ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് സ്‌പോണ്‍സര്‍മാരെ നഷ്ടപ്പെട്ടേക്കും; കാരണമായത് കേന്ദ്രത്തിന്റെ കടുത്ത തീരുമാനം
ന്യൂഡല്‍ഹി: അടുത്ത മാസം യുഎഇയില്‍ നടക്കുന്ന ഏഷ്യ കപ്പിനാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഇനി ഗ്രൗണ്ടിലിറങ്ങുക. എന്നാല്‍ ഈ ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ ടീം ഇറങ്ങുമ്പോള്‍ ജേഴ്‌സിയില്‍ സ്‌പോണ്‍സര്‍മാരായ ഡ്രീം ഇലവന്റെ പേരും ലോഗോയും ഉണ്ടാകാന്‍ സാദ്ധ്യതയില്ല. അതിന് കാരണമായതാകട്ടെ ഓണ്‍ലൈന്‍ ഗെയിമുകള്‍ നിരോധിച്ച് കഴിഞ്ഞ ദിവസം പാര്‍ലമെന്റിന്റെ ഇരു സഭകളും പാസാക്കിയ ബില്‍ നിയമമായി മാറിയതും.
ഫാന്റസി സ്‌പോര്‍ട്‌സ്, ചൂതാട്ട വെബ്‌സൈറ്റുകള്‍ക്ക് നിരോധനം നിലവില്‍ വന്നതോടെ 2023 ജൂലായ് മുതല്‍ മൂന്നു വര്‍ഷത്തേക്ക് പ്രധാന സ്‌പോണ്‍സറായ ഡ്രീം11നും വിലക്ക് നിലവില്‍വരും. അടുത്ത വര്‍ഷം ജൂലായ് വരെയാണ് കമ്പനിക്ക് ബിസിസിഐയുമായി കരാറുള്ളത്. രാജ്യത്തെ ഏറ്റവും വലിയ ഫാന്റസി സ്‌പോര്‍ട്‌സ് വെബ്‌സൈറ്റുമായുള്ള തുടര്‍ന്നുള്ള സഹകരണത്തെ കുറിച്ച് ബി.സി.സി.ഐ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
എന്നാല്‍, സര്‍ക്കാര്‍ തീരുമാനം ബി.സി.സി.ഐ അംഗീകരിക്കുമെന്ന് ദേശീയ ഗവേണിങ് ബോഡി സെക്രട്ടറി ദേവജിങ് സൈക്യ പറയുന്നു. നിരോധനം നിലവില്‍ വന്നതിന് പിന്നാലെ പണം ഉപയോഗിച്ചുള്ള ഗെയിമുകളും മത്സരങ്ങളും നിര്‍ത്തിവെച്ചതായി ഡ്രീം11 വെബ്‌സൈറ്റില്‍ വെള്ളിയാഴ്ച അറിയിച്ചിരുന്നു. കണക്കുകള്‍ പ്രകാരം 45 കോടി പേര്‍ പങ്കാളികളായ മത്സരങ്ങള്‍ വഴി ഈ വെബ്‌സൈറ്റുകള്‍ 230 കോടി ഡോളര്‍ (ഏകദേശം 20,000 കോടി രൂപ) വരുമാനം നേടിയിരുന്നു.