സ്വകാര്യ ബസുകളുടെ മരണപ്പാച്ചിൽ : മോട്ടോർവാഹനവകുപ്പ് പരിശോധന
തലയോലപ്പറമ്പ് : സ്വകാര്യ ബസുകളുടെ മരണപ്പാച്ചിലിൽ അപകടങ്ങൾ തുടർച്ചയായതോടെ മോട്ടോർ വാഹനവകുപ്പ് അധികൃതർ പരിശോധന നടത്തി. കോട്ടയം എൻഫോഴ്സ്‌മെന്റ് ആർ.ടി.ഒ യുടെ സ്‌പെഷ്യൽ സ്‌ക്വാഡിന്റെ നേതൃത്വത്തിലാണ് തലയോലപ്പറമ്പ്, വൈക്കം ബസ് സ്റ്റാൻഡിൽ പരിശോധന നടത്തിയത്. ഇന്നലെ രാവിലെ 9.30 മുതൽ ആരംഭിച്ച പരിശോധന വൈകിട്ട് 4 വരെ നീണ്ടു. 60 ബസുകൾ പരിശോധിച്ചു. 40 ബസുകൾക്കെതിരെ നിയമനടപടികൾ സ്വീകരിച്ചു. പെർമിറ്റില്ലാത്തവ, കണ്ടക്ടർ ലൈസൻസില്ലാത്തത്, ട്രിപ്പ് മുടക്കിയ ബസുകൾ, ഡോറുകൾ തുറന്ന് സർവീസ് നടത്തിയ ബസുകൾ, സ്പീഡ് ഗവേണർ വിച്ഛദിച്ച് സർവീസ് നടത്തിയവ, ജി.പി.എസ് സംവിധാനമില്ലാത്തത് തുടങ്ങിയവ കണ്ടെത്തി. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് അധികൃതർ പറഞ്ഞു. കോട്ടയം എൻഫോഴ്സ് മെന്റ് ആർ.ടി.ഒ കെ.ഷിബു, എം.വി.ഐ ആർ.ടി.ഒ രഞ്ജിത്ത് തുടങ്ങിയവരുടെ നേതൃത്വത്തിൽ 6 സ്‌ക്വാഡുകളായി തിരിഞ്ഞായിരുന്നു പരിശോധന. അതേസമയം വെള്ളിയാഴ്ച വൈകിട്ട് തലയോലപ്പറമ്പ് ബസ് സ്റ്റാൻഡിന് സമീപം വയോധികയെ ഇടിച്ച ആവേ മരിയ ബസ് കസ്റ്റഡിയിൽ എടുത്തു. ഡ്രൈവർ വൈക്കം പുലിയാട്ട്ചിറയിൽ ധനീഷിനെതിരെ തലയോലപ്പറമ്പ് പൊലീസ് കേസെടുത്തു.