2000 കോടി രൂപയുടെ ബാങ്ക് തട്ടിപ്പ് കേസ്; അനിൽ അംബാനിയുടെ സ്ഥാപനങ്ങളിൽ സിബിഐ റെയ്‌ഡ്
ന്യൂഡൽഹി: റിലയൻസ് കമ്മ്യൂണിക്കേഷൻസിലും അതിന്റെ പ്രൊമോട്ടർ ഡയറക്‌ടർ അനിൽ അംബാനിയുമായും ബന്ധമുള്ള സ്ഥാപനങ്ങളിൽ സിബിഐ റെയ്‌ഡ്. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്‌ക്ക് 2000 കോടിയിലധികം രൂപയുടെ നഷ്‌ടമുണ്ടാക്കിയെന്ന് ആരോപിക്കപ്പെടുന്ന ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ടാണ് റെയ്‌ഡ് നടത്തിയത്.
റിലയൻസ് കമ്മ്യൂണിക്കേഷൻസും അനിൽ അംബാനിയുമായും ബന്ധമുള്ള ആറ് സ്ഥാപനങ്ങളിലാണ് റെയ്‌ഡ് നടന്നത്. ബാങ്ക് ഫണ്ടുകൾ എങ്ങനെ ദുരുപയോഗം ചെയ്‌തുവെന്നും വായ്‌പകൾ വകമാറ്റി ചെലവഴിച്ചിട്ടുണ്ടോഎന്നും സ്ഥാപിക്കുന്നതിനുള്ള നിർണായക രേഖകളും ഡിജിറ്റൽ തെളിവുകളും ശേഖരിക്കുക എന്നതായിരുന്നു റെയ്‌ഡിന്റെ ലക്ഷ്യമെന്ന് അധികൃതർ പറഞ്ഞു. 2000 കോടിയിലധികം രൂപയുടെ നാശനഷ്‌ടം വരുത്തിയതിന് റിലയൻസ് കമ്മ്യൂണിക്കേഷൻസിനെതിരെ സിബിഐ കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്.
ജൂൺ 13ന് എസ്‌ബിഐ റിലയൻസ് കമ്മ്യൂണിക്കേഷൻസിനെയും അനിൽ അംബാനിയെയും ഫ്രോഡ് പട്ടികയിൽ ഉൾപ്പെടുത്തി ജൂൺ 24ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയ്‌ക്ക് റിപ്പോർട്ട് അയക്കുകയും ചെയ്‌തു. ആർബിഐ മാർഗനിർദേശങ്ങൾ അനുസരിച്ച്, ഒരു ബാങ്ക് ഒരു അക്കൗണ്ടിനെ ഫ്രോഡ് പട്ടികയിൽ ഉൾപ്പെടുത്തിക്കഴിഞ്ഞാൽ 21 ദിവസത്തിനുള്ളിൽ ആർബിഐയെ അറിയിക്കുകയും കേസ് സിബിഐയിലോ പൊലീസിലോ റിപ്പോർട്ട് ചെയ്യുകയും വേണം.
തട്ടിപ്പ് ശ്രദ്ധയിൽപ്പെട്ടതോടെ റിലയൻസ് കമ്മ്യൂണിക്കേഷൻസിന് എസ്‌ബിഐ കാരണം കാണിക്കൽ നോട്ടീസ് അയച്ചിരുന്നു. ലഭിച്ച മറുപടികൾ പരിശോധിച്ചെങ്കിലും മതിയായ വിശദീകരണം നൽകാൻ പ്രതിഭാഗത്തിന് കഴിഞ്ഞില്ലെന്ന് ബാങ്ക് വ്യക്തമാക്കി. കോടിക്കണക്കിന് രൂപയുടെ ബാങ്ക് വായ്‌പ തട്ടിപ്പ് കേസുകളുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അംബാനിയെ ഇഡി ചോദ്യം ചെയ്‌ത് ദിവസങ്ങൾക്കുള്ളിലാണ് സിബിഐ റെയ്‌ഡുകൾ നടത്തിയത്.