ക്ഷാമത്തിന്റെ പിടിയിൽ ഗാസ സിറ്റി

Saturday 23 August 2025 7:16 AM IST

ടെൽ അവീവ്: ഗാസയുടെ ഹൃദയ ഭാഗമായ ഗാസ സിറ്റിയും സമീപ പ്രദേശങ്ങളും ക്ഷാമത്തിന്റെ പിടിയിലെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ (യു.എൻ) പിന്തുണയുള്ള ഭക്ഷ്യസുരക്ഷാ സംവിധാനത്തിന്റെ ഔദ്യോഗിക റിപ്പോർട്ട്. ഗാസയിലെ 5,14,000 മനുഷ്യർ ക്ഷാമം നേരിടുന്നതായി ഇന്റഗ്രേറ്റഡ് ഫുഡ് സെക്യൂരിറ്റി ഫേസ് ക്ലാസിഫിക്കേഷൻ (ഐ.പി.സി) റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.

മിഡിൽ ഈസ്റ്റ് മേഖലയിൽ ക്ഷാമം പ്രഖ്യാപിക്കുന്നത് ആദ്യമാണ്. ഈ മാസം അവസാനത്തോടെ ഗാസയുടെ മറ്റുഭാഗങ്ങളിലേക്കും ക്ഷാമം പടരുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. അതേ സമയം, കണ്ടെത്തലുകൾ തെറ്റാണെന്നും പക്ഷപാതപരവുമാണെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രതികരിച്ചു.

ഹമാസിന്റെ ഭാഗത്ത് നിന്നുള്ള അപൂർണ്ണ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രഖ്യാപനമെന്നും സമീപകാലത്ത് തുടങ്ങിയ സഹായ വിതരണത്തെ പറ്റി അന്വേഷിച്ചില്ലെന്നും നെതന്യാഹു ആരോപിച്ചു. 24 മണിക്കൂറിനിടെ രണ്ട് പേർ കൂടി മരിച്ചതോടെ ഗാസയിലെ പട്ടിണി മരണം 273 ആയി ഉയർന്നു.

ഇസ്രയേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ട പാലസ്തീനികളുടെ എണ്ണം 62,260 കടന്നു. ഇന്നലെ മാത്രം 60ലേറെ പേർ കൊല്ലപ്പെട്ടു. അതേ സമയം,​ ഗാസ സിറ്റിയുടെ നിയന്ത്രണം പിടിച്ചെടുക്കാനുള്ള പദ്ധതിക്ക് നെതന്യാഹു സർക്കാർ അംഗീകാരം നൽകിയിരുന്നു. ഹമാസ് കീഴടങ്ങുകയും ബന്ദികളെ മോചിപ്പിക്കുകയും ചെയ്തില്ലെങ്കിൽ ഗാസ സിറ്റിയെ തകർക്കുമെന്നാണ് ഇസ്രയേലിന്റെ മുന്നറിയിപ്പ്.