കൊളംബിയയിൽ സ്ഫോടനം: 5 മരണം
Saturday 23 August 2025 7:17 AM IST
ബൊഗോട്ട: കൊളംബിയയിലെ കാലി നഗരത്തിൽ വാഹനത്തിൽ ഘടിപ്പിച്ച ബോംബ് പൊട്ടിത്തെറിച്ച് 5 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. നഗരത്തിന് വടക്കുള്ള എയർബേസായ മാർകോ ഫിഡൽ സ്വാരസ് മിലിട്ടറി ഏവിയേഷൻ സ്കൂളിന് സമീപമായിരുന്നു സംഭവം.
എയർബേസിന് മുന്നിലെ നിരവധി വീടുകൾക്ക് നാശനഷ്ടം സംഭവിച്ചു. സ്ഫോടനത്തിന് പിന്നാലെ നഗരത്തിലേക്ക് ഭീമൻ ട്രക്കുകൾ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തി. സ്ഫോടനവുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈമാറുന്നവർക്ക് 10,000 ഡോളർ പാരിതോഷികവും പ്രഖ്യാപിച്ചു. ആക്രമണത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമല്ല.
സംഭവം ഭീകരാക്രമണമാണെന്ന് പ്രാദേശിക ഗവർണർ ഡിലിയൻ ഫ്രാൻസിസ്ക ടോറോ ആരോപിച്ചു. ജൂണിൽ കാലിയിലും സമീപ പ്രദേശങ്ങളിലും നടന്ന ബോംബ്, വെടിവയ്പ് ആക്രമണ പരമ്പരകളുടെ ഉത്തരവാദിത്വം ഇടതുപക്ഷ ഗറില്ലകൾ ഏറ്റെടുത്തിരുന്നു. 7 പേരാണ് അന്ന് കൊല്ലപ്പെട്ടത്.