18 വർഷം, നീലക്കുറിഞ്ഞി ഉദ്യാനം യാഥാർത്ഥ്യത്തിലേക്ക്
മൂന്നാർ: വിജ്ഞാപനം വന്ന് 18 വർഷത്തിന് ശേഷം നീലക്കുറിഞ്ഞി ഉദ്യാനം യാഥാർത്ഥ്യമാകുന്നു. ഭൂമിയുടെ സർവേ നടപടികൾ പൂർത്തിയാക്കി അതിർത്തി നിർണയിച്ച് സെറ്റിൽമെന്റ് ഓഫീസറായ ദേവികുളം സബ് കളക്ടർ റിപ്പോർട്ട് സമർപ്പിച്ചതോടെയാണിത്. ഒരു പ്രത്യേക സസ്യത്തിന്റെ സംരക്ഷണത്തിനായി ഇന്ത്യയിൽ ആദ്യമായി സ്ഥാപിക്കുന്ന ദേശീയോദ്യാനമാണിത്. പ്രദേശത്തിന്റെ ജൈവവൈവിദ്ധ്യത്തെയും നീലക്കുറിഞ്ഞിയെയും ഒരുപോലെ സംരക്ഷിക്കുന്നതിനായാണ് പ്രത്യേക ഉദ്യാനമെന്ന ആശയം മുന്നോട്ടുവച്ചത്. 2006ൽ വനം മന്ത്രിയായിരുന്ന ബിനോയ് വിശ്വം ഇതുസംബന്ധിച്ച് പ്രഖ്യാപനം നടത്തി. 2007 ഡിസംബറിൽ ഉദ്യാനം ഉൾപ്പെടുന്ന ഭൂമിയുടെ സർവേ നമ്പരുകൾ ഉൾപ്പെടുത്തി സർക്കാർ വിജ്ഞാപനമിറക്കി. വർഷങ്ങൾ കഴിഞ്ഞ് 2015ലാണ് കുറിഞ്ഞി സങ്കേതത്തിന്റെ സെറ്റിൽമെന്റ് ഓഫീസറായി ദേവികുളം ആർ.ഡി.ഒയെ സർക്കാർ നിയമിച്ചത്. വിജ്ഞാപനം പുറപ്പെടുവിച്ച പ്രദേശത്തെ ജനങ്ങളുടെ ഭൂമിയന്മേലുള്ള അവകാശങ്ങൾ പരശോധിക്കാനും കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നതിനും സെറ്റിൽമെന്റ് ഓഫീസർക്ക് അധികാരം നൽകിയിരുന്നു. ഇതുകൂടാതെ പട്ടയഭൂമികൾ ഒഴിവാക്കിയുള്ള ഭൂമിയുടെ അതിരുകൾ പുനർനിർണ്ണയം ചെയ്ത് കുറിഞ്ഞിമല സങ്കേതത്തിന്റെ അതിരുകൾ നിശ്ചയിക്കാൻ 2018ലും 2020 ലും റവന്യൂ വകുപ്പ് ഉത്തരവും പുറപ്പെടുവിച്ചു. തുടർന്ന് ലാൻഡ് റവന്യൂ ജോയിന്റ് കമ്മിഷണറായിരുന്ന ഡോ. എ. കൗശികനെ സ്‌പെഷ്യൽ ഓഫീസറായി 2020ൽ നിയമിച്ചു. എന്നാൽ റവന്യൂ ഹെഡ് ഓഫീസിൽ പ്രധാന ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥന് ജില്ലയിലുള്ള ഈ ചുമതല കാര്യക്ഷമമായി നിർവഹിക്കാൻ സാധിച്ചില്ല. ഇതോടെ ദേവികുളം സബ് കളക്ടർക്ക് സങ്കേതത്തിന്റെ അധിക ചുമതല നൽകി 2022ൽ ഉത്തരവായി. ഒടുവിൽ സബ് കളക്ടറായ വി.എം. ജയകൃഷ്ണനാണ് അതിർത്തി നിർണയം പൂർത്തിയാക്കിയത്.
പരാതിയും വിവാദങ്ങളും
നീലക്കുറിഞ്ഞി ഉദ്യാനവുമായി ബന്ധപ്പെട്ട് നിരവധി പരാതികളും വിവാദങ്ങളും നിലനിന്നിരുന്നു. സർക്കാർ വിജ്ഞാപനത്തിൽ പറഞ്ഞിരുന്ന സർവേ നമ്പരുകളിൽ പട്ടയഭൂമിയും ഉൾപ്പെട്ടിട്ടുണ്ടെന്ന ആരോപണവുമായി ഒട്ടേറെ പേർ രംഗത്തെത്തിയതോടെ ഉദ്യാനം വിവാദമായി മാറി. നാട്ടുകാർ ഭൂ സംരക്ഷണസമിതി രൂപവത്കരിച്ച് പ്രക്ഷോഭം സംഘടിപ്പിച്ചു. സെറ്റിൽമെന്റ് ഓഫീസറായ സബ് കളക്ടർ പലതവണ സിറ്റിങ് നടത്തിയെങ്കിലും പരാതി പൂർണമായി പരിഹരിക്കാൻ കഴിഞ്ഞിരുന്നില്ല. പട്ടയഭൂമിയുമായുള്ള അതിർത്തി നിർണയം പൂർത്തിയായതോടെ തർക്കങ്ങൾ പരിഹരിക്കാനാകുമെന്ന് കരുതുന്നു.
നീലക്കുറിഞ്ഞി സങ്കേതം
3200 ഹെക്ടർ ഭൂമി
ലോകത്തെ 18 ജൈവവൈവിദ്ധ്യ ഹോട്ട്സ്‌പോട്ടുകളിലൊന്നായി സഹ്യപർവതത്തെ കണക്കാക്കുന്നതിന്റെ ഒരു കാരണം 12 വർഷത്തിലൊരിക്കൽ പൂക്കുന്ന നീലക്കുറിഞ്ഞിയുടെ സാന്നിദ്ധ്യമാണ്. 2018ലാണ് ഒടുവിൽ കുറിഞ്ഞി പൂത്തത്. ഈ മേഖലയുടെ ജൈവ വൈവിദ്ധ്യത്തെ നിലനിറുത്തുന്നതിൽ കുറിഞ്ഞിച്ചെടികൾക്ക് പ്രധാനപങ്കുണ്ട്. ഇതു തിരിച്ചറിഞ്ഞാണ് സർക്കാർ നീലക്കുറിഞ്ഞി സംരക്ഷണത്തിന് 1972ലെ വനം വന്യജീവി സംരക്ഷണ നിയമപ്രകാരം ദേവികുളം താലൂക്കിലെ 3200 ഹെക്ടർ ഭൂമി നീലക്കുറിഞ്ഞി സങ്കേതത്തിനായി ഉദ്ദേശവിജ്ഞാപനം പുറപ്പെടുവിച്ചത്.