റഷ്യൻ എണ്ണ : ഇന്ത്യയെ കടന്നാക്രമിച്ച് ട്രംപിന്റെ ഉപദേഷ്ടാവ്
വാഷിംഗ്ടൺ: റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിന്റെ പേരിൽ ഇന്ത്യക്കെതിരെ കടന്നാക്രമണവുമായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വ്യാപാര ഉപദേഷ്ടാവ് പീറ്റർ നവാറോ. ഇന്ത്യ റഷ്യയ്ക്ക് വേണ്ടിയുള്ള അലക്കുശാലയാണെന്ന് വിമർശിച്ച നവാറോ, ഇന്ത്യയ്ക്ക് റഷ്യൻ എണ്ണയുടെ ആവശ്യമുണ്ടെന്ന് പറയുന്നത് അസംബന്ധമാണെന്നും കുറ്റപ്പെടുത്തി. റഷ്യൻ എണ്ണയുടെ പേരിൽ ട്രംപ് ഇന്ത്യയ്ക്ക് മേൽ ചുമത്തിയ 25 ശതമാനം അധിക ഇറക്കുമതി തീരുവ 27ന് പ്രാബല്യത്തിൽ വരുമെന്നും പറഞ്ഞു.
ഇന്ത്യയിലേക്കുള്ള എണ്ണ ഇറക്കുമതി യുക്രെയിനെ ആക്രമിക്കാൻ റഷ്യയ്ക്ക് ഇന്ധനമാകുന്നെന്നും യുക്രെയിലെ സമാധാനത്തിനുള്ള പാത ഇന്ത്യയിലൂടെ കടന്നുപോകുന്നെന്നും നവാറോ ആരോപിച്ചു. 'രക്തച്ചൊരിച്ചിലിൽ (യുക്രെയിനിലെ) ഉള്ള പങ്ക് അംഗീകരിക്കാൻ ഇന്ത്യ ആഗ്രഹിക്കുന്നില്ല. അവർക്ക് ഷീ ജിൻപിംഗുമായി (ചൈനീസ് പ്രസിഡന്റ്) അടുപ്പമുണ്ട്. വ്യാപാരത്തിൽ ഞങ്ങളെ അവർ കബളിപ്പിച്ചതിനാൽ 25 ശതമാനം തീരുവ (പകരച്ചുങ്കം) ചുമത്തി. റഷ്യൻ എണ്ണ വാങ്ങുന്നതിന് 25 ശതമാനം കൂടി ചുമത്തി " - നവാറോ കുറ്റപ്പെടുത്തി.
ഇന്ത്യയെ തീരുവകളുടെ മഹാരാജാവ് എന്ന് വിശേഷിപ്പിച്ച നവാറോ, യു.എസിന് ഇന്ത്യയുമായി വലിയ വ്യാപാര കമ്മിയുണ്ടെന്നും കൂട്ടിച്ചേർത്തു. പകരച്ചുങ്കം ഈ മാസം 7ന് പ്രാബല്യത്തിൽ വന്നിരുന്നു. റഷ്യയിലെത്തിയ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായി ചർച്ച നടത്തിയ പിന്നാലെയാണ് നവാറോയുടെ പ്രസ്താവന.