മുത്തേരിമടയിൽ ഇന്ന് ജലപൂരം

Sunday 24 August 2025 12:47 AM IST

കോട്ടയം : 30 ന് പുന്നമടയിൽ വള്ളംകളി പൂരമെങ്കിൽ മുത്തേരിമടയ്ക്ക് ഇന്ന് ചെറുപൂരമാണ്. കുമരകത്തെ വിവിധ ബോട്ട് ക്ലബുകൾ നാട്ടുകാർക്ക് മുന്നിൽ കരുത്ത് പ്രദർശിപ്പിക്കുന്ന ജലപൂരം ഇന്ന് ഉച്ചകഴിഞ്ഞാണ്. നെഹ്‌റു ട്രോഫി ജല മേള കാണാൻ പോകാൻ കഴിയാത്തവർക്കായാണ് മുത്തേരിമടയിൽ പരിശീലന തുഴച്ചിൽ നടക്കുക. ഇരുകരകൾ കൂടാതെ ബോട്ടുകളിലും വള്ളങ്ങളിലുമായി നൂറ് കണക്കിന് ആളുകൾ ആവേശം പകരാൻ തടിച്ചുകൂടും. കുമരകം ടൗൺ ബോട്ട് ക്ലബിന്റെ പായിപ്പാടൻ, ഇമ്മാനുവൽ ബോട്ട് ക്ലബിന്റെ നടുവിലേപ്പറമ്പൻ (പഴയ ഇല്ലിക്കളം) ചുണ്ടനുകൾക്കു പുറമേ ഇരുട്ടുകുത്തി വെപ്പ് ഓടി വള്ളങ്ങളും മുത്തേരിമടയിൽ എത്തും. ചങ്ങനാശേരി ബോട്ടുക്ലബിന്റെ ചമ്പക്കുളം ചുണ്ടനും നെഹ്‌റു ട്രോഫിയിൽ മത്സരിക്കാനുണ്ടെങ്കിലും കിടങ്ങറ ആറ്റിലാണ് പരിശീലനം നടത്തുന്നത്. പായിപ്പാടൻ ചുണ്ടൻ ഒരു മാസത്തിലേറെയായി തീവ്ര പരിശീലനത്തിലാണ്. പുന്നമടക്കായലിലെ ട്രാക്കിലും പരിശീലനത്തുഴച്ചിൽ നടത്തി. എതിരാളികൾ ശക്തരാണെങ്കിലും ടീം ഫൈനലിൽ എത്തുമെന്നും ഈ വർഷത്തെ നെഹൃട്രോഫി സ്വന്തമാക്കുമെന്ന ആത്മവിശ്വാസമാണ് കുമരകം ടൗൺ ബോട്ട് ക്ലബ് ഭാരവാഹികൾ പങ്കുവയ്ക്കുന്നത്.

ആറുതവണ ജലരാജാക്കന്മാർ

ആറ് തവണ നെഹ്റു ട്രോഫി നേടിയ ചരിത്രമാണ് ടൗൺ ബോട്ട് ക്ലബിന്റേത്. 2010 ൽ ജവഹർ തായങ്കരിയിലാണ് ക്ലബ് അവസാനമായി ട്രോഫി നേടിയത്. ചങ്ങനാശേരി ബോട്ട് ക്ലബ് രണ്ടാം തവണയാണ് മത്സരത്തിനിറങ്ങുന്നത്. കുമരകം ഇമ്മാനുവൽ ബോട്ട് ക്ലബ് ആദ്യമായാണ് പങ്കെടുക്കുന്നത്. അഞ്ചാം ഹീറ്റ്സിൽ മത്സരിക്കുന്ന ടൗൺ ബോട്ട് ക്ലബിന്റെ എതിരാളികൾ ജവഹർ തായങ്കരി സെന്റ് പയസ് ചുണ്ടനുകളാണ്. മൂന്നാം ഹീറ്റ്സിൽ ചങ്ങനാശേരി ബോട്ട് ക്ലബിന്റെ എതിരാളികൾ മേൽപ്പാടം, തലവടി, ആലപ്പാടൻ ചുണ്ടനുകളാണ്. രണ്ടാം ഹീറ്റ്സിൽ മത്സരിക്കുന്ന ഇമ്മാനുവൽ ബോട്ട് ക്ലബിന്റെ എതിരാളികൾ കരുവാറ്റ, ചെറുതന, നടുവിലേപറമ്പൻ ചുണ്ടനുകളാണ്.

''ചമ്പക്കുളം മൂലം വള്ളംകളിയിൽ എ ഗ്രേഡ് വെപ്പുവള്ളങ്ങളുടെ വിഭാഗത്തിൽ അമ്പലക്കടവനിൽ ഒന്നാമതെത്തിയ ആവേശത്തോടെയാണ് നെഹ്റു ട്രോഫിക്കായി പുന്നമടയിലേക്കു പോകുന്നത്.

വി.എസ്. സുഗേഷ് (കുമരകം ടൗൺബോട്ട് ക്ലബ് പ്രസിഡന്റ് )