റഷ്യയിലെ എണ്ണ പൈപ്പ് ലൈൻ ആക്രമിച്ച് യുക്രെയിൻ ഹംഗറി, സ്ലോവാക്യ എന്നിവിടങ്ങളിലേക്ക് എണ്ണ വിതരണം തടസപ്പെട്ടു
മോസ്കോ: റഷ്യയിലെ ബ്രയാൻസ്‌കിൽ ഹംഗറി, സ്ലോവാക്യ എന്നിവിടങ്ങളിലേക്ക് എണ്ണ വിതരണം ചെയ്യുന്നതിനുള്ള ദ്രുസ്‌ബ പൈപ്പ് ലൈന് നേരെ യുക്രെയിന്റെ ഡ്രോൺ ആക്രമണം. വ്യാഴാഴ്ച രാത്രിയായിരുന്നു ആക്രമണം. പിന്നാലെ ഹംഗറിയിലേക്കും സ്ലോവാക്യയിലേക്കുമുള്ള എണ്ണ വിതരണം റഷ്യ അഞ്ചു ദിവസത്തേക്ക് നിറുത്തിവച്ചു. റഷ്യയിലെ ഊർജ്ജ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് യുക്രെയിൻ ഡ്രോൺ ആക്രമണം ശക്തമാക്കുന്നതിനിടെയാണ് സംഭവം. വിഷയത്തിൽ യൂറോപ്യൻ കമ്മിഷൻ ഇടപെടണമെന്നും എണ്ണ വിതരണത്തിന്റെ സുരക്ഷ ഉറപ്പാക്കണമെന്നും ഹംഗറിയും സ്ലോവാക്യയും ആവശ്യപ്പെട്ടു. 2022 ഫെബ്രുവരിയിൽ യുക്രെയിൻ യുദ്ധം തുടങ്ങിയത് മുതൽ റഷ്യൻ വാതക, എണ്ണ ഇറക്കുമതി യൂറോപ്യൻ യൂണിയൻ കുറച്ചുവരികയാണ്. എന്നാൽ, സ്ലോവാക്യയും ഹംഗറിയും പൈപ്പ് ലൈൻ വഴി റഷ്യൻ എണ്ണയും വാതകവും ഇപ്പോഴും വൻതോതിൽ ഇറക്കുമതി ചെയ്യുന്നു. റഷ്യയ്ക്ക് മേലുള്ള ഉപരോധങ്ങളെ ഇവർ എതിക്കുന്നു. ഒരാഴ്ചയ്ക്കിടെ രണ്ടാം തവണയാണ് ദ്രുസ്‌ബ പൈപ്പ് ലൈന് നേരെ യുക്രെയിന്റെ ആക്രമണമുണ്ടായത്.