യു.എസിലെ അനധികൃത കുടിയേറ്റക്കാരെ കൊണ്ടുതള്ളുന്നത് ഈ രാജ്യങ്ങളിൽ, പ്രതിഷേധം ശക്തം
വാഷിംഗ്ടൺ: അമേരിക്കൻ ചരിത്രത്തിൽ തന്നെ കണ്ടിട്ടില്ലാത്ത തരത്തിലുളള കുടിയേറ്റ വിരുദ്ധ നയങ്ങൾ കർശനമായി നടപ്പാക്കുമെന്ന് ആഹ്വാനം നടത്തി അധികാരത്തിൽ എത്തിയ പ്രസിഡന്റാണ് ഡൊണാൾഡ് ട്രംഫ്. എന്നാൽ അധികാരത്തിൽ എത്തി ദിവസങ്ങൾക്കകം നിയമവിരുദ്ധമായുളള കുടിയേറ്റക്കാരെ വിലങ്ങ് അണിയിച്ച് മനുഷത്വ രഹിതമായ രീതിയിൽ സ്വന്തം രാജ്യങ്ങളിലേക്ക് അയക്കുന്നതും വിവാദമായിരുന്നു.
തുടർന്ന് പല സംസ്ഥാനങ്ങളിലും കുടിയേറ്റക്കാരെ പാർപ്പിക്കാൻ വമ്പൻ തടവറകൾ പണിയുകയായിരുന്നു.
എന്നാൽ ഇപ്പോൾ അനധികൃത കുടിയേറ്റക്കാരെ ആഫ്രിക്കൻ ഭൂഖണ്ഡങ്ങളിൽ തള്ളാനുളള തീരുമാനമാണ് ചർച്ചയാകുന്നത്. ഉഗാണ്ട, ഡെമോക്രാറ്റിക് റിപ്പബിക് ഓഫ് കോൺഗോ, ദക്ഷിണ സുഡാൻ, സുഡാൻ തുടങ്ങിയ രാജ്യങ്ങളിലേക്ക് ആയിരിക്കും അമേരിക്കൻ കുടിയേറ്റക്കാരെ ആദ്യം നാട് കടത്തുക എന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ, യു.എൻ. റിപ്പോർട്ട് പ്രകാരം ഉഗാണ്ടയിൽ തന്നെ ഇപ്പോൾ ഏതാണ്ട് 17 ലക്ഷം അനധികൃത കുടിയേറ്റക്കാരുണ്ട്. നിലവിൽ ആഫ്രിക്കയിൽ ഏറ്റവും കൂടുതൽ കുടിയേറ്റക്കാരെ പാർപ്പിച്ചിരിക്കുന്ന രാജ്യമാണ് ഉഗാണ്ട.
ലൈബീരിയ, സെനഗൽ, ഗാബോൺ, മൗറീറ്റാന തുടങ്ങിയ രാജ്യങ്ങളെയും കുടിയേറ്റക്കാരെ പാർപ്പിക്കാൻ അമേരിക്ക സമീപിച്ചിരുന്നു. എന്നാൽ ചർച്ചകൾ സജീവമാണെന്നും, യു. എസിനെ പ്രകോപിപ്പിക്കാതെ തീരുമാനങ്ങൾ എടുത്താൽ മതിയെന്നുമാണ് ഈ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രാലയങ്ങൾ പറയുന്നത്.
2024 ലെ പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽ പറയാത്ത കൂടിയേറ്റ നയങ്ങൾ ക്രൂരവും പെശാചികവുമായി നടത്താൻ ശ്രമിക്കുന്നതിലൂടെ ലോക രാജ്യങ്ങൾക്കിടയിൽ അമേരിക്കൻ മൂല്യങ്ങൾ ഇടിയുമെന്ന് സെനറ്റർമാർ മുന്നറിയിപ്പും നൽകിയിരുന്നു. എന്നാൽ ഇത്തരം കർശന നടപടികളിലൂടെ അമേരിക്കൻ ജനതയുടെ ഇടയിൽ തന്റെ ജനപ്രീതി വർദ്ധിക്കുമെന്ന ശുഭപ്രതീക്ഷയിലാണ് ഡൊണാൾഡ് ട്രംഫ്.