ഇന്ത്യയിലെ 'പാവപ്പെട്ട' മുഖ്യമന്ത്രി മമത, പിണറായി വിജയന് ഒരു കോടിയിലധികം രൂപയുടെ ആസ്തി, ഏറ്റവും സമ്പന്നൻ ചന്ദ്രബാബു നായിഡു

Saturday 23 August 2025 1:08 AM IST

ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും ആസ്തി കുറഞ്ഞ മുഖ്യമന്ത്രി ബംഗാൾ മുഖ്യമന്ത്രി മമതാ ബാർജി. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എ.ഡി.ആർ) പുറത്തിറക്കിയ റിപ്പോർട്ടിലാണ് രാജ്യത്തെ 31 മുഖ്യമന്ത്രിമാരുടെ ആസ്തി സംബന്ധിച്ച കണക്കുള്ളത്. മമതയുടെ ആസ്തി 15.4 ലക്ഷം രൂപയാണെന്ന് എ.ഡി.ആർ റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് സമർപ്പിച്ച സത്യവാങ്മൂലത്തിലെ വിവരങ്ങളാണ് എ.ഡി.ആർ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ജമ്മു കാശ്മീർ, കേരള മുഖ്യമന്ത്രിമാരാണ് മമതയ്ക്ക് മുന്നിൽ. കേരള മുഖ്യമന്ത്രി പിണറായി വിജയന് ഒരു കോടിയിലധികം രൂപയുടെ ആസ്തിയുണ്ട്. ജമ്മു കാശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയ്ക്ക് 55 ലക്ഷത്തിന്റെ ആസ്തിയാണുള്ളത്. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവാണ് മുഖ്യമന്ത്രിമാരിൽ ഏറ്റവും സമ്പന്നൻ. അദ്ദേഹത്തിന്റെ ആസ്തി 931 കോടിയാണ്. 332 കോടിയുടെ ആസ്തിയുള്ള അരുണാചൽപ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡുവാണ് രണ്ടാം സ്ഥാനത്ത്. ഇവർ രണ്ടുപേർ മാത്രമാണ് മുഖ്യമന്ത്രിമാരിലെ ശതകോടീശ്വരൻമാർ.

2021 സെപ്തംബർ 30ന് നടന്ന ഭാവാനിപൂർ നിയമസഭാ സീറ്റിലേക്കുള്ള ഉപതിരഞ്ഞെടുപ്പിന് മുമ്പ് സമർപ്പിച്ച സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിലാണ് മമതാ ബാനർജിയുടെ സ്വത്ത് കണക്കാക്കിയത്. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മമതയുടെ ആസ്തി 30.4 ലക്ഷം രൂപയായിരുന്നു. കൈവശം 69,255 രൂപയും ബാങ്ക് അക്കൗണ്ടിൽ 13.5 ലക്ഷം രൂപയും തിരഞ്ഞെടുപ്പ് ചെലവ് അക്കൗണ്ടിൽ 1.5 ലക്ഷം രൂപയുമുണ്ടായിരുന്നു.