'ജനഹൃദയത്തിലേറ്റ മുറിപ്പാട് "
പീരുമേട്: വാഴൂർ സോമൻ എം.എൽ.എയുടെ വിയോഗം ജന ഹൃദയത്തിലേറ്റ മുറിപ്പാടാണെന്ന് പീരുമേട് പാമ്പനാർ ജംക്ഷനിൽ ചേർന്ന അനുശോചന യോഗം. ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ നേതാക്കളും അനുശോചന യോഗത്തിൽ പങ്കെടുത്തു. കക്ഷി രാഷ്ട്രീയത്തിനപ്പുറം ജനങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടമാണ് വാഴൂർ സോമൻ നയിച്ചതെന്ന് മന്ത്രി റോഷി അഗസ്റ്റിൻ അനുസ്മരിച്ചു. തോട്ടം മേഖലയിലെ ലയങ്ങളിലെ ദുരവസ്ഥ മാറ്റിയെടുക്കാൻ അദ്ദേഹം പരിശ്രമിച്ചു. ഇത് ഇനിയും തുടരണം. തോട്ടം തൊഴിലാളികളുടെ ഓർമ്മകളായിരുന്നു അദ്ദേഹത്തെ നയിച്ചത്. താൻ പ്രതിനിധീകരിച്ച ജനതയ്ക്ക് വേണ്ടി അദ്ദേഹം നിലകൊണ്ടു. അദ്ദേഹത്തിന്റെ ആഗ്രഹങ്ങളും ആശകളും സാക്ഷത്കരിക്കാൻ കക്ഷി രാഷ്ട്രീയത്തിനതീതമായി പ്രവർത്തിക്കാമെന്നും മന്ത്രി പറഞ്ഞു. വാഴൂർ സോമൻ ഉയർത്തിപ്പിടിച്ച ലക്ഷ്യങ്ങൾക്കായി ഏതറ്റം വരെയും പോകുമെന്ന് മന്ത്രി കെ. രാജൻ പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന റവന്യൂ അസംബ്ലിയിൽ അടഞ്ഞു കിടക്കുന്ന തോട്ടങ്ങളുമായി ബന്ധപ്പെട്ട കേസുകൾ അനന്തമായി നീളുന്നതിലുള്ള ആശങ്ക അദ്ദേഹം അവസാനമായി പങ്കുവെച്ചതും മന്ത്രി അനുസ്മരിച്ചു. ഒറ്റപ്പെട്ടു പോയ ജനവിഭാഗങ്ങൾക്കായി വാഴൂർ പ്രവർത്തിച്ചെന്ന് മന്ത്രി പി. പ്രസാദും പറഞ്ഞു. ജില്ലയിലെ ഭൂപ്രശ്നങ്ങളിലും അധ്വാനിക്കുന്ന ജനവിഭാഗങ്ങൾക്കായും എന്നും ശബ്ദമുയർത്തിയ നേതാവാണ് വാഴൂർ സോമനെന്ന് എം.എം. മണി എം.എൽ.എ അനുസ്മരിച്ചു. കെ. രാധാകൃഷ്ണൻ എം.പി, എം.എൽ.എമാരായ സി.കെ. ആശ, സെബാസ്റ്റ്യൻ കുളത്തിങ്കൽ, എ. രാജ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാംകുന്നേൽ, മുൻ മന്ത്രി കെ.പി. രാജേന്ദ്രൻ, മുൻ എം.പി അഡ്വ. ജോയ്സ് ജോർജ്, സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, സംസ്ഥാന അസി. സെക്രട്ടറി പ്രകാശ് ബാബു, സി.പി.ഐ ജില്ലാ സെക്രട്ടറി കെ. സലിം കുമാർ, മുൻ എം.എൽ.എ ഇ.എം. ആഗസ്തി, നേതാക്കളായ ജോസ് ഫിലിപ്പ്, അഡ്വ. അലക്സ് കോഴിമല, അഡ്വ. സിറിയക് തോമസ്, പി.എസ്. രാജൻ തുടങ്ങിയവർ പങ്കെടുത്തു.