മഴയിലും ഇടുക്കി ടൂറിസ്റ്റുകളുടെ പ്രിയകേന്ദ്രം

Saturday 23 August 2025 4:04 AM IST

ഈ വർഷം ഇതുവരെ 20 ലക്ഷത്തോളം സഞ്ചാരികൾ

2018ലെ പ്രളയം മുതൽ പ്രതിസന്ധി നേരിടുന്ന മേഖലയായിരുന്നു വിനോദസഞ്ചാരം. 2019 ലെ പ്രളയത്തിന് പിന്നാലെ കൊവിഡ് കൂടി എത്തിയതോടെ ടൂറിസം മേഖലയുടെയും ഇതിൽ ആശ്രയം കണ്ടെത്തിയവരുടെയും തകർച്ച പൂർണമായി. ഇക്കാലത്ത് ടൂറിസം മേഖലയിലെ ഭൂരിഭാഗം സംരംഭകരും വൻ കടബാദ്ധ്യതയിലേക്കും എത്തി. ടൂറിസത്തെ മാത്രം ആശ്രയിച്ചു കഴിയുന്ന ഗൈഡുകൾ, ഹോംസ്റ്റേ, റിസോർട്ട്, ഹോട്ടൽ നടത്തിപ്പുകാർ, സ്‌പൈസസ് മേഖലയിലുള്ളവർ, ചെറുകിട കച്ചവടക്കാർ എന്നിവരടക്കം ആയിരങ്ങൾ ആത്മഹത്യയുടെ വക്കിലായിരുന്നു. ഈ മേഖലയുമായി ബന്ധപ്പെട്ട് ജീവിച്ച നിരവധിപ്പേർ ഇതിനകം ജീവനൊടുക്കി. അങ്ങനെ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ലക്ഷങ്ങളുടെ ജീവിതോപാധിയായ ഈ മേഖല വൻ പ്രതിസന്ധിയിലായിരുന്നു.

എന്നാൽ നാലുമാസത്തോളമായി തുടരുന്ന മഴയെയും അവഗണിച്ച് ടൂറിസം മേഖല കരകയറുകയാണെന്ന് കണക്കുകൾ പറയുന്നു. സഞ്ചാരികളുടെ പറുദീസയായ ഇടുക്കിയിലെത്തുന്ന ടൂറിസ്റ്റുകളുടെ എണ്ണത്തിൽ വൻ വർദ്ധനയാണ് ഉണ്ടായിരിക്കുന്നത്. ജില്ലയുടെ പ്രധാന ടൂറിസം കേന്ദ്രങ്ങളിൽ ഈ വർഷമെത്തിയത് 20 ലക്ഷത്തോളം പേരാണ്. കനത്ത മഴ മൂലം വിനോദസഞ്ചാര കേന്ദ്രങ്ങൾ ആഴ്ചകളോളം അടച്ചിട്ടെങ്കിലും മുൻവർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ ടൂറിസ്റ്റുകളുടെ എണ്ണം വർദ്ധിച്ചെന്നാണ് ഇതുവരെയുള്ള കണക്കുകൾ സൂചിപ്പിക്കുന്നത്. ഈ വർഷം ജൂലായ് വരെയുള്ള കണക്കുകൾ പ്രകാരം 19,42,354 ടൂറിസ്റ്റുകൾ ജില്ലാ ടൂറിസം പ്രമോഷന കൗൺസിലിന്റെ (ഡി.ടി.പി.സി) കീഴിലുള്ള 12 വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ചു. കഴിഞ്ഞ വർഷം ഈ കേന്ദ്രങ്ങളിലെത്തിയത് 33,86,012 സഞ്ചാരികളാണ്. 2023 ലാകട്ടെ 29,22043 ടൂറിസ്റ്റുകൾ ജില്ലയിലെത്തി. ഓണക്കാലമാകുന്നതോടെ സഞ്ചാരികളുടെ എണ്ണത്തിൽ ഇനിയും വർദ്ധനയുണ്ടാകുമെന്ന് ഡി.ടി.പിസിയും ടൂറിസം വകുപ്പ് അധികൃതരും പറയുന്നു.

ഇഷ്ടകേന്ദ്രം വാഗമൺ തന്നെ

ഇടുക്കിയിലേക്ക് എത്തിയ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടം വാഗമൺ തന്നെയാണ്. വാഗമൺ പുൽമേടും മൊട്ടക്കുന്നുകളും (വാഗമൺ മീഡോസ്) കാണാൻ 5,43,979 സഞ്ചാരികളും വാഗമൺ അഡ്വഞ്ചർ പാർക്കിൽ 5,08,505 ടൂറിസ്റ്റുകളുമെത്തി. ജനുവരി, മാർച്ച്, ഏപ്രിൽ മാസങ്ങളിൽ ഒരു ലക്ഷത്തിലേറെ സഞ്ചാരികളാണ് വാഗമണ്ണിന്റെ സൗന്ദര്യമാസ്വദിക്കാൻ എത്തിയത്. മൊട്ടക്കുന്നുകളും പുൽമേടുകളും തേയിലത്തോട്ടങ്ങളും സാഹസിക വിനോദ സഞ്ചാര സാദ്ധ്യതകളുമാണ് വാഗമൺ തുറന്നിടുന്നത്. ഗ്ലാസ് ബ്രിഡ്ജാണ് യാത്രികരെ വലിയ തോതിൽ ഇങ്ങോട്ടേക്ക് ആകർഷിക്കുന്നത്. പാറക്കൂട്ടക്കളിൽ ഒരു റോക്ക് ക്ലൈംബിങ്ങിനും ട്രക്കിംഗിനും മലകയറ്റത്തിനും പാരഗ്ലൈഡിംഗിനുമെല്ലാം ഇവിടെ അവസരമുണ്ട്. ഇനി കാടും മേടും പൂക്കളും ആസ്വദിക്കണമെന്നാണെങ്കിൽ വ്യത്യസ്ത ജാതി പുഷ്പങ്ങളും പക്ഷികളും സസ്യലതാദികളും വാഗമണ്ണിലുണ്ട്. മൂന്നാർ ബൊട്ടാണിക്കൽ ഗാർഡനാണ് ഏറെ സഞ്ചാരികളെ ആകർഷിച്ച മറ്റൊരു വിനോദ സഞ്ചാര കേന്ദ്രം. 3,15,317 സഞ്ചാരികൾ ഈ വർഷം ഇവിടെയെത്തി. രാമക്കൽമേട്, പാഞ്ചാലിമേട്, ശ്രീനാരായണപുരം വെള്ളച്ചാട്ടം, ആമപ്പാറ, ഇടുക്കി ഹിൽവ്യൂ പാർക്ക്, മാട്ടുപ്പെട്ടി, അരുവിക്കുഴി എന്നിവിടങ്ങളിലും ഇക്കാലയളവിൽ സന്ദർശകരുടെ പ്രവാഹമായിരുന്നു. ഈ വർഷം രാമക്കൽമേട്ടിലെത്തിയത് 1,43,480 ടൂറിസ്റ്റുകളാണ്. പാഞ്ചാലിമേട്ടിൽ എത്തിയത് 1,09,219 സഞ്ചാരികൾ. ശ്രീനാരായണപുരം വെള്ളച്ചാട്ടത്തിന്റെ ദൃശ്യഭംഗി നുകരാനെത്തിയവരുടെ എണ്ണം 85,​375 ആണ്. രാമക്കൽമേടിനടുത്തുള്ള ആമപ്പാറയിൽ 71,​264 സഞ്ചാരികളും ഇടുക്കി അണക്കെട്ടിന് സമീപത്തെ ഹിൽവ്യൂ പാൽക്കിൽ 67,370 ടൂറിസ്റ്റുകളും സന്ദർശനം നടത്തി. 66,​159 സഞ്ചാരികൾ മാട്ടുപ്പെട്ടിയിലെത്തി. അരുവിക്കുഴി വിനോദ സഞ്ചാര കേന്ദ്രത്തിലെത്തിയ സന്ദർശകരുടെ എണ്ണം 15,​707 ആണ്.

തിരിച്ചടിയായി മഴ

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് മൂന്നാറിലേക്കൊഴുകിയെത്തിയത് ആയിരക്കണക്കിന് വിനോദസഞ്ചാരികളാണ്. എന്നാൽ തുടർച്ചയായി പെയ്ത കനത്തമഴ മേഖലയ്ക്ക് തിരിച്ചടിയായി. ഏറെ നാളത്തെ ആലസ്യത്തിനുശേഷം ഒരാഴ്ച മുമ്പാണ് വിനോദസഞ്ചാരമേഖല ഉണർന്നത്. കേരളത്തിനകത്തും പുറത്തുനിന്നുമായി ആയിരങ്ങളാണ് പ്രദേശത്തെത്തിയത്. തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നാണ് ഏറ്റവുമധികം സഞ്ചാരികളെത്തിയത്. റിസോർട്ടുകളിലെ മുറികൾ നേരത്തേതന്നെ പൂർണമായും ബുക്കു ചെയ്യപ്പെട്ടിരുന്നു. എന്നാൽ മറ്റു മേഖലകൾക്ക് പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാനായില്ല. വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ തുടർച്ചയായി പെയ്ത ശക്തമായ മഴ വിനോദസഞ്ചാരമേഖലയ്ക്ക് തിരിച്ചടിയായി. മൂന്നാർ ഗവ. ബൊട്ടാണിക്കൽ ഗാർഡനിൽ ദിവസേന ശരാശരി 1600 പേർ മാത്രമാണ് സന്ദർശനം നടത്തിയത്. ഹൈഡൽ ടൂറിസത്തിന് കീഴിലുള്ള മാട്ടുപ്പട്ടി ബോട്ടിങ് സെന്ററിൽ 1550 പേരും പഴയമൂന്നാർ ഹൈഡൽ പാർക്കിൽ 600 പേരുമാണ് ദിവസേന സന്ദർശനം നടത്തിയത്. കനത്ത മഴയും ഗതാഗതക്കുരുക്കും മൂലം പ്രതീക്ഷിച്ചതിന്റെ നാലിലൊന്ന് സന്ദർശകർ മാത്രമാണ് കേന്ദ്രങ്ങളിലെത്തിയതെന്ന് ഡി.ടി.പി.സി, ഹൈഡൽ ടൂറിസം അധികൃതർ പറഞ്ഞു. മഴ ശക്തമായി തുടർന്നതോടെ ടൗണിലെ കച്ചവടക്കാർക്കും വ്യാപാരമില്ലാതായി. ദേവികുളം ഗ്യാപ്പ് റോഡിലെ ഗതാഗത നിരോധനവും തിരിച്ചടിയായി. മൂന്ന് മാസത്തിനുശേഷം മൂന്നാറിൽ വിനോദസഞ്ചാരികളുടെ തിരക്കേറിയെങ്കിലും പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാനായില്ലെന്നാണ് ടൗണിലെ വ്യാപാരികൾ പറയുന്നത്.

ഗതാഗത കുരുക്ക് രൂക്ഷം

അവധി ദിവസങ്ങളിൽ വൻ ഗതാഗതക്കുരുക്കാണ് മൂന്നാർ മേഖലയിൽ അനുഭവപ്പെട്ടത്. ആനച്ചാൽ മുതൽ മൂന്നാർ വരെയുള്ള 15 കിലോമീറ്റർ യാത്ര ചെയ്യാൻ പലപ്പോഴും നാലുമണിക്കൂർ വരെ വേണ്ടിവന്നു. കൊച്ചി- ധനുഷ്‌കോടി ദേശീയപാതയുടെ പുനർനിർമാണം പള്ളിവാസൽ, ഹെഡ് വർക്ക്സ് ജംഗ്ഷൻ എന്നിവിടങ്ങളിലെ ഗതാഗതക്കുരുക്കിന് കാരണമായി. വിനോദസഞ്ചാരികൾ ഏറ്റവുമധികം യാത്രചെയ്യുന്ന മൂന്നാർ രാജമല, മൂന്നാർ ടോപ്പ്‌സ്റ്റേഷൻ റോഡുകളിലും മണിക്കൂറുകളോളം വാഹനങ്ങൾ കുടുങ്ങി. ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ മാട്ടുപ്പട്ടിയിലേക്ക് പോയ പലരും പാതിവഴിയിൽ യാത്ര മതിയാക്കി. രാവിലെ തുടങ്ങിയ കുരുക്ക് രാത്രി 10 വരെ നീണ്ടുനിന്നു. പാർക്കിംഗ് സൗകര്യം ഏർപ്പെടുത്താത്തതും വീതികുറഞ്ഞ റോഡുമാണ് മൂന്നാറിലെ ഗതാഗതക്കുരുക്കിന് പ്രധാന കാരണം.