അയ്യപ്പഭക്ത സംഗമത്തിൽ സ്റ്റാലിൻ പങ്കെടുക്കുന്നത് ഹിന്ദുക്കളെ അപമാനിക്കുന്നതിന് തുല്യം: രാജീവ് ചന്ദ്രശേഖർ

Saturday 23 August 2025 4:41 PM IST

തൃശൂർ: അയ്യപ്പഭക്ത സംഗമത്തിൽ ഡി എം കെ നേതാവും സനാതനധർമ്മ വിരോധിയുമായ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പങ്കെടുക്കുന്നത് ഹിന്ദുക്കളെ അപമാനിക്കുന്നതിന് തുല്യമാണെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. അയ്യപ്പ ഭക്തരേയും ശബരിമലയിലെ വിശ്വാസങ്ങളേയും തകർക്കാൻ നോക്കിയ പിണറായി സർക്കാരിന്റെ നേതൃത്വത്തിൽ അയ്യപ്പ ഭക്ത സംഗമം നടത്തുന്നത് പ്രഹസനമാണെന്നും തൃശൂരിൽ മാധ്യമങ്ങളോട് സംസാരിക്കവേ രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

ഇൻഡി സഖ്യകക്ഷികളായ സിപിഎമ്മും ഡിഎംകെയും ശബരിമലയുമായി ബന്ധപ്പെട്ട പരിപാടിയിൽ പങ്കെടുക്കുക എന്നത് വലിയൊരു വിരോധാഭാസമാണ്. ഹിറ്റ‍്ല‍ർ ജൂത‍ർക്ക് വേണ്ടി നിലകൊള്ളുകയും രാഹുൽ ​ഗാന്ധി സത്യം പറയുകയും, ഒസാമ ബിൻ ലാദൻ സമാധാനത്തിന്റെ അപ്പോസ്തലനാവുകയും, ഹമാസും ജമാ അത്തെ ഇസ്ലാമിയും അന്യമതവിശ്വാസികളെ ബഹുമാനിക്കുകയും, കോൺ​ഗ്രസ് അഴിമതിയും വംശാധിപത്യവും ഉപേക്ഷിക്കുകയും ചെയ്യുന്നതിന് തുല്യമാണ് ഇവരുടെ അയ്യപ്പ ഭക്ത സംഗമം. വ‍ർഷങ്ങളോളം ശബരിമലയിലെ ആചാരങ്ങളെയും അയ്യപ്പഭക്തരെയും അധിക്ഷേപിക്കുകയും ഒട്ടേറെപ്പേരെ ജയിലിലടക്കുകയും ചെയ്ത സ‍ർക്കാരാണ് പിണറായി വിജയന്റെത്.

സഖാവ് സ്റ്റാലിനും, അദ്ദേഹത്തിന്റെ പുത്രനും രാഷ്ട്രീയ പിൻമുറക്കാരനുമായ ഉദയനിധി സ്റ്റാലിനും വോട്ടു ബാങ്കുകളെ പ്രീതിപ്പെടുത്താനായി വ‍ർഷങ്ങളായി ഹിന്ദുക്കളെയും ഹിന്ദു ധ‍ർമ്മത്തെയും പരസ്യമായിത്തന്നെ അവഹേളിക്കുന്നവരാണ്. അങ്ങനെയുള്ളവരാണ് നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ അയ്യപ്പഭക്തസംഗമം നടത്തുന്നത്. തെരഞ്ഞെടുപ്പ് സമയത്ത് ജനങ്ങളെ വിഡ്ഢികളാക്കാനുള്ള തന്ത്രം മാത്രമാണിതെന്ന് മലയാളിക്കും തമിഴ് നാട്ടുകാർക്കുമെല്ലാം നന്നായി അറിയാം.

നുണയും കാപട്യങ്ങളും കൊണ്ട് ജനങ്ങളെ വിഡ്ഢികളാക്കുകയും തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുകയെന്നത് പതിറ്റാണ്ടുകളായി ഡിഎംകെയും ഇടതു പാർട്ടികളും സ്വീകരിക്കുന്ന തന്ത്രമാണ്. എന്നാൽ ഇനിയും ജനങ്ങളെ വിഡ്ഢികളാക്കാനാകില്ല. ഇൻഡി സഖ്യം ഹിന്ദു വിശ്വാസികളോട് പറഞ്ഞതും ചെയ്തതും ആരും ഒരിക്കലും മറക്കില്ലെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.