വൈദ്യപരിശോധനയ്ക്കിടെ മെഡിക്കൽ കോളേജിൽനിന്ന് രക്ഷപെട്ട മോഷ്ടാവ് അറസ്റ്റിൽ

Sunday 24 August 2025 2:20 AM IST

കളമശേരി: വൈദ്യപരിശോധനയ്ക്കിടെ കളമശേരി മെഡിക്കൽകോളേജിൽ നിന്ന് പൊലീസിനെ വെട്ടിച്ച് കടന്ന പ്രതിയെ പിടികൂടി. മോഷണക്കേസിൽ തൃക്കാക്കര പൊലീസ് കസ്റ്റഡിയിലെടുത്ത പശ്ചിമബംഗാൾ സ്വദേശി അസദുള്ളയാണ് (25) ആശുപത്രിയിൽനിന്ന് കടന്നത്. ഇന്നലെ ഉച്ചയ്ക്ക് 2നായിരുന്നു സംഭവം.

കൊച്ചി ‌മെട്രോയുടെ രണ്ടാംഘട്ട നിർമ്മാണം നടക്കുന്ന സൈറ്റിൽനിന്ന് ബാറ്ററിയും കോപ്പർ കേബിളുകളും കവർന്ന കേസിലാണ് തൃക്കാക്കര പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കുന്നതിന് മുന്നോടിയായി വൈദ്യപരിശോധനയ്ക്കാണ് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചത്. വിലങ്ങ് അഴിച്ചപ്പോഴാണ് പൊലീസിന്റെ കണ്ണുവെട്ടിച്ച് കടന്നത്.

തൃക്കാക്കര, കളമശേരി പൊലീസ് സംഘങ്ങൾ സംയുക്തമായി നടത്തിയ തെരച്ചിലിൽ കങ്ങരപ്പടി ഭാഗത്തുനിന്നാണ് പിടികൂടിയത്. കസ്റ്റഡിയിൽനിന്ന് കടന്നതിന് കളമശേരി പൊലീസ് കേസെടുത്തു. മോഷണക്കേസിൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.