പപ്പട വിപണി ഉണർന്നിട്ടുണ്ടേ

Sunday 24 August 2025 2:08 AM IST

പപ്പട നിർമ്മാണക്കാർക്കിനി പ്രതീക്ഷയുടെ കാലം

വെഞ്ഞാറമൂട്: ഓണം പൊടി പൊടിക്കാൻ പപ്പട വിപണി ഉണർന്നുകഴിഞ്ഞു. ഓണക്കാലം പപ്പട നിർമ്മാണ കുടുംബങ്ങൾക്ക് പ്രതീക്ഷയുടെ നാളുകളാണ്. മുൻപ് നിരവധി കുടുംബങ്ങൾ പപ്പട നിർമ്മാണം നടത്തി ഉപജീവനമാർഗം നടത്തിയിരുന്നെങ്കിൽ ഇപ്പോൾ അത് വളരെ കുറച്ച് മാത്രമായി ചുരുങ്ങി. വെഞ്ഞാറമൂട്, കല്ലറ, കാരേറ്റ്, ഭരതന്നൂർ, കിളിമാനൂർ, നഗരൂർ, പോങ്ങനാട് എന്നിവിടങ്ങളിലാണ് കൂടുതലായും പപ്പട നിർമ്മാണ കുടുംബങ്ങളുള്ളത്. ഓണമെത്തിയതോടെ വലിയ പ്രതീക്ഷയിലാണിവർ. 20 മുതൽ 50 രൂപ വരെയുള്ള പായ്ക്കറ്റുകളാണ് വിപണിയിലെത്തുന്നത്. കൊവിഡുകാലത്ത് രണ്ട് - മൂന്ന് വർഷങ്ങളോളം ഈ മേഖലയ്ക്ക് കനത്ത തിരിച്ചടി നേരിടേണ്ടി വന്നിരുന്നു. ഓണം, വിഷുക്കാലമാണ് ഇവർക്ക് ഭേദപ്പെട്ട വരുമാനം ലഭിക്കുന്നത്.വൻകിട കമ്പനികൾ മെഷിനറി ഉപയോഗിച്ച് വൻതോതിൽ പപ്പടം നിർമ്മാണം നടത്തുന്നുണ്ടെങ്കിലും പ്രാദേശികമായി വീടുകളിൽ തന്നെ ഉണ്ടാക്കുന്ന പപ്പടങ്ങൾക്ക് ആവശ്യക്കാരേറെയാണ്.

വിലവർദ്ധനവ് പ്രതിസന്ധിയിലാക്കി

ആദ്യകാലങ്ങളിൽ 20 രൂപയുടെ പായ്ക്കറ്റിൽ 15 - 18 പപ്പടങ്ങൾ ഉണ്ടായിരുന്നതിപ്പോൾ 10-12 എണ്ണമായി കുറഞ്ഞു. വീടുകളിൽ ഉണ്ടാക്കി ഉണക്കിയെടുക്കുന്ന പപ്പടം പായ്ക്കറ്റുകളിലായി കടകളിലും ഹോട്ടലുകളിലും നൽകുന്നതിന് പുറമെ കാറ്ററിംഗ് കമ്പനികൾക്ക് വൻതോതിൽ നിർമ്മിച്ചുനൽകുന്ന സംഘങ്ങളും ജില്ലയിലുണ്ട്. 130 രൂപയുള്ള ഉഴുന്നിന് 200 രൂപയായതും അസംസ്‌കൃത വസ്തുക്കളുടെ വിലവർദ്ധന, തോരാത്ത മഴ എന്നിവ പപ്പട നിർമ്മാണ മേഖലയെ പ്രതിസന്ധിയിലാക്കുന്നുണ്ട്.

ചെറുതും വലുതുമായി സാധാരണ പപ്പടങ്ങൾക്ക് പുറമെ മസാല പപ്പടം പോലുള്ള വിവിധ രുചിയിലുള്ള പപ്പടങ്ങളും വിപണിയിലുണ്ട്.