മയോണൈസ് കിട്ടിയില്ല, കഫേയ്ക്ക് തീയിട്ടു

Saturday 23 August 2025 7:17 AM IST

മാഡ്രിഡ്: സ്പെയിനിലെ സെവില്ലിൽ സാൻവിച്ചിനൊപ്പം മയോണൈസ് കിട്ടാത്തതിന്റെ പേരിൽ കഫേയ്ക്ക് തീയിട്ടയാൾ അറസ്റ്റിൽ. ബുധനാഴ്ച വൈകിട്ട് ലാസ് പോസ്റ്റാസ് കഫേ-ബാറിലായിരുന്നു സംഭവം. പ്രതി രണ്ടാമതും മയോണൈസ് ചോദിച്ചെങ്കിലും കഫേ ജീവനക്കാർ നൽകിയില്ല. തുടർന്ന് കഫേയ്ക്ക് പുറത്തുപോയ പ്രതി ഒന്നര ലിറ്റർ പെട്രോൾ അടങ്ങിയ കുപ്പിയുമായി തിരിച്ചെത്തി കഫേയിലെ ബാർ ഏരിയയിലേക്ക് ഒഴിച്ച് തീയിടുകയായിരുന്നു. കുട്ടികളടക്കം കസ്റ്റമേഴ്സിന് മുന്നിൽ വച്ചായിരുന്നു ആക്രമണം. തീപിടിത്തമുണ്ടായതോടെ ഇവർ പുറത്തേക്ക് ഇറങ്ങിയോടി. ഇതിനിടെ ഇടതു കൈയ്ക്ക് പൊള്ളലേറ്റ പ്രതി, ഓടി രക്ഷപ്പെട്ടു. ഇയാളെ വൈകാതെ പൊലീസ് പിടികൂടുകയായിരുന്നു. ഏകദേശം 8 ലക്ഷം രൂപയുടെ നഷ്ടം കഫേയിലുണ്ടായി. മയോണൈസ് ഇല്ലാത്തതിനാലാണ് നൽകാതിരുന്നതെന്ന് കഫേ അധികൃതർ പറയുന്നു.