പാർക്കിംഗിന്റെ പേരിൽ തർക്കം; പൊലീസുകാരനെ കുത്തിപ്പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Saturday 23 August 2025 7:57 AM IST

തിരുവനന്തപുരം: കൊച്ചുള്ളൂരിൽ പൊലീസുകാരനെ കുത്തിയ പ്രതി പിടിയിൽ. തിരുവനന്തപുരം പാറോട്ടുകോണം സ്വദേശി സജീവാണ് അറസ്റ്റിലായത്. ഇന്നലെ രാത്രിയാണ് ഇയാൾ തിരുവനന്തപുരം വലിയതുറ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ മനുവിനെ (38) കുത്തിയത്. മനുവിന്റെ മുഖത്തും നെഞ്ചിലും മുറിവേറ്റിട്ടുണ്ട്. നിലവിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് മനു.

മനുവിന്റെ വീടിന് മുന്നിൽ ബൈക്ക് പാർക്ക് ചെയ്‌തതിനെ ചൊല്ലിയുള്ള തർക്കമാണ് ആക്രമണത്തിലേക്ക് നയിച്ചത്. മനുവിനെ കുത്തിയ പ്രതി സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു. മെഡിക്കൽ കോളേജ് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഒടുവിൽ സജീവിനെ പിടികൂടാനായത്.