പുതിയ അദ്ധ്യക്ഷനെ കണ്ടെത്താൻ ബി.ജെ.പി
ന്യൂഡൽഹി: ബി.ജെ.പി ബീഹാർ തിരഞ്ഞെടുപ്പ് നേരിടുക പുതിയ ദേശീയ അദ്ധ്യക്ഷന്റെ നേതൃത്വത്തിലാകുമെന്ന് സൂചന. ഇതിനായി തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന് മുമ്പ് പുതിയ ദേശീയ അദ്ധ്യക്ഷനെ കണ്ടെത്താനുള്ള തിരക്കിട്ട നീക്കത്തിൽ നേതൃത്വം. ആർ.എസ്.എസിന് കൂടി യോജിച്ചയാളെയാണ് ബി.ജെ.പി അന്വേഷിക്കുന്നത്. ആർ.എസ്.എസിലെയും ബി.ജെ.പിയിലെയും 100ലേറെ നേതാക്കളുടെ അഭിപ്രായം തേടിയെന്നാണ് റിപ്പോർട്ട്. ജഗ്‌ദീപ് ധൻകർ ജൂലായ് 21ന് ഉപരാഷ്‌ട്രപതി സ്ഥാനം രാജിവച്ചത് ബി.ജെ.പി അദ്ധ്യക്ഷനായുള്ള ചർച്ചകളെ ബാധിച്ചു. സെപ്‌തംബർ 9ന് ഉപരാഷ്‌ട്രപതി തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ എൻ.ഡി.എ സ്ഥാനാർത്ഥിയെ കണ്ടെത്താനുള്ള ചർച്ചകളിലായി നേതൃത്വത്തിന്റെ ശ്രദ്ധ.
ഗുജറാത്ത്, ഉത്തർപ്രദേശ്, കർണാടക, ഹരിയാന, ഡൽഹി, ജാർഖണ്ഡ്, മണിപ്പൂർ തുടങ്ങിയ പ്രധാന സംസ്ഥാന ഘടകങ്ങളിലെ അദ്ധ്യക്ഷൻമാരുടെ തിരഞ്ഞെടുപ്പ് നീളുന്നതും ദേശീയ അദ്ധ്യക്ഷനെ തിരഞ്ഞെടുക്കുന്നത് വൈകാൻ കാരണമായി. പുതിയ അദ്ധ്യക്ഷനെ തിരഞ്ഞെടുക്കുന്നത് എല്ലാ സംസ്ഥാന ഘടകങ്ങളും ചേർന്നായിരിക്കണമെന്ന് നേതൃത്വം തീരുമാനിച്ചിരുന്നു.
അതേസമയം,പാർട്ടി ഭരണഘടന പ്രകാരം ദേശീയ അദ്ധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിന് മുൻപ് 36 സംസ്ഥാന,കേന്ദ്രഭരണ പ്രദേശ ഘടകങ്ങളിൽ കുറഞ്ഞത് 19 ഇടത്തെങ്കിലും തിരഞ്ഞെടുക്കപ്പെട്ട അദ്ധ്യക്ഷൻ ഉണ്ടാകണമെന്നാണ്. ഇതുവരെ 28 സംസ്ഥാനങ്ങളിൽ പുതിയ അദ്ധ്യക്ഷനെ പ്രഖ്യാപിച്ചു കഴിഞ്ഞു. നിലവിലെ അദ്ധ്യക്ഷനായ ജെ.പി. നദ്ദ 2020 ജനുവരിയിലാണ് തിരഞ്ഞെടുക്കപ്പെട്ടത്. രണ്ട് തവണ കാലാവധി നീട്ടി. മൂന്നുവർഷമാണ് കാലാവധി.