പൊലീസിൽ നിന്ന് രക്ഷപ്പെടാൻ കിണറ്റിൽ ചാടി; പ്രതിയെ രക്ഷിക്കാൻ ഫയർഫോഴ്‌സിനെ വിളിച്ച് പൊലീസ്

Saturday 23 August 2025 12:21 PM IST

കൊല്ലം: പൊലീസിനെ വെട്ടിച്ച് കിണറ്റിൽ ചാടിയ പ്രതിയെ ഫയർ ഫോഴ്‌സ് എത്തി രക്ഷിച്ചു. എഴുകോൺ ഇരുമ്പനങ്ങാട് വികെഎം ക്ലബ്ബിന് സമീപം വെള്ളിയാഴ്‌ച രാത്രി 11.45നായിരുന്നു സംഭവം. ഓൺലൈൻ തട്ടിപ്പുമായി ബന്ധപ്പെട്ട് കൊടുങ്ങല്ലൂർ പൊലീസ് രജിസ്റ്റർ ചെയ്‌ത കേസിലെ പ്രതി ശ്രീകുമാറാണ് കിണറ്റിൽ ചാടിയത്.

കസ്റ്റഡിയിലെടുത്ത ശ്രീകുമാറിനെ പൊലീസ് ചോദ്യം ചെയ്‌തപ്പോൾ കൂട്ടുപ്രതിയും എഴുകോൺ ഇരുമ്പനങ്ങാട്ട് ഭാഗത്തുണ്ടെന്നറിഞ്ഞത്. തുടർന്നാണ് ശ്രീകുമാറുമായി കൊടുങ്ങല്ലൂർ പൊലീസ് കൂട്ടുപ്രതിയുടെ വീട് കണ്ടെത്താൻ ഇരുമ്പനങ്ങാട്ട് എത്തിയത്. രാത്രി ഊടുവഴികളിലൂടെ പൊലീസിനെ കൊണ്ടുപോയ ഇയാൾ ഓടി. രക്ഷപ്പെടാനായി ചാരുവുള പുത്തൻവീട്ടിൽ സജീവിന്റെ കിണറ്റിൽ ചാടി. ശബ്‌ദം കേട്ട് സജീവിന്റെ ഭാര്യയും മകനും നോക്കുമ്പോഴാണ് കിണറ്റിൽ ആളിനെ കണ്ടത്. വീട്ടുകാരുടെ ബഹളംകേട്ട് സമീപത്തുണ്ടായിരുന്ന പൊലീസ് ഓടിയെത്തുകയായിരുന്നു.

തുടർന്ന് കുണ്ടറയിൽ നിന്ന് ഫയർ ഫോഴ്‌സെത്തി പ്രതിയെ കരയ്‌ക്കെത്തിച്ചു. സാരമായി പരിക്കേറ്റ പ്രതിയെ പൊലീസ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.