റെനിൽ വിക്രമസിംഗെ അറസ്റ്റിൽ ചൊവ്വാഴ്ച വരെ റിമാൻഡിൽ
കൊളംബോ: അധികാരത്തിലിരിക്കെ സർക്കാർ ഫണ്ട് ദുരുപയോഗം ചെയ്തെന്ന കുറ്റത്തിന് ശ്രീലങ്കൻ മുൻ പ്രസിഡന്റ് റെനിൽ വിക്രമസിംഗെ അറസ്റ്റിൽ. ഇന്നലെ കൊളംബോ കോടതിയിൽ ഹാജരാക്കിയ അദ്ദേഹത്തെ ചൊവ്വാഴ്ച വരെ റിമാൻഡ് ചെയ്തു. 2023ൽ ലണ്ടനിലെ സ്വകാര്യ ചടങ്ങിൽ പങ്കെടുക്കാൻ റെനിൽ സർക്കാർ ഖജനാവിലെ 1.6 കോടി ശ്രീലങ്കൻ രൂപ ഉപയോഗിച്ചെന്നാണ് ആരോപണം. സർക്കാർ പണം ഉപയോഗിച്ചില്ലെന്ന് റെനിൽ പറയുന്നു.
റെനിലിനെതിരെയുള്ള ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്ന് അദ്ദേഹത്തിന്റെ യുണൈറ്റഡ് നാഷണൽ പാർട്ടി ( യു.എൻ.പി ) ആരോപിച്ചു. സാമ്പത്തികമായി തകർന്ന രാജ്യത്തെ രക്ഷിക്കുകയെന്ന ദൗത്യം ഏറ്റെടുത്ത അദ്ദേഹത്തോട് സർക്കാർ ഇപ്രകാരം പെരുമാറുന്നത് അനീതിയാണെന്നും കുറ്റപ്പെടുത്തി.
സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിഞ്ഞ ശ്രീലങ്കയിൽ 2022ൽ കലാപം പൊട്ടിപ്പുറപ്പെട്ടിരുന്നു. അന്ന് പ്രസിഡന്റായിരുന്ന ഗോതബയ രാജപക്സെ ജനരോഷത്തിൽ രാജിവച്ചതോടെ 2022 ജൂലായിൽ റെനിൽ അധികാരമേറ്റു. 2024ലെ പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽ മാർക്‌സിസ്റ്റ് ചായ്‌വുള്ള ജനതാ വിമുക്തി പെരമുന പാർട്ടി (ജെ.വി.പി) നേതാവ് അനുര കുമാര ദിസനായകെയ്ക്ക് മുന്നിൽ പരാജയപ്പെട്ടു.
# സർക്കാർ പണത്തിൽ സ്വകാര്യ യാത്ര
1. 2023 സെപ്തംബറിൽ ഹവാനയിലെ ജി -77 ഉച്ചകോടി, ന്യൂയോർക്കിലെ യു.എൻ ജനറൽ അസംബ്ലി യോഗം എന്നിവയിൽ പങ്കെടുത്ത ശേഷം റെനിൽ ലണ്ടനിലെത്തി
2. ഭാര്യ മൈത്രിയ്ക്ക് യൂണിവേഴ്സിറ്റി ഒഫ് വുൾവർഹാംപ്റ്റണിൽ നിന്ന് ഓണററി പ്രൊഫസർ പദവി നൽകുന്ന ചടങ്ങിൽ പങ്കെടുക്കാനായിരുന്നു റെനിലിന്റെ ഹ്രസ്വ സന്ദർശനം
3. ലണ്ടൻ യാത്രയ്ക്ക് സർക്കാർ തുക വിനിയോഗിച്ചില്ലെന്ന് റെനിൽ. ലണ്ടൻ യാത്രയുടെ ചെലവ് വഹിച്ചത് ഭാര്യയെന്നും വിശദീകരണം
4. റെനിലിന്റെ വാദം തെറ്റെന്ന് ശ്രീലങ്കൻ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ്. ബോഡിഗാർഡുകൾ അടക്കം 10 പേർ യാത്രയുടെ ഭാഗമായെന്നും കണ്ടെത്തൽ. സ്വകാര്യ യാത്ര ഔദ്യോഗിക യാത്രയായി കാണിച്ചുള്ള രേഖകൾ നിർമ്മിച്ചെന്നും ആരോപണം
# പ്രധാനമന്ത്രി പദവിയിൽ റെക്കാഡ്
1993 - 2019 കാലയളവിൽ റെനിൽ അഞ്ച് തവണ ശ്രീലങ്കയുടെ പ്രധാനമന്ത്രി
രാജ്യത്തിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിയായ വ്യക്തി
1994 മുതൽ യുണൈറ്റഡ് നാഷണൽ പാർട്ടിയുടെ തലവൻ
അഭിഭാഷകൻ, 1949 മാർച്ച് 24ന് കൊളംബോയിലെ ഉന്നത, രാഷ്ട്രീയ കുടുംബത്തിൽ ജനനം
എഴുപതുകളിൽ രാഷ്ട്രീയ പ്രവേശനം
1977ൽ എം.പിയായി. 1994 - 2015 കാലയളവിനിടെ രണ്ട് തവണ പ്രതിപക്ഷ നേതാവ്
വിദേശകാര്യ ഉപമന്ത്രി, യുവജന, തൊഴിൽ, നിയമ, വിദ്യാഭ്യാസ മന്ത്രി തുടങ്ങിയ പദവികൾ വഹിച്ചു
ശ്രീലങ്കയിലെ ഏറ്റവും പ്രായം കുറഞ്ഞ ക്യാബിനറ്റ് മന്ത്രി ( 1977ൽ യുവജനകാര്യ മന്ത്രിയായപ്പോൾ )