ബീഹാർ കരട് വോട്ട‌ർപ്പട്ടിക: പാർട്ടികൾ സഹായിക്കണം

Saturday 23 August 2025 12:52 AM IST

ന്യൂഡൽഹി: ബീഹാറിലെ കരടു വോട്ട‌ർപ്പട്ടികയിൽ നിന്ന് നീക്കിയവരെ തിരികെ ചേർക്കാൻ രാഷ്‌ട്രീയ പാർട്ടികൾ സഹായിക്കണമെന്ന് സുപ്രീംകോടതി. തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകാൻ രാഷ്ട്രീയ പാർട്ടികളുടെ ബൂത്തു ലെവൽ ഏജന്റുമാർ (ബി.എൽ.എ) വോട്ടർമാരെ സഹായിക്കണം. 12 അംഗീകൃത രാഷ്ട്രീയ പാർട്ടികളും അവരുടെ ബി.എൽ.എമാരോട് ഇക്കാര്യം നിർദ്ദേശിക്കണം.

സംസ്ഥാനത്ത് രാഷ്ട്രീയ പാർട്ടികളുടെ 1.60 ലക്ഷം ബി.എൽ.എമാരുണ്ട്. എന്നാൽ, രണ്ടു പരാതികൾ മാത്രമാണ് വന്നിട്ടുള്ളതെന്ന് ജസ്റ്റിസുമാരായ സൂര്യകാന്ത്, ജോയ്‌മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. പരാതികൾ നേരിട്ട് സമർപ്പിക്കാൻ ബി.എൽ.എമാർക്ക് തിരഞ്ഞെടുപ്പ് കമ്മിഷൻ അനുമതി നൽകിയിട്ടില്ലെന്ന് രാഷ്ട്രീയ പാർട്ടികൾ വാദിച്ചു. കേസിൽ 12 രാഷ്ട്രീയ പാർട്ടികളെ കോടതി കക്ഷിയാക്കി.

കരടു പട്ടികയിൽ നിന്ന് ഒഴിവാക്കിയ 65 ലക്ഷം പേരുടെവിവരം ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്ന ഉത്തരവ് നടപ്പാക്കിയതായി തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. ഈ പട്ടിക രാഷ്ട്രീയ പാ‌ർട്ടികളുടെ ബി.എൽ.എമാർക്കും കൈമാറി. ബീഹാറിലെ വോട്ടർപ്പട്ടിക പുതുക്കലിന് രാഷ്ട്രീയ പാർട്ടികൾ സഹകരിക്കുന്നില്ലെന്നും കമ്മിഷൻ കുറ്റപ്പെടുത്തി.

ആധാർ സ്വീകരിക്കണം

ബീഹാറിലെ വോട്ടർപ്പട്ടിക പുതുക്കലിൽ ആധാർ സ്വീകരിക്കണമെന്ന നിലപാട് സുപ്രീംകോടതി ഇന്നലെയും ആവർത്തിച്ചു. നീക്കം ചെയ്യപ്പെട്ടവർക്ക് ആധാർ നൽകി പട്ടികയിലിടം നേടാം. ഓൺലൈനായും അപേക്ഷിക്കാം. നേരിട്ടാണ് അപേക്ഷ നൽകുന്നതെങ്കിൽ ബൂത്ത് ലെവൽ ഓഫീസർമാർ രസീത് നൽകണം.