ഉത്തരാഖണ്ഡിൽ വീണ്ടും മേഘവിസ്‌ഘോടനം; നിരവധിപേരെ കാണാതായി, കെട്ടിടങ്ങൾ തകർന്നു

Saturday 23 August 2025 8:54 AM IST

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ വീണ്ടും മേഘവിസ്ഫോടനം. ചമോലിയിലെ തരാലിയിലാണ് മേഘവിസ്ഫോടനം ഉണ്ടായത്. നിരവധിപേരെ കാണാതായെന്നാണ് റിപ്പോർട്ട്. തരാലിയിലെ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റിന്റെ വീട് ഉൾപ്പെടെ നിരവധി വീടുകൾക്കും കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നുവെന്നാണ് വിവരം.

ജില്ലാ കളക്ടറും ദുരിതാശ്വാസ സംഘങ്ങളും സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് കേന്ദ്ര കാലാവസ്ഥാ വകുപ്പ് കഴിഞ്ഞ ദിവസം ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിരുന്നു. ഡെറാഡൂൺ, തെഹ്രി, പൗരി, ചമോലി, രുദ്രപ്രയാഗ്, നൈനിറ്റാൾ, അൽമോറ തുടങ്ങിയ ജില്ലകളിൽ ഇടിമിന്നൽ, മിന്നൽ, അതിശക്തമായ മഴ എന്നിവയ്ക്ക് സാദ്ധ്യതയുണ്ടെന്നായിരുന്നു അറിയിപ്പ്. ഇന്ന് ഉച്ചവരെ ഈ മുന്നറിയിപ്പ് നിലനിൽക്കുന്നുണ്ട്. ഇതിനിടെയാണ് ചമോലിയിൽ ദുരന്തമുണ്ടായത്.

മഴയ്ക്കും മണ്ണിടിച്ചിലിനും സാദ്ധ്യതയുള്ള പ്രദേശങ്ങളിൽ താമസക്കാർ ജാഗ്രത പാലിക്കണമെന്ന് പൊലീസ് അഭ്യർത്ഥിച്ചു. ഉത്തരകാശിയിലെ ദബ്രാനി പ്രദേശത്തെ ഗംഗോത്രി ഹൈവേയിൽ മണ്ണിടിഞ്ഞുവീണ് ബുധനാഴ്ച രണ്ടുപേർ മരിച്ചിരുന്നു. അതിനിടെ ഹർസിലിൽ പുതുതായി രൂപംകൊണ്ട തടാകം വറ്റിക്കാൻ എൻഡിആർഎഫും എസ്ഡിആർഎഫും അടക്കം ശ്രമം തുടരുകയാണ്.