'നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ പിന്തുണയ്ക്കാത്തത് നാദിർഷയ്ക്ക് ദേഷ്യമായി, പൊതുവേദിയിൽ അപമാനിച്ചു'; വെളിപ്പെടുത്തി സംവിധായകൻ

Saturday 23 August 2025 10:21 AM IST

മിമിക്രി സംഘടനയിൽ നിന്ന് നേരിട്ട അവഗണനകൾ തുറന്നുപറഞ്ഞ് നടനും സംവിധായകനുമായ ആലപ്പി അഷ്‌റഫ്. കലാരംഗത്തുണ്ടായ പ്രശ്നങ്ങളെക്കുറിച്ചും അദ്ദേഹം പങ്കുവച്ചു. സംവിധായകനും നടനുമായ നാദിർഷയിൽ നിന്നാണ് തനിക്ക് മറക്കാൻ സാധിക്കാത്ത അനുഭവം ഉണ്ടായതെന്നാണ് ആലപ്പി അഷ്‌റഫ് പറഞ്ഞത്. തന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ.

'മിമിക്രി കലാകാരൻമാരുടെ ഒരു സംഘടനയാണ് മിമിക്രി ആർട്ടിസ്​റ്റ് അസോസിയേഷൻ. അതിൽ നാദിർഷ പ്രസിഡന്റായപ്പോഴുളള ഒരു ജനറൽ ബോഡി മീ​റ്റിംഗിൽ ഞാൻ പങ്കെടുത്തു. വിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യാൻ നാദിർഷ കലാഭവനിലുണ്ടായിരുന്ന അഞ്ചോളം താരങ്ങളെ സ്വാഗതം ചെയ്തു. അതിൽ ഞാനുണ്ടായിരുന്നില്ല. എന്നെ എന്താ വിളിക്കാത്തതെന്ന് ഒരു സംഘാടകൻ നാദിർഷയോട് ചോദിച്ചു. അയാളെ വിളിക്കണ്ടെന്നായിരുന്നു നാദിർഷയുടെ മറുപടി. നടിയെ ആക്രമിച്ച കേസിൽ ഞാൻ ദിലീപിനെ പിന്തുണയ്ക്കാത്ത ദേഷ്യത്തിലായിരുന്നു നാദിർഷ അങ്ങനെ ചെയ്തത്. ഞാൻ ചെയ്ത വലിയ തെറ്റ് അതായിരുന്നു. പൊതുവേദിയിൽ വച്ചായിരുന്നു ആ സംഭവം.

കുറച്ച് ദിവസങ്ങൾക്ക് മുൻപ് ടിനിടോം എന്നെ വിളിച്ചിരുന്നു. പ്രേംനസീറിനെ അപമാനിച്ചെന്ന പേരിൽ ടിനിടോമിന് വലിയ രീതിയിലുളള വിമർശനങ്ങളാണ് ലഭിച്ചത്. ഞങ്ങളെ ഗുരുസ്ഥാനത്താണ് കാണുന്നതെന്നാണ് ടിനിടോം അന്ന് പറഞ്ഞത്. സംഗീത നാടക അക്കാഡമിയുടെ പ്രസിഡന്റ് സ്ഥാനത്ത് നടൻ മുരളി അധികാരത്തിൽ ഇരുന്നപ്പോൾ, മിമിക്രിയെ കൂടി സംഗീത നാടക അക്കാഡമിയുടെ ഭാഗമാക്കാൻ സാധിക്കുമോയെന്ന് ഞാൻ ചോദിച്ചിരുന്നു. എന്നാൽ മിമിക്രിയെ കലാരൂപമായി കാണാൻ സാധിക്കില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. പിന്നീട് മുകേഷ് അക്കാഡമിയുടെ ചെയർമാനായി വന്നപ്പോൾ അത് സാധിച്ചു'- ആലപ്പി അഷ്‌റഫ് പറഞ്ഞു.