സിവിൽ സപ്ലൈസ് ഗോഡൗണിലെ റേഷനരി കടത്തൽ: ഒരാൾ അറസ്റ്റിൽ

Saturday 23 August 2025 1:56 AM IST

വെഞ്ഞാറമൂട്: സിവിൽ സപ്ലൈസ് ഗോഡൗണിൽ നിന്ന് റേഷനരി കടത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. വെഞ്ഞാറമൂട് മാർക്കറ്റിന് സമീപം പ്രവർത്തിക്കുന്ന സിവിൽ സപ്ലൈസ് ഗോഡൗണിലെ സീനിയർ അസിസ്റ്റന്റ് പേരൂർക്കട സ്വദേശി ധർമ്മേന്ദ്രയാണ്(50)അറസ്റ്റിലായത്. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് കേസിനാസ്പദമായ സംഭവം. രാവിലെ 10.30ഓടെ ഗോഡൗണിൽ നിന്ന് അരി കയറ്റിയ മിനിലോറി പുറത്തിറങ്ങുന്നത് തൊഴിലാളികളുടെ ശ്രദ്ധയിൽപ്പെട്ടതോടെ വാഹനം തടഞ്ഞ് വെഞ്ഞാറമൂട് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസെത്തി സിവിൽ സപ്ലൈസ് അധികൃതരെ വിവരമറിയിച്ചു. വാഹനത്തിലുള്ളത് റേഷനരിയാണെന്ന് സ്ഥിരീകരിച്ചതോടെ വെഞ്ഞാറമൂട് പൊലീസിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് അരി സഹിതം വാഹനം സ്‌റ്റേഷനിലേക്ക് മാറ്റി ജീവനക്കാരായ രണ്ടു പേർക്കും ലോറി ഡ്രൈവർക്കുമെതിരെ കേസെടുത്തു. ഇതിനിടെ ജീവനക്കാരായ 2പേരും ലോറി ഡ്രൈവറും സ്ഥലത്ത് നിന്നും കടന്നു കളഞ്ഞിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിൽ ധർമ്മേന്ദ്രയെ ഇന്നലെ രാത്രിയോടെ തിരുവനന്തപുരത്തു നിന്ന് പിടികൂടുകയായിരുന്നു. വെഞ്ഞാറമൂട് പൊലീസ് എസ്.എച്ച്.ഒ ആസാദ് അബ്ദുൽ കലാം,എസ്.ഐമാരായ ഷാൻ,സജിത്ത്,സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ശ്രീകാന്ത്,ഷിയാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. മറ്റ് രണ്ട് പ്രതികളെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു.