തീരപ്രദേശം കൈയടക്കി തെരുവുനായ്ക്കൾ
പൂവാർ: തീരപ്രദേശത്ത് തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ. പൂവാർ, കരുംകുളം,കോട്ടുകാൽ പഞ്ചായത്തുകളിലാണ് തെരുവുനായ്ക്കൾ കൂടുതലെന്ന് പ്രദേശവാസികൾ പറയുന്നു. പൂവാറിലെ ഗോൾഡൻ ബീച്ച്, ഇ.എം.എസ് കോളനി, വരവിളത്തോപ്പ്, എരിക്കലുവിള, പാമ്പുകാല, അരുമാനൂർ സ്കൂൾ ജംഗ്ഷൻ, പട്യക്കാല, പൂവാർ കെ.എസ്.ആർ.ടി.സി ഡിപ്പോ,ആശുപത്രി ജംഗ്ഷൻ,മാർക്കറ്റ് ജംഗ്ഷൻ തുടങ്ങിയ പ്രദേശങ്ങളിലും, കരുംകുളം ഗ്രാമപഞ്ചായത്തിലെ പുതിയതുറ, കൊച്ചുതുറ,കല്ലുമുക്ക്, കരുംകുളം, ചെമ്പകരാമൻതുറ, പുല്ലുവിള തുടങ്ങിയ പ്രദേശങ്ങളിലും കോട്ടുകാൽ ഗ്രാമ പഞ്ചായത്തിലെ അമ്പലത്തുമൂല അടിമലത്തുറ പ്രദേശങ്ങളിലുമാണ് തെരുവ് നായ്ക്കളുടെ വിഹാരകേന്ദ്രം.
തീരപ്രദേശത്ത് പകൽവെളിച്ചത്തിൽ പോലും പുറത്തിറങ്ങി നടക്കാൻ നാട്ടുകാർക്ക് ഭയമാണ്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകാത്ത നേരങ്ങളിൽ വെളിം പ്രദേശങ്ങളിൽ വിശ്രമിക്കുന്നതും, ലഘു വിനോദങ്ങളിൽ ഏർപ്പെടുന്നതും, രാത്രികാലങ്ങളിൽ മണൽപരപ്പിൽ ഉറങ്ങുന്നതും പതിവായിരുന്നു. എന്നാൽ അതെല്ലാ ഇപ്പോൾ തെരുവുനായ്ക്കളെ ഭയന്ന് ഇല്ലാതായി. തെരുവുനായ്ക്കൾ കാരണം തീരപ്രദേശത്ത് രൂക്ഷമായ പ്രതിസന്ധി ഉടലെടുത്തിട്ടും ഫലപ്രഥമായ രീതിയിൽ പ്രതിരോധ പ്രവർത്തനങ്ങൾ നടത്താൻ അധികൃതർക്കാകുന്നില്ലെന്ന് ആക്ഷേപമുണ്ട്.
എ.ബി.സി പദ്ധതി അനിശ്ചിതത്വത്തിൽ
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൻ കുടുംബശ്രീകൾ വഴി നടപ്പാക്കിവന്നിരുന്ന എ.ബി.സി (അനിമൽ ബർത്ത് കൺട്രോളിംഗ്) പദ്ധതി നിന്നുപോയതും, തീരത്ത് അറവ് മാലിന്യങ്ങൾ കൊണ്ട് തള്ളുന്നത് നിയന്ത്രിക്കാൻ അധികൃതർക്ക് ആകാത്തതും തീരദേശത്ത് തെരുവ് നായ്ക്കൾ നാൾക്കുനാൾ വർദ്ധിക്കുന്നതിന് കാരണമാകുന്നതായി നാട്ടുകാർ പറയുന്നു.
പ്രതിരോധത്തിന് പ്രതിസന്ധി വീടുകളിൽ വളർത്തുന്ന നായ്ക്കൾക്ക് അസുഖങ്ങൾ പിടിപെടുമ്പോൾ അവയെ ഉപേക്ഷിക്കുന്നത് പതിവാണ്. അടുത്ത നാളുകളിൽ ആക്രമണകാരികളായ നായ്ക്കളിൽ പലതും വീട്ടുകാരെ കടിച്ച ശേഷം പുറത്തിറങ്ങി നാട്ടുകാരെ ആക്രമിക്കുകയായിരുന്നുവെന്ന് മൃഗസംരക്ഷണ വകുപ്പിലെ ജീവനക്കാരും ജനപ്രതിനിധികളും പറയുന്നു. വളർത്ത് നായ്ക്കൾക്ക് ലൈസൻ ഇല്ലാത്തതിനാൽ ഇവയെ തിരിച്ചറിയാൻ കഴിയാറില്ലാത്തതും പ്രതിരോധത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
ആക്രമണകാരികളായി തെരുവുനായ്ക്കൾ
വർഷങ്ങൾക്ക് മുമ്പ് പ്രാഥമികാവശ്യത്തിനായി തീരത്തുപോയ ശിലുവമ്മ എന്ന വൃദ്ധയെ തെരുവ് നായ്ക്കൾ കൂട്ടം ചേർന്ന് കടിച്ചുകീറി കൊന്നു. 2019ൽ പൂവാറിലെ വരവിളത്തോപ്പ്, എരിക്കലുവിള ഭാഗത്ത് 15ഓളം പേരെ തെരുവ് നായ്ക്കൾ ആക്രമിച്ചിരുന്നു. പൂവാർ,പുല്ലുവിള ഗവ. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ മാസത്തിൽ ഒന്നോ രണ്ടോ തവണയെങ്കിലും നാലും അഞ്ചും പേർക്ക് കടിയേറ്റതായി റിപ്പോർട്ടുണ്ട്. കഴിഞ്ഞവർഷം പൂവാറിലെ പാമ്പുകാലയിൽ 25ഓളം പേരും കരുംകുളത്ത് 9പേരുമാണ് തെരുവ് നായ്ക്കളുടെ ആക്രമണത്തിന് വിഥേയരായത്. ഇവർക്ക് തുടർ ചികിത്സ ധനസഹായമോ, നഷ്ടപരിഹാരമോ ലഭിച്ചിട്ടുമില്ല.