന്ന വിദ്യാർത്ഥിനി സംഘം വൈകിട്ട് വരെ അവിടെ ചെലവഴിക്കും.

വന്യമൃഗ സംഘർഷം പഠനവിധേയമാക്കും

വന്യമൃഗങ്ങളിൽ നിന്നും ആദിവാസി സമൂഹം നേരിടുന്ന ആക്രമണവും വെല്ലുവിളികളും വിദ്യാർത്ഥികൾ ചോദിച്ച് മനസിലാക്കും. ഉന്നതികളിൽ നിന്നും ശേഖരിക്കുന്ന വിവരങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കുന്ന പഠന പ്രോജക്ട് ട്രൈബൽ ഡെവലപ്‌മെന്റ്, വനംവകുപ്പ് ഉന്നത ഉദ്യോഗസ്ഥർക്ക് കൈമാറും. കഴിഞ്ഞതവണ ശാസ്താംപൂവം ആദിവാസി ഉന്നതിയിലേക്കായിരുന്നു വിമല കോളേജിലെ വിദ്യാർത്ഥി സംഘത്തിന്റെ യാത്ര. കോളേജിലെ സോഷ്യോളജി ഡിപാർട്ട്‌മെന്റ് മേധാവി ഡോ.ബിനു, ഡോ.എം.ബി.മഞ്ജിമ എന്നീ അദ്ധ്യാപകരും വിദ്യാർത്ഥികൾക്കൊപ്പം ഉന്നതിയിലെത്തും.

ഒളകര ആദിവാസി ഉന്നതിയിലെ താമസക്കാരുടെ പ്രശ്‌നങ്ങളും സാമൂഹിക, സാമ്പത്തിക, സാംസ്‌കാരിക പരിവർത്തനവും പഠനവിധേയമാക്കും. ആദിവാസി കുട്ടികളുടെ വിദ്യാഭ്യാസവും വായനാക്കളരി പോലുള്ള പ്രവർത്തനങ്ങളും കണ്ട് വിലയിരുത്തും.

ഡോ.ബിനു.