പ്രഷർ കുക്കറിൽ നിന്ന് അമിതമായി വെള്ളവും പതയും വരുന്നുണ്ടോ? നിസാരമാക്കരുത്, പരിഹാരമുണ്ട്

Saturday 23 August 2025 12:25 PM IST

ഇന്നത്തെ കാലത്ത് പ്രഷർ കുക്കർ ഉപയോഗിക്കാത്ത വീടുകൾ കുറവായിരിക്കും. ഭക്ഷണം എളുപ്പത്തിൽ പാകം ചെയ്യാൻ സഹായിക്കുമെന്നതിനാൽ പ്രഷർ കുക്കർ ഒഴിവാക്കാനാവാത്ത ഉപകരണമായി മാറിയിരിക്കുകയാണ്. വേഗത്തിൽ ഭക്ഷ്യവസ്തുക്കൾ വേവിക്കാൻ സാധിക്കുമെന്നതിനാൽ സമയവും ഗ്യാസും ലാഭിക്കാനും കഴിയും. വളരെയധികം ഉപകാരങ്ങളുണ്ടെങ്കിലും പ്രഷർ കുക്കർ ഉപയോഗിക്കുമ്പോൾ വളരെ ശ്രദ്ധിക്കേണ്ടതുണ്ട്. അശ്രദ്ധമായ ഉപയോഗം വലിയ അപകടങ്ങൾ വിളിച്ചുവരുത്തും. പ്രഷർ കുക്കർ പൊട്ടിത്തെറിച്ചുള്ള അപകടത്തിൽ അനേകം പേർക്ക് ജീവൻ നഷ്ടമാവുകയും ചെയ്തിട്ടുണ്ട്.

പ്രഷർ കുക്കർ ഉപയോഗിക്കുന്ന മിക്കവാറും പേരും നേരിടുന്ന ഒരു പ്രശ്‌നമാണ് വിസിലടിക്കുമ്പോൾ ലിഡിന്റെ മുകളിൽ നിന്നും വശങ്ങളിൽ നിന്നുമെല്ലാം പതഞ്ഞുപൊങ്ങുന്നത്. ഇങ്ങനെ വരുമ്പോൾ ഗ്യാസ് അടുപ്പിനുള്ളിൽ വെള്ളം വീഴുകയും അടുപ്പും പരിസരവുമെല്ലാം വൃത്തികേടാവുകയും ചെയ്യും. മാത്രമല്ല, ആഹാരം ഉദേശിക്കുന്ന രീതിയിൽ പാകമാവുകയുമില്ല. ഇത്തരം പ്രശ്നങ്ങൾക്ക് മികച്ച പരിഹാരമുണ്ട്.

  • കുക്കറിന്റെ സിലിക്കൺ/ റബർ സീലിംഗ് റിംഗ് പരിശോധിക്കണം. റിംഗിൽ വിള്ളലോ മുറിഞ്ഞിരിക്കുകയോ മറ്റ് തകരാറുകളോ ഉണ്ടെങ്കിൽ പത വരാം.
  • കുക്കറിന്റെ വെന്റ് ട്യൂബ് പരിശോധിക്കുക. ഭക്ഷണപദാർത്ഥമോ അഴുക്കോ മറ്റോ ട്യൂബിനുള്ളിൽ കയറിയിരിക്കുന്നെങ്കിൽ അതെല്ലാം മാറ്റി വൃത്തിയാക്കണം.
  • കുക്കറിന്റെ ലിഡ് ശരിയായ അടഞ്ഞോയെന്ന് പരിശോധിക്കണം. ലിഡ് ശരിയായി അടഞ്ഞില്ലെങ്കിലും ലീക്ക് ഉണ്ടാകും.
  • കുക്കറിൽ പാകം ചെയ്യാനുള്ളവ കുത്തിനിറച്ച് വയ്ക്കരുത്. മുക്കാൽ ഭാഗം വരെ മാത്രമേ ഇത് പാടുള്ളൂ.
  • ഭക്ഷണ പദാർത്ഥത്തിന് മുകളിൽ എത്തുന്നതുവരെ മാത്രം വെള്ളം നിറയ്ക്കുക. കൂടിപ്പോയാലും ലീക്ക് ഉണ്ടാവും.