കാലുകളെ മുറിച്ചു മാറ്റാതെ സംരക്ഷിക്കാനാവും
രോഗചികിത്സയുടെ ഭാഗമായോ, അപകടങ്ങളെ തുടർന്നോ ഒക്കെ ഒരാളുടെ കാൽ മുറിച്ചുമാറ്രേണ്ടിവരുന്ന നിർഭാഗ്യ സാഹചര്യം ഉണ്ടാകാറുണ്ട്. കാൽ മുറിച്ചുമാറ്റേണ്ടി വരുമ്പോൾ ഒരു അവയവം നഷ്ടപ്പെടുക മാത്രമല്ല, പലപ്പോഴും ഉപജീവനമാർഗം, വ്യക്തിയുടെ അന്തസ്, ചലന സ്വാതന്ത്ര്യം എന്നിവ നഷ്ടപ്പെടാനും കാരണമാകും. സാമ്പത്തികമായി, ഇത് ജോലി നഷ്ടപ്പെടുന്നതിലേക്കും കൃത്രിമ അവയവങ്ങൾ, പുനരധിവാസം, ദീർഘകാല പരിചരണം എന്നിവ വേണ്ടിവരുന്നതുകൊണ്ട് ആജീവനാന്ത സാമ്പത്തിക ബാദ്ധ്യതയിലേക്കും നയിക്കുന്നു. സാമൂഹികമായി, വ്യക്തിക്ക് അപമാനം, വിഷാദം, ഒറ്റപ്പെടൽ എന്നിവ നേരിടേണ്ടിയും വന്നേക്കാം.
കാൽ മുറിച്ചുമാറ്റപ്പെട്ടവരിൽ 20 ശതമാനം പേർ മാത്രമേ സാധാരണ ജീവിതം വീണ്ടെടുക്കുന്നുള്ളൂ എന്നാണ് തുടർ സർവേകൾ സൂചിപ്പിക്കുന്നത്. 80 ശതമാനം പേരും കിടപ്പിൽ തുടരും. പ്രാഥമിക ആവശ്യങ്ങൾക്കു പോലും മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരും. രണ്ടുവർഷത്തിനുള്ളിൽ ഇവരിൽ പകുതിയോളം പേരിലും വൈകാരികവും ശാരീരികവുമായ സമ്മർദ്ദം കാരണുണ്ടാകുന്ന ഹൃദയാഘാതം സംഭവിക്കുന്നതായാണ് കാണുന്നത്.
കാലുകൾ മുറിച്ചുമാറ്റേണ്ടി വരുന്ന സാഹചര്യം കൂടുതലായും വാസ്‌കുലർ രോഗം മൂലമാണ് (പെരിഫറൽ ആർട്ടീരിയൽ ഡിസീസ്) ജീവിതശൈലീ ക്രമീകരണം, ആരോഗ്യകരമായ ഭക്ഷണക്രമം, പതിവ് വ്യായാമം, പ്രമേഹ നിയന്ത്രണം, പുകവലി നിറുത്തൽ എന്നിവയിലൂടെ വാസ്കുലർ രോഗം വലിയൊരു പരിധിവരെ ഒഴിവാക്കാൻ കഴിയും. ഒരു വ്യക്തിക്ക് പി.എ.ഡി വന്നാൽ, പ്രാരംഭഘട്ടത്തിൽ മരുന്നുകൾ ഉപയോഗിച്ചുള്ള ചികിത്സ ഫലപ്രദമാണ്. വേദന, അൾസർ, അല്ലെങ്കിൽ കാൽവിരലുകളുടെ കറുപ്പുനിറം തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാകുമ്പോൾ ആൻജിയോപ്ലാസ്റ്റി അല്ലെങ്കിൽ ബൈപാസ് സർജറി പോലുള്ള വാസ്‌കുലർ ടെക്‌നിക്കുകൾ രക്തയോട്ടം പുനഃസ്ഥാപിക്കുകയും കാലുകളെ രക്ഷപ്പെടുത്തുകയും ചെയ്യും.
പരാജയനിരക്കും ചെലവും കാരണം ഈ സാങ്കേതിക വിദ്യകളെ ആളുകൾ പലപ്പോഴും വിമർശിക്കാറുണ്ടെങ്കിലും, യാഥാർത്ഥ്യം വ്യത്യസ്തമാണ്. കാലുകളുടെ രക്ഷാനിരക്ക് 90 ശതമാനത്തിൽ കൂടുതലാണ്. ചെലവാകട്ടെ, കാൽ മുറിച്ചുമാറ്റിയതിനു ശേഷമുള്ള പരിചരണത്തിന് വേണ്ടിവരുന്നതിനേക്കാൾ വളരെ കുറവാണു താനും. പത്തിൽ ഒമ്പത് രോഗികൾക്ക് സ്വതന്ത്രവും സജീവവുമായ ജീവിതത്തിലേക്ക് മടങ്ങാൻ കഴിയും. എന്നാൽ വാസ്‌കുലർ പരിചരണത്തിന്റെ ലഭ്യത ഒരു വെല്ലുവിളിയാണ്. രാജ്യത്താകെ 823 വാസ്‌കുലർ സർജന്മാർ മാത്രമേയുള്ളൂ, കേരളത്തിലാകട്ടെ, ഇരുപതുപേർ മാത്രവും. ഇവരിൽ ദക്ഷിണ കേരളത്തിലുള്ളത് വെറും മൂന്നുപേർ മാത്രം. ഈ കുറവും പൊതുജന അവബോധത്തിന്റെ അഭാവവും പലപ്പോഴും തടയാൻ കഴിയുമായിരുന്ന കാൽ മുറിച്ചുമാറ്റലിന് കാരണമാകുന്നു.
(തിരുവനന്തപുരം പ്രാൺ ഹോസ്‌പിറ്റലിലെ കൺസൾട്ടന്റ് വാസ്‌കുലർ സർജൻ ആണ് ലേഖകൻ)