രാഹുലിന്റെ ചാറ്റുകളിൽ നാണംകെട്ട് പാർട്ടി; സ്ഥിതി ഇനിയും വഷളായാൽ നേതൃത്വം കൈവിടും, എംഎൽഎ സ്ഥാനം ത്രിശങ്കുവിൽ
തിരുവനന്തപുരം: ആരോപണങ്ങൾക്ക് പിന്നാലെ യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷസ്ഥാനം ഒഴിയേണ്ടിവന്ന രാഹുൽ മാങ്കൂട്ടത്തിലിന്റെ എംഎൽഎ സ്ഥാനം ഇപ്പോൾ സേഫാണ്. എന്നാൽ സ്ഥിതി വീണ്ടും വഷളായാൽ രാഹുലിനെതിരെ കടുത്ത നടപടികളിലേക്ക് പാർട്ടി നേതൃത്വം കടന്നേക്കും. ഇപ്പോൾ എംഎൽഎ സ്ഥാനം രാജിവയ്‌ക്കേണ്ടെന്ന കോൺഗ്രസ് നിലപാട് മാറ്റാനുള്ള സാദ്ധ്യതകൾ ഏറെയാണെന്നാണ് വിവരം. പാർട്ടി ചിലപ്പോൾ രാഹുലിനോട് രാജി ആവശ്യപ്പെട്ടേക്കും. കഴിഞ്ഞ ദിവസങ്ങളിലായി പുറത്തുവരുന്ന ചാറ്റുകളും സംഭാഷണങ്ങളും പാർട്ടിയുടെ പ്രതിച്ഛായയെ കാര്യമായ രീതിയിൽ ബാധിക്കുന്നുണ്ട്.
പ്രതിപക്ഷ നേതാവ് വിഡി സതീശൻ അടക്കമുള്ള നേതാക്കൾ പരസ്യമായി പ്രകടിപ്പിക്കുന്നില്ലെങ്കിലും വലിയ അമർഷത്തിലാണ്. അവസരങ്ങൾ നൽകിയ പാർട്ടിയോടും ജനങ്ങളോടും ഉത്തരവാദിത്തം പ്രകടിപ്പിക്കാത്ത പ്രവർത്തനങ്ങളാണ് രാഹുലിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നാണ് വിലയിരുത്തൽ. സ്ത്രീകളെ ബഹുമാനിക്കേണ്ട ജനപ്രതിനിധിയുടെ ഭാഗത്ത് നിന്നുണ്ടായ ഇത്തരം വീഴ്ച പാർട്ടി ഗൗരവമായാണ് കാണുന്നത്. എംഎൽഎ സ്ഥാനം രാജിവയ്പ്പിക്കാനുള്ള സമ്മർദ്ദം പാർട്ടിയിലെ ഒരു വിഭാഗം ഉയർത്തുന്നുണ്ട്. അടുത്ത മാസം 15ന് നിയമസഭ സമ്മേളനം ആരംഭിക്കാനിരിക്കെ പാർട്ടി എന്ത് നിലപാട് സ്വീകരിക്കുമെന്നത് നിർണായകമാണ്.
എൽഡിഎഫിന്റെ എംഎൽഎ നടൻ മുകേഷിനെതിരെയുള്ള കേസ് ചൂണ്ടിക്കാട്ടിയാണ് ഇപ്പോൾ കോൺഗ്രസ് നേതൃത്വം രാഹുലിന്റെ കാര്യത്തിൽ പിടിച്ചുനിൽക്കുന്നത്. കോൺഗ്രസ് എംഎൽഎമാരായ എം വിൻസെന്റ്, എൽദോസ് കുന്നപ്പിള്ളി എന്നിവർക്കെതിരെയും കേസുകളുണ്ടായിട്ടും എംഎൽഎ സ്ഥാനത്ത് തുടരുന്നുണ്ട്. അവർ സ്ഥാനത്ത് തുടരുന്നതും രാഹുലിന് അനുകൂല ഘടകമായി കണക്കാക്കുന്നു. മാത്രമല്ല, രാഹുലിനെതിരെ ഇതുവരെ ആരും പൊലീസിൽ പരാതി നൽകാത്തതും അനുകൂലമാണ്.
എന്നാൽ ഇനി അങ്ങോട്ടുള്ള ദിവസങ്ങളിൽ കൂടുതൽ പരാതികൾ രാഹുലിനെതിരെ വന്നാൽ നേതൃത്വം അതിനെ എങ്ങനെ മറികടക്കുമെന്ന് കണ്ടറിയണം. രാഹുലുമായി ബന്ധപ്പെട്ട ആരോപണം നേരത്തെ അറിഞ്ഞെങ്കിലും വേണ്ട നടപടി സ്വീകരിക്കാൻ പ്രതിപക്ഷ നേതാവ് വിഡി സതീശനും ഷാഫി പറമ്പിൽ എംപി യും ശ്രമിച്ചില്ലെന്ന ആരോപണം ഒരു വിഭാഗം നേതാക്കൾ ഉയർത്തുന്നുണ്ട്. താൻ നേരത്തെ അറിഞ്ഞിരുന്നില്ലെന്നും, തനിക്ക് പരാതി ലഭിച്ചിരുന്നില്ലെന്നുമാണ് വിഡി സതീശൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. എന്നാൽ ,ഷാഫി ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല. രാഹുലിനെതിരെ ഉയർന്ന ആരോപണങ്ങളുടെ പശ്ചാത്തലവും നിജസ്ഥിതിയും അന്വേഷിക്കാൻ പ്രത്യേക സമിതിയെ നിയോഗിക്കാനും കെ.പി.സി.സി നേതൃത്വം ആലോചിക്കുന്നുണ്ട്.
ഇന്നലെയും രാഹുലിനെതിരെ ലൈംഗികാരോപണവുമായി മറ്റൊരു പെൺകുട്ടി രംഗത്തു വന്നിരുന്നു. യൂത്ത് കോൺഗ്രസിന്റെ വാട്സ് ആപ്പ് ഗ്രൂപ്പിൽ രാഹുലിനെ എതിർത്തും അനുകൂലിച്ചുമുള്ളവരുടെ തമ്മിലടി രൂക്ഷമായതോടെ, വാട്സ് ആപ്പ് ഗ്രൂപ്പ് അഡ്മിൻ ഒൺലിയാക്കുകയും ചെയ്തു.