ഒന്നു ചിരിക്കാനെങ്കിലും തയ്യാറാകണം

Sunday 24 August 2025 4:02 AM IST

ഉദ്യോഗസ്ഥർ ജനങ്ങളുടെ യജമാനരല്ലെന്നും, അവർ ഫയലുകളിൽ എടുക്കുന്ന തീരുമാനങ്ങളിൽ മനുഷ്യസ്പർശം വേണമെന്നും ഹൈക്കോടതി പറഞ്ഞിരിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ഒമ്പതു വർഷത്തിനിടയിൽ സമാനമായ അഭിപ്രായവും നിർദേശവും പലതവണ പറഞ്ഞിട്ടുള്ളതാണ്. ഓരോ ഫയലിലും ഓരോ ജീവിതമാണ് എന്ന ഓർമ ഉദ്യോഗസ്ഥർക്ക് ഉണ്ടാവണമെന്നാണ് നമ്മുടെ മുഖ്യമന്ത്രി നിരന്തരം പറഞ്ഞു കൊണ്ടിരിക്കുന്നത്. എന്നാൽ, ഈ പറച്ചിലും പരിദേവനങ്ങളുമൊക്കെ ഏട്ടിലെ പശുവായി മാറുന്നു എന്നതാണ് ജനങ്ങളുടെ അനുഭവം. രാജ്യം റിപ്പബ്ളിക്കായതിന്റെ ഓർമയിൽ കുറച്ചു വർഷങ്ങളായി രാജ്യത്തെ എല്ലാ സർക്കാർ ഓഫീസുകളിലും ഒരു ദിവസം ഉദ്യോഗസ്ഥർ ഭരണഘടനയുടെ ആമുഖം ഉറക്കെ വായിച്ച് ഒരു പ്രതിജ്ഞയെടുക്കുന്നുണ്ട്. ആ പ്രതിജ്ഞയിൽ ഉരുവിടുന്നത് വലിയ അർത്ഥമുള്ള വാക്കുകളാണ്. രാജ്യത്തെ ഒരു പരമാധികാര, സ്ഥിതി സമത്വ, മതനിരപേക്ഷ ജനാധിപത്യ, റിപ്പബ്ലിക്കാക്കാൻ ജനങ്ങളായ നമ്മൾ തീരുമാനിച്ചുവെന്നും, അതു യാഥാർത്ഥ്യമാക്കുന്നതിന് നീതി, സ്വാതന്ത്ര്യം, തുല്യത, സാഹോദര്യം എന്നിവ രാജ്യത്തെ മുഴുവൻ പൗരന്മാർക്കും കരഗതമാക്കും എന്നുമാണ് ഭരണഘടനയുടെ ആമുഖം പറയുന്നത്. നീതി എന്ന ആശയത്തിൽ ഗാന്ധിജിയും സാഹോദര്യം എന്നതിൽ ശ്രീ നാരായണ ഗുരുദേവനുമൊക്കെ പ്രകാശിക്കുന്നുമുണ്ട്.

ഈ ആമുഖ വാക്യങ്ങൾ എല്ലാ വർഷവും ആവർത്തിച്ചു ചൊല്ലി പ്രതിജ്ഞ ചെയ്യുന്ന ഉദ്യോഗസ്ഥർ, അവർ പറയുന്ന വാക്കുകളുടെ അർത്ഥം അൽപ്പമെങ്കിലും ഉൾക്കൊണ്ടു കൊണ്ട് ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ഫയലുകൾ കൈകാര്യം ചെയ്തിരുന്നുവെങ്കിൽ കോടതിക്ക് ഇങ്ങനെ നിരീക്ഷിക്കേണ്ടി വരുമായിരുന്നോ? മുഖ്യമന്ത്രിക്ക് ചർവിത ചർവണം പോലെ ഇത് ആവർത്തിക്കേണ്ടി വരുമായിരുന്നോ? ഉദ്യോഗസ്ഥർ ജനങ്ങളുടെ ദാസന്മാരാണെന്നാണ് ഹൈക്കോടതി പറഞ്ഞത്. സർക്കാർ ഉദ്യോഗസ്ഥരെ 'പബ്ലിക് സർവെന്റ് ' എന്ന ഇംഗ്ലീഷ് വാക്കുപയോഗിച്ചു വിശേഷിപ്പിക്കുമ്പോഴും, അവർ ജനങ്ങളുടെ ദാസന്മാർ എന്നു തന്നെയാണർത്ഥം. എന്നു പറഞ്ഞാൽ, ജനങ്ങൾക്കു വേണ്ടി ജോലി ചെയ്യുക എന്നതാണ് അവരുടെ മൗലികമായ ചുമതല എന്നാണ്. സാമൂഹ്യ ജീവിതത്തിന്റെ ഏറ്റവും പിൻനിരയിലുള്ള മനുഷ്യരുടെ ശബ്ദം മുൻനിരയിൽ കേൾക്കാൻ കഴിയുന്ന സ്ഥിതിയുണ്ടാവുകയും, അവരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുകയും ചെയ്യുമ്പോൾ മാത്രമേ ജനാധിപത്യം സമ്പൂർണമായി സാക്ഷാത്കരിക്കപ്പെടൂ എന്നു പറഞ്ഞത് ഗാന്ധിജിയാണ്. ഭരണഘടനയും ജനാധിപത്യ ഭരണ സംവിധാനങ്ങളുമൊക്കെ രൂപീകരിക്കപ്പെട്ടിട്ടുള്ളതും ഈ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ്.

കൊല്ലം തഹസീൽദാരുടെ ഓഫീസിൽ ബഹളം വച്ചെന്നും ഫയൽ പിടിച്ചുവാങ്ങി കൃത്യനിർവഹണം തടസപ്പെടുത്തിയെന്നും ആരോപിച്ച് രജിസ്റ്റർ ചെയ്ത കേസിലെ റിവിഷൻ ഹർജിയുടെ വിധിയിലാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ ശ്രദ്ധേയമായ നിരീക്ഷണം ഉണ്ടായത്. പ്രതിയെ കുറ്റവിമുക്തനാക്കിയ കോടതി, ഉദ്യോഗസ്ഥർ അനുഭാവപൂർവ്വം പെരുമാറിയിരുന്നെങ്കിൽ സംഭവം ഒഴിവാക്കാമായിരുന്നുവെന്നും ചൂണ്ടിക്കാട്ടി. മനുഷ്യത്വവും സഹാനുഭൂതിയുമാണ് സർക്കാരും ജനങ്ങളുമായുള്ള പാലം. എല്ലാ തീരുമാനത്തിനും പിന്നിൽ പ്രതീക്ഷയോ ഉത്കണ്ഠയോ സ്വപ്നങ്ങളോ ഉണ്ട്. സർക്കാർ ഓഫീസിൽ എത്തുന്നവർ പലവിധത്തിൽ പ്രതികരിക്കും. ഹർജിക്കാരന്റെ പ്രവൃത്തി ഒഴിവാക്കേണ്ടതായിരുന്നുവെന്ന് പറഞ്ഞ കോടതി ക്ഷമയാകണം ബ്യൂറോക്രസിയെ നയിക്കുന്ന വികാരം എന്നും നിരീക്ഷിച്ചു.

സ്വകാര്യ, കോർപറേറ്റ് സ്ഥാപനങ്ങൾ നൽകുന്ന സേവനത്തിന്റെ നിലവാരം എന്തെന്ന് അറിയിക്കാൻ സംവിധാനങ്ങളുണ്ട്. പൊതുജനങ്ങൾ നൽകുന്ന പ്രതികരണത്തിന്റെ തോത് അനുസരിച്ചായിരിക്കും പ്രസ്തുത ഉദ്യോഗസ്ഥന്റെ സേവന നിലവാരം പരിശോധിക്കുന്നതും റേറ്റിംഗ് നിശ്ചയിക്കുന്നത്. എന്തുകൊണ്ട് സർക്കാർ ഉദ്യോഗസ്ഥരുടെ കാര്യത്തിൽ അത്തരമൊരു വിലയിരുത്തൽ രീതി ആലോചിച്ചുകൂട. സർക്കാർ ഗൗരവമായി കണക്കിലെടുക്കണം. ഓരോ ആവശ്യങ്ങളുമായി ഓഫീസിലെത്തുന്നവരെ നോക്കി കുറഞ്ഞപക്ഷം ഒന്നു ചിരിക്കാനെങ്കിലും തയ്യാറാകണം സർ.